അജിത് പവാറിന്റെ മരണത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മമത
India
അജിത് പവാറിന്റെ മരണത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മമത
ശ്രീലക്ഷ്മി എ.വി.
Wednesday, 28th January 2026, 1:57 pm

കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള കൃത്യമായ അന്വേഷണം നടക്കണമെന്ന് മമത പറഞ്ഞു.

അജിത് പവാറിന്റെ പെട്ടെന്നുള്ള വിയോഗം ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടും അനുയായികളോടും അനുശോചനം അറിയിക്കുന്നുവെന്നും അവർ എക്സിലൂടെ പറഞ്ഞു.

മഹായുതി സഖ്യത്തിൽ നിന്ന് അജിത് പവാർ അകന്നു നിൽക്കുകയാണെന്നും അജിത് പവാറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മമത സൂചന നൽകുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

അജിത് പവാര്‍ ജനങ്ങളുടെ നേതാവാണെന്നും ദുരന്തവാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഇന്ന് (ബുധൻ) രാവിലെ 8.45 നാണ് സ്വകാര്യ വിമാനം തകർന്ന് അജിത് പവാർ കൊല്ലപ്പെട്ടത്. ബാരാമതി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെയാണ് വിമാനം തകർന്നു വീണത്.

സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 6 പേരും മരിച്ചു. അപകടത്തിൽ വിമാനം പൂർണമായും കത്തിനശിച്ചെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചു.

പൂർണ തോതിൽ പ്രവർത്തിക്കാത്ത എയർപോർട്ടിൽ നിന്നാണ് അപകടമുണ്ടായത്. ഉപമുഖ്യമന്ത്രി അദ്ദേഹത്തിന്റെ ജന്മ നാടായ ബാരാമതിയിൽ തെരഞ്ഞെടുപ്പ് റാലികൾക്ക് വേണ്ടി പോകുകയായിരുന്നെന്നാണ് വിവരം.

അജിത് പവാറിനൊപ്പം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു എൻ.സി.പി പ്രവർത്തകനും രണ്ട് പൈലറ്റുമാരുമാണ് അപകടസമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നത്.

Content Highlight: Mamata demands Supreme Court-supervised probe into Ajit Pawar’s death

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.