നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് 'ഡെമോക്രസി' എന്ന വാക്കിന്റെ അര്‍ത്ഥം അതാണ് ; മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി; വണ്ണിന്റെ പുതിയ ടീസര്‍ പുറത്ത്
movie teaser
നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് 'ഡെമോക്രസി' എന്ന വാക്കിന്റെ അര്‍ത്ഥം അതാണ് ; മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി; വണ്ണിന്റെ പുതിയ ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th March 2020, 5:22 pm

കൊച്ചി: മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടിയെത്തുന്ന വണ്ണിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു. ഇരുപത്തി ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നയം വ്യക്തമാക്കുന്നു എന്ന സിനിമക്ക് ശേഷം ആദ്യമായിട്ടാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു മന്ത്രിയായി വേഷമിടുന്നത്. അതും കേരളത്തിന്റെ മുഖ്യമന്ത്രിയായി.

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രിയാവുന്നത്.ചിത്രത്തിന് ബോബി-സഞ്ജയ് ടീം ആണ് തിരക്കഥ തയ്യാറാക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ഈ ചിത്രം തിരുവനന്തപുരത്താണ് പ്രധാനമായും ചിത്രീകരിക്കുന്നത്.

മലയാളത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നത്. മുമ്പ് തമിഴ് സിനിമയായ ”മക്കള്‍ ആട്ച്ചി”യില്‍ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. മമ്മൂട്ടി ഈ സിനിമ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ സിനിമ ഒഴിവാക്കുമായിരുന്നെന്നാണ് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറഞ്ഞത്.

മമ്മൂട്ടിയെ കൂടാതെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

DoolNews Video