പതിറ്റാണ്ടുകളായി മലയാളത്തിലെ വന്മരങ്ങളായി നിലകൊള്ളുന്ന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. 1971 ല്‍ അരങ്ങേറ്റം കുറിച്ച മമ്മൂട്ടിയും 1978 ല്‍ വെള്ളിത്തിരയിലെത്തിയ മോഹന്‍ലാലും അഭിനയത്തിലും ബോക്‌സ് ഓഫീസിലും ഇന്നും യുവതാരങ്ങള്‍ക്ക് ഭീഷണിയാണ്. ഓണ്‍സ്‌ക്രീനിന് പുറമെ ഓഫ് സ്‌ക്രീനിലും യൂത്തിന് യാതൊരു സ്‌പേസും നല്‍കാതെയാണ് ഇരുവരും തങ്ങളുടെ ശക്തി തെളിയിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും പത്മവിഭൂഷണും നേടി മമ്മൂക്ക വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ മീശയെടുത്ത തന്റെ പുതിയ ലുക്കും മലയാളത്തിലും അന്യഭാഷകളിലും വരാനിരിക്കുന്ന തന്റെ വമ്പന്‍ ചിത്രങ്ങളുടെ ലൈനപ്പും കൊണ്ട് ലാലേട്ടന്‍ സോഷ്യല്‍ മീഡിയക്ക് തീയിട്ടിരുന്നു.
കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന എഴുപതാമത് ഫിലിം ഫെയര്‍ അവാര്‍ഡ്‌സില്‍ ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടുന്ന മലയാള താരമെന്ന തന്റെ റെക്കോര്‍ഡ് തിരുത്തിക്കൊണ്ട് കരിയറിലെ പതിനാറാമത്തെ പുരസ്‌കാരമാണ് താരം സ്വന്തമാക്കിയത്. മലയാളത്തില്‍ തന്റെ സമകാലികനായ മോഹന്‍ലാലിന് ഒമ്പത് തവണ ഫിലിം ഫെയര്‍ ലഭിച്ചപ്പോള്‍ അതിന്റെ ഇരട്ടിയോളം മമ്മൂക്ക സ്വന്തമാക്കി എന്ന പ്രത്യേകതയുമുണ്ട്.
മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ജയറാം തുടങ്ങിയവര്‍ ഒന്നിച്ച് പതിനാല് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയപ്പോള്‍ മമ്മൂട്ടി തനിച്ച് പതിനാറ് അവാര്‍ഡ് സ്വന്തമാക്കിയെന്ന പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. 1984 ല്‍ എം.ടിയുടെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത അടിയൊഴുക്കിലൂടെയാണ് മമ്മൂട്ടി തന്റെ ആദ്യ ഫിലിം അവാര്‍ഡ് സ്വന്തമാക്കിയത്. ഇതൊരു തുടക്കമാണെന്ന സൂചന നല്‍കിക്കൊണ്ട് തൊട്ടടുത്ത വര്‍ഷം 1985 ല്‍ യാത്രയിലൂടെ താരം രണ്ടാമത്തെ പുരസ്‌കാരവും സ്വന്തമാക്കി.
പിന്നീട് 1990 ല്‍ വൈക്കം മുഹമ്മദ് ബഷീറായി മതിലുകളിലും 91 ല്‍ അച്ചൂട്ടിയായി അമരത്തിലും താരം ഫിലിം ഫെയറില്‍ മുത്തമിട്ടു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 1997 ല്‍ മോഹനചന്ദ്രനായി ഭൂതക്കണ്ണാടിയിലും അവിടെ നിന്നും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2000 ല്‍ അരയന്നങ്ങളുടെ വീടിലും താരം ഫോം നിലനിര്‍ത്തി. പിന്നീട് 2004, 2006 വര്‍ഷങ്ങളില്‍ കാഴ്ച്ചക്കും കറുത്ത പക്ഷികള്‍ക്കും യഥാക്രമം മികച്ച നടനായി താരം തെരഞ്ഞെടുക്കപ്പെട്ടു.
2006 ല്‍ ഫിലിം ഫെയറിന്റെ ലെജന്റ്‌സ് ഹോണര്‍ സ്‌പെഷ്യല്‍ അവാര്‍ഡിന് അര്‍ഹനായ താരം പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍, വര്‍ഷം, പത്തേമാരി, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ ദ കോര്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ കുതിപ്പ് തുടര്‍ന്ന് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലൂടെ ലീഡ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
ജിതിന്‍.കെ. ജോസ് സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ കളങ്കാവലില്‍ പ്രതിനായകനായി അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച താരം വരാനിരിക്കുന്ന ഫിലിം ഫെയറില്‍ ശക്തമായ മത്സരമാണ് മറ്റ് നോമിനികള്‍ക്ക് നല്‍കാന്‍ പോകുന്നതെന്നുറപ്പാണ്. അടൂരിനൊപ്പമൊരുങ്ങുന്ന പദയാത്രയും മറ്റ് ഒട്ടനവധി ചിത്രങ്ങളും താരത്തിന്റെ ലീഡ് വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല.
Content Highlight: Mammootty gets 16 film fare awards while others are far behind
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.