2016ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അഭിനേത്രിയാണ് മമിത ബൈജു. ഹണീബി 2, ഡാകിനി, വരത്തന്‍, സ്‌കൂള്‍ ഡയറി, വികൃതി, ഓപ്പറേഷന്‍ ജാവ, ഖോ ഖോ, തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലൂടെ പ്രത്യക്ഷപ്പെട്ട മമിതയുടെ കരിയര്‍ മാറ്റിമറിക്കുന്നത് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യയും പ്രേമലുവുമായിരുന്നു.

പ്രേമലു . Photo: X.com

നസ്‌ലെനും മമിതയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ റോം-കോം ചിത്രം പ്രേമലു തിയേറ്ററുകളില്‍ വലിയ ഹിറ്റായതോടെ തെന്നിന്ത്യയൊട്ടാകെ മമിതയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുകയായിരുന്നു. പിന്നാലെ തമിഴിലും സജീവമായ താരം പ്രദീപ് രംഗനാഥന്‍ നായകനായെത്തിയ ഡ്യൂഡിലൂടെ തമിഴിലും ശക്തമായ ഫാന്‍ ബേസ് സൃഷ്ടിച്ചെടുത്തിരുന്നു. പിന്നീട് വമ്പന്‍ പ്രൊജക്ടുകളിലാണ് മമിത ഭാഗമായത്. വിജയ്‌യുടെ അവസാന ചിത്രമായ ജനനായകനില്‍ താരത്തിന്റെ സഹോദരിയായിട്ടാണ് മമിത വേഷമിടുന്നത്. അതേസമയം ധനുഷിന്റെ നായികയായി കരയിലും സൂര്യയുടെ നായികയായി വിശ്വനാഥന്‍ ആന്റ് സണ്‍സിലും മമിത വേഷമിടുന്നുണ്ട്.

കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് സംസാരിക്കവെ തന്റെ കരിയറിനെക്കുറിച്ച് താരം പരാര്‍ശിച്ചിരുന്നു, മലയാള സിനിമയില്‍ സ്വാഭാവ നടിയായിട്ടായിരുന്നു തന്റെ തുടക്കമെന്നും പിന്നീട് പടി പടിയായി നായിക വേഷത്തിലെക്കെത്തുകയായിരുന്നുമെന്നുമാണ് താരം പറഞ്ഞിരുന്നത്. കാര്യങ്ങള്‍ സമയമെടുത്ത് ചെയ്യുന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും നമുക്ക് കിട്ടാനുള്ളത് കൃത്യസമയത്ത് നമ്മളില്‍ എത്തിച്ചേരുമെന്നും താരം പറയുന്നു.

സൂര്യക്കൊപ്പം അഭിനയിച്ച വിശ്വനാഥന്‍ ആന്റ് സണ്‍സിനെക്കുറിച്ചും താരം സംസാരിച്ചു. ചിത്രത്തിന് വളരെ ശക്തമായ ഒരു ഉള്ളടക്കമുണ്ടെന്നും ഇത് കോമഡിയുമായി ഇഴകിചേര്‍ന്നതിനാല്‍ ഒരു കംപ്ലീറ്റ് എന്റര്‍ടെയിനറായി ചിത്രം മാറുമെന്നും മമിത പറയുന്നു. തിയേറ്ററുകളില്‍ ചിത്രം എല്ലാവര്‍ക്കും ജോളിയായിട്ടുള്ള അനുഭവമായിരിക്കുമെന്നും താന്‍ പറയുന്നത് വിശ്വാസിക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു.

കര. Photo: X.com

ജനനായകനില്‍ ആക്ഷന് പ്രാധാന്യമുള്ള വേഷമാണ് മമിത കൈകാര്യം ചെയ്യുന്നത്. വിശ്വനാഥന്‍ ആന്റ് സണ്‍സില്‍ ക്രേസി ആയിട്ടുള്ള കഥാപാത്രത്തെയാണ് മമിത കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ നേരത്തേ പുറത്തുവന്ന ട്രെയ്‌ലറിലെ മമിതയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം കരയില്‍ അഭിനയപ്രാധാന്യമുള്ള സെല്ലി എന്ന കഥാപാത്രവുമായാണ് താരമെത്തുക.

Content Highlight: Mamitha Talks about her career and Vishwanathan and Sons Movie