മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും പുലർത്തുന്ന സൗഹൃദവും പരസ്പര ബഹുമാനവും എന്നും മലയാളികൾക്ക് പ്രചോദനമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മലയാള സിനിമയെ ഒരുപോലെ ഉയർത്തി നിർത്തുന്നതിലും, മലയാളികളുടെ അഭിമാനം ലോകത്തിന് മുന്നിൽ എത്തിക്കുന്നതിലും ഇരുവരും നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്.
ട്രെൻഡുകൾ സൃഷ്ടിക്കുന്നതിലും കാലത്തിനൊപ്പം മാറുന്നതിലും മമ്മൂട്ടിയും മോഹൻലാലും എന്നും മുന്നിലാണ്. ഇപ്പോഴിതാ അറുപത്തി നാലാമത് സംസ്ഥാന സ്കൂൾ കലോത്സവ സമാപന സമ്മേളന വേദിയിൽ മോഹൻലാൽ എത്തിയ വേഷവും സംസാരവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. കൈത്തറി ജുബ്ബയും കസവുമുണ്ടും ധരിച്ചെത്തിയ ലാലേട്ടൻ, കുട്ടികളെയും പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചു. കുട്ടികൾക്കായി അല്പം മീശ പിരിച്ചതാണെന്നും അദ്ദേഹം വേദിയിൽ സന്തോഷത്തോടെ പറഞ്ഞു.
‘എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയിൽ ഖദർ ധരിച്ചു, കുട്ടികൾക്കായി കുറച്ച് മീശ പിരിച്ചു. ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷമാണ്. കൈത്തറിക്ക് വേണ്ടി ഗുഡ്‌വിൽ അംബാസിഡറായിരുന്നു. മന്ത്രി പറഞ്ഞതനുസരിച്ചാണ് ഇങ്ങനെ തന്നെ വന്നത്,’ മോഹൻലാൽ പറഞ്ഞു.
മോഹൻലാലിന്റെ ഈ വേഷവും ലളിതമായ സംസാരവും പ്രേക്ഷകരെ ഒരുപാട് പേർക്ക് അറുപത്തി രണ്ടാമത് സംസ്ഥാന കലോത്സവ വേദിയിലേക്കാണ് ഓർമിപ്പിച്ചത്. അന്ന് ആ വേദിയിലെ വിശിഷ്ടാതിഥിയായിരുന്നത് ആരാധകരുടെ സ്വന്തം മമ്മൂട്ടിയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളും അന്നത്തെ വേഷവും പ്രേക്ഷക ഹൃദയം കീഴടക്കിയതായിരുന്നു.
മോഹൻലാൽ, മമ്മൂട്ടി , Photo: Mohanlal/Facebook
‘ഒരു യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ പോലും പങ്കെടുക്കാൻ സാധിക്കാത്ത ഞാൻ, ഇന്ന് നിങ്ങളുടെ മുന്നിൽ നിന്ന് സംസാരിക്കാനുള്ള അർഹത നേടിയിട്ടുണ്ടെങ്കിൽ, കലോത്സവത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും അവസരങ്ങളേറെയുണ്ട്. വിവേചനമില്ലാത്ത കലകളുടെ സംഗമമാണ് ഇത്തരം യൂത്ത് ഫെസ്റ്റിവലുകൾ,’ മമ്മൂട്ടി പറഞ്ഞു.
തുടർന്ന് അദ്ദേഹം തന്റെ വേഷത്തെക്കുറിച്ചും ലളിതമായി സംസാരിച്ചിരുന്നു.
‘സംസ്ഥാന സ്കൂൾ യുവജനോത്സവ സമാപന സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചപ്പോൾ, എന്നെപ്പോലുള്ള ഒരാൾക്ക് യുവജനങ്ങൾക്കിടയിൽ എന്ത് കാര്യമെന്നായിരുന്നു ആദ്യം ചിന്തിച്ചത്. മന്ത്രി പറഞ്ഞത് ഞാൻ ഇപ്പോഴും യുവാവാണെന്നാണ്. പക്ഷേ അത് കാഴ്ചയിൽ മാത്രമാണ്. ഇവിടെ വരാമെന്ന് തീരുമാനിച്ചപ്പോഴാണ് ഒരു വീഡിയോ കണ്ടത് ‘മമ്മൂട്ടി ഏത് വേഷത്തിലാണ് പരിപാടിക്ക് വരുക’ എന്നത്. യുവാവാകാൻ വേണ്ടി പുതിയ പാന്റ്സും ഷർട്ടും തയ്പിച്ചിരുന്നു. കൂളിങ് ഗ്ലാസും വയ്ക്കാമെന്നായിരുന്നു ആലോചന. എന്നാൽ, എല്ലാവരും പ്രതീക്ഷിക്കുന്നത് മുണ്ടും വെള്ള ഷർട്ടുമാണെന്ന് അറിഞ്ഞതോടെ അതിന് അനുസരിച്ച് അണിഞ്ഞൊരുങ്ങുകയായിരുന്നു,’ മമ്മൂട്ടി പറഞ്ഞു.
അന്ന് മമ്മൂട്ടിയും ഇന്ന് മോഹൻലാലും കലോത്സവ വേദിയിൽ നിറഞ്ഞുനിന്ന ആ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. ഇരുവരുടെയും വേഷവും സ്റ്റൈലും, കുട്ടികളുടെ ആഗ്രഹങ്ങൾക്ക് മുന്നിൽ വലിയ താരങ്ങൾ പോലും വഴങ്ങുന്ന ലാളിത്യവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
പിള്ളേർ പറഞ്ഞാൽ പിന്നെ കേൾക്കാതിരിക്കുമോ, ഇവരാണ് മലയാള സിനിമയുടെ നെടുംതൂൺ, ഇതാ ഈ ചെക്കെന്മാർ.. തുടങ്ങി നിരവധി കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു.
Content Highlight: Mammootty and Mohanlal’s style is being discussed on social media
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.