ന്യൂദൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രകോപനപരമായ പരാമശത്തിൽ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡാർജിലിങ്ങിലെ നക്സൽബാരിയിൽ പൊതുയോഗത്തിൽ സംസാരിക്കവെ മമത നടത്തിയ പരാമർശങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്.
വീട്ടിലുള്ള സ്ത്രീകൾ പോളിങ് സ്റ്റേഷനിൽ എത്തണമെന്നും അവശ്യ ഘട്ടങ്ങളെ നേരിടാൻ അടുക്കളയിലെ ആയുധങ്ങൾ കയ്യിൽ കരുതാനും പറഞ്ഞതിനാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
പോളിങ് സ്റ്റേഷനിൽ ആക്രമണം നടത്താൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ പ്രേരിപ്പിച്ചു, പോളിങ് സ്റ്റേഷനിൽ വിന്യസിക്കുന്ന സായുധ പൊലീസ് സേനയ്ക്ക് ഭീഷണി ഉയർത്തി, എന്നീ കാരണങ്ങളിലാണ് ഇലക്ഷൻ കമ്മീഷൻ വിശദീകരണം തേടിയിരിക്കുന്നത്.
മമതയ്ക്ക് എതിരെയുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടാൽ കൂടുതൽ നടപടിയുണ്ടായേക്കും.
തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ രാവിലെ മുതൽ പശ്ചിമ ബംഗാളിലെ സ്ത്രീകൾ പോളിങ് സ്റ്റേഷനുകൾ സംരക്ഷിക്കണമെന്നും തെരഞ്ഞെടുപ്പിലെ കൃതിമത്വം തടയുകയും വേണം. അതിന് നിങ്ങൾ വീട്ടിൽ നിന്നും കയ്യിൽ കരുതാവുന്നതൊക്കെ എടുക്കണം എന്നാണ് മമത നക്സൽബാരിയിൽ പ്രസംഗിച്ചത്.
ഇനി വരാനിരിക്കുന്ന അഞ്ചു വർഷത്തേക്ക് ബംഗാളിൽ സമാധാനം വേണമെങ്കിൽ ഒരു ദിവസത്തേക്ക് നിങ്ങൾ പോളിങ് ബൂത്തുകൾ പുറത്തുനിന്നുള്ള കൃതിമത്വങ്ങളിൽ നിന്നും സംരക്ഷിക്കണമെന്നും മമത പറഞ്ഞിരുന്നു.
അതേസമയം, ബരുയിപൂർ ജില്ലയിലെ ബസന്തി ബസാറിൽ വ്യാഴാഴ്ച നടന്ന അക്രമസംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ രണ്ട് രാഷ്ട്രീയ പാർട്ടികൾ പൊതുയോഗം നടത്തുന്നത് മുൻകൂട്ടി അറിഞ്ഞിട്ടും ആവശ്യമായ സുരക്ഷാ ഒരുക്കാത്തതിൽ പൊലീസ് ഇൻസ്‌പെക്ടർ അവിജിത്തിനെ സസ്‌പെൻഡ് ചെയ്തിരുന്നു.