ഓപ്പറേഷൻ ജാവയിലെ അൽഫോൺസ മുതൽ പ്രേമലുവിലെ റീന വരെ
Film News
ഓപ്പറേഷൻ ജാവയിലെ അൽഫോൺസ മുതൽ പ്രേമലുവിലെ റീന വരെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th February 2024, 9:04 pm

വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാള സിനിമയിൽ തന്റേതായ ഒരിടം സൃഷ്ടിച്ച നടിയാണ് മമിത ബൈജു. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെയാണ് മമിത എന്ന നടിയെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. ചിത്രത്തിൽ ബാലു വർഗീസിനെ പ്രണയിച്ച് ഒഴിവാക്കി പോകുന്ന ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

ഇതോടെ താരത്തിന്റെ കഥാപാത്രത്തെ വിമർശിച്ചുകൊണ്ട് നിരവധി ആളുകൾ വന്നിരുന്നെങ്കിലും പിന്നീടുള്ള ചിത്രങ്ങളിലൂടെ മമിത തന്റേതായ ഒരു ഒരിടം സൃഷ്ടിച്ചു. അൽഫോൺസ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്.

പിന്നീട് മലയാളി പ്രേക്ഷകർ ഏറെ ശ്രദ്ധിച്ച ചിത്രമായിരുന്നു ഗിരീഷ് സംവിധാനം ചെയ്ത സൂപ്പർ ശരണ്യ. ചിത്രത്തിൽ അനശ്വരയുടെ കൂടെ നിഴലായി സഞ്ചരിക്കുന്ന കൂട്ടുകാരിയുടെ കഥാപാത്രമാണ് മമിത ചെയ്തത്. ചിത്രത്തിലെ സോന എന്ന കഥാപാത്രം മമിത എന്ന നടിയുടെ ജീവിതത്തിൽ ഏറെ നിർണായകമായ ഒരു കഥാപാത്രമായിരുന്നു.

ഒരു നാലംഗ സംഘത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ തലവൻ ആയിരുന്നത് സോനാരെ എന്ന് സ്നേഹത്തോടെ വിളിക്കുന്ന മമിതയുടെ കഥാപാത്രമായിരുന്നു. അനശ്വര അവതരിപ്പിച്ച ശരണ്യയുടെ പ്രണയത്തിന് ആദ്യം വിലങ്ങുതടിയാകുന്നതും പിന്നീട് കൂട്ടുനിൽക്കുന്നതും മമിതയായിരുന്നു. ഒരു കോമഡി ലൈനിലുള്ള കഥാപാത്രമായിരുന്നു സോനയുടേത്. കോളേജ് പശ്ചാത്തലത്തിലുള്ള ഈ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗിരീഷ് സംവിധാനം ചെയ്യുന്ന മമിത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രേമലു’. ജോലിചെയ്യുന്ന നാലാളുടെ ഇടയിൽ സംഭവിക്കുന്ന പ്രണയവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥയുമാണ് പ്രേമലു പറയുന്നതെന്നാണ് ട്രെയ്ലറിലൂടെ വ്യക്തമാകുന്നത്. നസ്ലിൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ റീന എന്ന കഥാപാത്രത്തെയാണ് മമിത ബൈജു അവതരിപ്പിക്കുന്നത്.

ഗിരീഷിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രമായതിനാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് പ്രേമലുവിനെ കാത്തിരിക്കുന്നത്. മമിത എന്ന നടിയെ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് ചിത്രങ്ങളാണ് ഓപ്പറേഷൻ ജാവയും സൂപ്പർ ശരണ്യയും അതുപോലെ ഏറെ നായിക പ്രാധാന്യമുള്ള ചിത്രമാണ് പ്രേമലു എന്നാണ് പ്രേക്ഷകർ നിരീക്ഷിക്കുന്നത്.

അതുപോലെ 2023ൽ ഏറെ ശ്രദ്ധിക്കപ്പെട്ട മമിതയുടെ മറ്റൊരു കഥാപാത്രമാണ് പ്രണയവിലാസത്തിലെ ഗോപികയുടേത്. അർജുൻ അശോകന്റെ പ്രണയനിയായി ചിത്രത്തിൽ എത്തുന്ന മമിതക്ക് കൃത്യമായ ക്യാരക്ടർ സ്പേസ് ഉണ്ട്. അർജുൻ അശോകന്റെ കഥാപാത്രത്തിന് നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്ന പ്രണയിനിയാണ് ഗോപിക.

ഈ ചിത്രങ്ങൾക്ക് എല്ലാം പുറമേ രജിഷ വിജയൻ നായികയായ കോ ആൻഡ് കോ, നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങളിലും  വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ മമിത അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight: Mamitha baiju’s three movie’s character’s