മലയാളിയുടെ പ്രിയപ്പെട്ട നടനായി എക്കാലവും നമ്മളെല്ലാം ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന മമ്മൂട്ടി നമ്മുടെ ടൗണ്‍ഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടണമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കെ. റഫീഖ്
കല്‍പ്പറ്റ: നടന്‍ മമ്മൂട്ടി വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചതായി കെ. റഫീഖ് പറഞ്ഞു.
ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ മമ്മൂട്ടി തന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കണ്‍സേണ്‍, വ്യക്തിപരമായി അപമാനിക്കുന്ന നിലയില്‍ ചില മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം വഷളാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മൂട്ടി അവിടെ എത്തുമ്പോള്‍ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അവിടെ ഇടപെട്ടത്. തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിലുള്ള ഇടപെടലായിരുന്നു അത്. ഇത്തരം ഇടപെടലുകള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കണ്‍സേണ്‍ ആണ് മമ്മൂട്ടി തന്നോട് പങ്കുവെച്ചതെന്നും കെ. റഫീഖ് പറഞ്ഞു.
ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ടൗണ്‍ഷിപ്പില്‍ വരുന്നവരെ, നമ്മള്‍ അവിടെയുണ്ടെങ്കില്‍ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. പക്ഷെ അത് മറ്റൊരു നിലയില്‍ വായിക്കപ്പെട്ടേക്കാം എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
ഈ വിഷയത്തില്‍ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാല്‍ ഒരു സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്‌നേഹത്തിലും പുടുത്തുയര്‍ത്ത, ലോകത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു ഇടപെടലിന്റെ തിളക്കം കുറയ്ക്കുന്ന നിലയില്‍ ഈ വിവാദങ്ങള്‍ വളരരുതെന്നും കെ. റഫീഖ് പറഞ്ഞു.
മലയാളിയുടെ പ്രിയപ്പെട്ട നടനായി എക്കാലവും നമ്മളെല്ലാം ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന മമ്മൂട്ടി നമ്മുടെ ടൗണ്‍ഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടണം. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും റഫീഖ് പ്രതികരിച്ചു.
മമ്മൂട്ടി മഹാനായ മലയാളിയാണ്. അദ്ദേഹം മനപൂര്‍വം തന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് തന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ആ വലുപ്പത്തില്‍ എല്ലാവരും ഈ വിഷയത്തെ കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമെന്നും റഫീഖ് ആവശ്യപ്പെട്ടു.
ദുരന്തം ജീവിതം താറുമാറാക്കിയ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് തിരിച്ചറിഞ്ഞാല്‍ പരിഭവങ്ങളും തര്‍ക്കങ്ങളും മാറ്റിവെച്ച് നമുക്ക് ചേര്‍ന്ന് നില്‍ക്കാന്‍ എന്താണ് തടസമെന്നും കെ. റഫീഖ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ (ശനി)യാണ് മമ്മൂട്ടി വയനാട് ടൗണ്‍ഷിപ്പില്‍ എത്തിയത്. മമ്മൂട്ടിയുടേത് തികച്ചും സ്വകാര്യമായ സന്ദര്‍ശനമായിരുന്നു.
എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന കെ. റഫീഖ് ഉള്‍പ്പെടെ ഒരുപാട് പേര്‍ മമ്മൂട്ടിയുടെ സമീപത്ത് എത്തിയിരുന്നു. ഇതിനിടെയാണ് മമ്മൂട്ടി റഫീഖിനോട് അതൃപ്തി രേഖപ്പെടുത്തിയത്. പിന്നീട് ഇത് മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
Content Highlight: Mammootty called on the phone; some media and right-wing cyber centers have aggravated the issue: K. Rafeeq