താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇതുപോലെയാകില്ല; ലിജോ ജോസ് പെല്ലിശ്ശേരിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനി
Film News
താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇതുപോലെയാകില്ല; ലിജോ ജോസ് പെല്ലിശ്ശേരിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th February 2022, 6:16 pm

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒരു പോസ്റ്റര്‍ പോലും പുറത്തുവരാത്ത ചിത്രത്തിന് വന്‍ഹൈപ്പാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

മമ്മൂട്ടി കമ്പനിയെന്ന ബാനറില്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. മമ്മൂട്ടി കമ്പനി തനിക്ക് നന്ദി പറഞ്ഞ് അയച്ച കത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് പെല്ലിശ്ശേരി.

‘നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഭാഗമായതിന് നന്ദി. താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇതുപോലെയാകില്ലായിരുന്നു. നിങ്ങളുടെ കഴിവിനും പരിശ്രമത്തിനും ഞങ്ങള്‍ നല്‍കുന്ന ആദരമാണ് ഈ സമ്മാനങ്ങള്‍,’ എന്നാണ് കത്തില്‍ കുറിച്ചിരുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി തന്നെ കഥയെഴുതിയ നന്‍പകല്‍ നേരത്തിന് മയക്കത്തിന് എസ്. ഹരീഷ് ആണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.

പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രിയില്‍ കള്ളനുമായ വേലന്‍ എന്ന നകുലനായിട്ടാണ് നന്‍പകന്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. മുഖത്ത് കരി പുരണ്ട്, കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ച മമ്മൂട്ടിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.

മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. തേനി ഈശ്വറാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ക്യാമറ.

അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഭീഷ്മ പര്‍വ’മാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം. മാര്‍ച്ച് മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്. ‘പുഴു’, ‘ബിലാല്‍’, ‘സി.ബി.ഐ 5’ എന്നീ ചിത്രങ്ങളാണ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍


Content Highlight: Mammootty Company thanks Lijo Jose Pellissery