സംസ്ഥാനങ്ങളെ സാമ്പത്തീകമായി പിന്തുണയ്ക്കാത്ത നിതി ആയോഗിന്റെ യോഗങ്ങളില്‍ എന്തിന് പങ്കെടുക്കണം?; യോഗം ബഹിഷ്‌കരിക്കുമെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: നിതി ആയോഗ് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി മമതാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
നിതി ആയോഗിന് സാമ്പത്തീകാധികാരം ഇല്ലെന്നും സംസ്ഥാന സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങളെ നിതി ആയോഗ് സഹായിക്കില്ലെന്നും വ്യക്തമായതിനാലാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്നും മമത കത്തില്‍ പറയുന്നു. യോഗം തന്നെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമല്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
പ്ലാനിംഗ് കമ്മീഷന്‍ എടുത്തുമാറ്റി പുതിയ പരിഷ്‌കാരങ്ങളോടെ നിതി ആയോഗ് കൊണ്ടുവന്നതില്‍ മമത നേരത്തെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നിതി ആയോഗ് പിരിച്ചു വിട്ട് ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കണം എന്ന ആവശ്യവും അവര്‍ ഉന്നയിച്ചിരുന്നു. നിതി ആയോഗിന്റെ കഴിഞ്ഞ വര്‍ഷത്തെ യോഗവും അവര്‍ ബഹിഷ്‌കരിച്ചിരുന്നു.
സഹകരണ ഫെഡറല്‍ സംവിധാനം മെച്ചപ്പെടുത്താന്‍ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സിലുകള്‍ രൂപീകരിക്കണമെന്ന ആശയവും മമത ഉയര്‍ത്തിയിരുന്നു. ‘കഴിഞ്ഞ നാലര വര്‍ഷത്തെ നിതി ആയോഗ് അനുഭവത്തില്‍നിന്ന്, ഞാന്‍ മുമ്പ് സൂചിപ്പിച്ചിരുന്ന, ഭരണഘടനയുടെ 263ാം ആര്‍ട്ടിക്കിള്‍ നിര്‍വചിക്കുന്ന, ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതാവും നല്ലത് എന്ന നിഗമനത്തിലാണ് ഞാനെത്തിയിരിക്കുന്നത്. ഇത് സഹകരണ ഫെഡറല്‍ സംവിധാനത്തെ ശക്തമാക്കുകയും ഫെഡറല്‍ പോളിയെ ബലപ്പെടുത്തുകയും ചെയ്യും’, മമത പറഞ്ഞു.
‘2015 ജനുവരി ഒന്നിന് പ്ലാനിംഗ് കമ്മീഷന്‍ എടുത്തുകളഞ്ഞ് മോദി സര്‍ക്കാര്‍ നിതി ആയോഗ് കൊണ്ടുവന്നു. ഇതാകട്ടെ, സംസ്ഥാനങ്ങളെ യാതൊരു തരത്തിലും സാമ്പത്തികമായി സഹായിക്കുന്നുമില്ല. പുതിയ പരിഷ്‌കാരം സംസ്ഥാനങ്ങളുടെ വാര്‍ഷിക പദ്ധതികളെപ്പോലും പരിഗണിക്കുന്നില്ല’, മമത കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
ജൂണ്‍ 15നാണ് പ്രധാനമന്ത്രി അധ്യക്ഷനായ നിതി ആയോഗ് യോഗം വിളിച്ചിരിക്കുന്നത്.