സ്വീകരിക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും ബുദ്ധിമുട്ടുണ്ട്; ബംഗാളിലേക്ക് ശ്രമിക് ട്രെയിനുകള്‍ അയക്കരുതെന്ന് മമത ബാനര്‍ജി
national news
സ്വീകരിക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും ബുദ്ധിമുട്ടുണ്ട്; ബംഗാളിലേക്ക് ശ്രമിക് ട്രെയിനുകള്‍ അയക്കരുതെന്ന് മമത ബാനര്‍ജി
ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 2:44 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉംപൂണ്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്ക് അഥിതി തൊഴിലാളുകളുമായുള്ള ശ്രമിക് ട്രെയിനുകള്‍ അയക്കരുതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. അധികൃതരെല്ലാം രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

‘ജില്ലാ ഭരണകൂടങ്ങളെല്ലാം ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനറങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ശ്രമിക് ട്രെയിനില്‍ എത്തുന്നവരെക്കൂടി സ്വീകരിക്കാനോ സൗകര്യങ്ങള്‍ ഒരുക്കാനോ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് മെയ് 26 വരെ പശ്ചിമ ബംഗാളിലേക്ക് ശ്രമിക് ട്രെയിനുകള്‍ അയക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്’, മമത പി.ടി.ഐയോട് പറഞ്ഞു.

ട്രെയിനുകള്‍ സ്വീകരിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി ചീഫ് സെക്രട്ടറി റെയില്‍വെയ്ക്ക് കത്ത് നല്‍കി. ശ്രമിക് ട്രെയിനുകള്‍ കൊണ്ടുവരുന്നില്ല എന്നതില്‍ ബംഗാള്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് ആവശ്യവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഒഡീഷയിലും പശ്ചിമ ബംഗാളിലും വീശിയടിച്ച ഉംപൂണ്‍ ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. ജീവിതത്തില്‍ ഇന്നുവരെ ഇത്ര വലിയ ദുരന്തം കണ്ടിട്ടില്ല. പശ്ചിമബംഗാളിലെ 60 ശതമാനം ജനങ്ങളെയും ഉംപൂണ്‍ ബാധിച്ചു. ആറ് ലക്ഷത്തിലധികം ജനങ്ങളെ നാശനഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും മമത പറഞ്ഞു.

ഉംപൂണ്‍ ചുഴലിക്കാറ്റില്‍ ബംഗാളില്‍ മാത്രം 86 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക