ഇന്ത്യാ ബ്ലോക്കിന്റെ ചുമതല മമതക്ക് നല്‍കണം: രാഹുല്‍ ഗാന്ധിയോട് മണിശങ്കര്‍ അയ്യര്‍; രാജ്യസഭാ സീറ്റ് മോഹിച്ചാണോയെന്ന് കോണ്‍ഗ്രസ്
India
ഇന്ത്യാ ബ്ലോക്കിന്റെ ചുമതല മമതക്ക് നല്‍കണം: രാഹുല്‍ ഗാന്ധിയോട് മണിശങ്കര്‍ അയ്യര്‍; രാജ്യസഭാ സീറ്റ് മോഹിച്ചാണോയെന്ന് കോണ്‍ഗ്രസ്
അനിത സി
Sunday, 22nd February 2026, 10:51 pm

ന്യൂദല്‍ഹി: ഇന്ത്യാ ബ്ലോക്കിന്റെ തലപ്പത്ത് വരേണ്ടത് പ്രാദേശിക പാര്‍ട്ടി നേതാക്കളാണെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.

ഇന്ത്യാ ബ്ലോക്കിന്റെ കരുത്ത് പ്രാദേശിക പാര്‍ട്ടികളാണെന്നും മമത ബാനര്‍ജിയാണ് ഇന്ത്യാ ബ്ലോക്കിന്റെ നേതാവായിരിക്കാന്‍ യോഗ്യയെന്നും മണിശങ്കര്‍ അയ്യര്‍ രാഹുല്‍ ഗാന്ധിക്കുള്ള സന്ദേശത്തില്‍ പറഞ്ഞു.

‘ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബ്ലോക്കിന്റെ നേതാവാണ്. അവരില്ലെങ്കില്‍ ഇന്ത്യാ സഖ്യത്തിന്റെ ‘ഐ’, ‘എന്‍’, ‘ഡി’, ‘ഐ’, ‘എ’ എന്നിവ ഇല്ലാതാകും.

മമത ബാനര്‍ജിയാണ് ഈ സഖ്യത്തിന്റെ നേതാവ്. അവര്‍ക്കൊപ്പം, ഈ സ്ഥാനത്തിരിക്കാന്‍ യോഗ്യരായ കൂടുതല്‍ പേരുണ്ട് പ്രാദേശിക രാഷ്ട്രീയത്തില്‍,’ അയ്യര്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു.

സ്റ്റാലിന്‍, മമത, അഖിലേഷ്, തേജസ്വി, അല്ലെങ്കില്‍ മറ്റാരെങ്കിലും എന്നിങ്ങനെ ചെറിയ പാര്‍ട്ടികളുടെ നേതാക്കളെ ഇന്ത്യാ ബ്ലോക്കിന്റെ തലപ്പത്ത് തുടരാന്‍ അനുവദിക്കണം. രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മണിശങ്കര്‍ അയ്യരുടെ വാക്കുകള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാൡ വലിയ ചര്‍ച്ചയായി.

മണിശങ്കര്‍ അയ്യര്‍ക്ക് കുറെ നാളുകളായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധമെില്ലെന്നായിരുന്നു ബംഗാളിലെ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുമന്‍ റോയ് ചൗധരിയുടെ പ്രതികരണം.
ബംഗാളില്‍ നിന്നുള്ള അഞ്ച് രാജ്യസഭാ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അത് ലക്ഷ്യം വെച്ചാണോ മണിശങ്കര്‍ അയ്യര്‍ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയതെന്ന സംശയമുണ്ടെന്നും ചൗധരി ആരോപിച്ചു.

മമത ബാനര്‍ജി ബി.ജെ.പിയുടെ തിരശീലയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ഒരു തെമ്മാടിയായി പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യാ ബ്ലോക്ക് അവര്‍ക്കെതിരെയാണ് പോരാടുന്നത്. പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിനില്‍ക്കുന്ന മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു തീരുമാനത്തിലും പങ്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, എല്ലാവരും ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നായിരുന്നു തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷിന്റെ പ്രതികരണം.

അതേസമയം, കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിന് ശേഷവും കോണ്‍ഗ്രസിന്റെ പല നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ നിലപാടുകളെടുത്ത് മണിശങ്കര്‍ അയ്യര്‍ ചര്‍ച്ചകളിലിടം പിടിച്ചിരുന്നു.

കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച വിഷന്‍ 2031 പരിപാടിയില്‍ നിന്നും യു.ഡി.എഫ് വിട്ടുനിന്നിരുന്നെങ്കിലും മണിശങ്കര്‍ അയ്യര്‍ പരിപാടിയില്‍ പങ്കെടുക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കുകയും ചെയ്തിരുന്നു.

ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും മണിശങ്കര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. വ്യക്തിപരമായ അഭിപ്രായമാണ് അദ്ദേഹം രേഖപ്പെടുത്തിയതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

ബംഗാളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരെ മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഒറ്റയ്ക്ക് മത്സരിക്കാനിരിക്കുന്ന കോണ്‍ഗ്രസ് സി.പി.ഐ.എമ്മുമായുള്ള സഖ്യത്തില്‍ ഇത്തവണ തീരുമാനമെടുത്തിട്ടില്ല.

Content Highlight: Mamata should be given the responsibility of INDIA Bloc: Mani Shankar Aiyar to Rahul Gandhi

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.