നൈജീരിയയിൽ ആറ് മാസത്തിനിടെ പോഷകാഹാരക്കുറവ് മൂലം മരിച്ചത് 652 കുട്ടികൾ
Trending
നൈജീരിയയിൽ ആറ് മാസത്തിനിടെ പോഷകാഹാരക്കുറവ് മൂലം മരിച്ചത് 652 കുട്ടികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th July 2025, 8:56 am

അബൂജ: കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ നൈജീരിയയിൽ പോഷകാഹാരക്കുറവ് മൂലം മരണപ്പെട്ടത് 652 കുട്ടികൾ. 2025ലെ ആദ്യ ആറ് മാസത്തിനുള്ളിൽ നൈജീരിയൻ സംസ്ഥാനമായ കാറ്റ്സിനയിൽ കുറഞ്ഞത് 652 കുട്ടികളെങ്കിലും പോഷകാഹാരക്കുറവ് മൂലം മരണപ്പെട്ടുവെന്ന് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട് ചെയ്തു.

നൈജീരിയയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കാറ്റ്സിനയിൽ അക്രമവും അരക്ഷിതാവസ്ഥയും തുടരുന്നതിനാൽ അന്താരാഷ്ട്ര ധനസഹായം വെട്ടിക്കുറച്ചതാണ് മരണങ്ങൾക്ക് കാരണമെന്ന് ഫ്രഞ്ച് ചാരിറ്റി സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.

‘പോഷകാഹാരക്കുറവുള്ള കുട്ടികളുടെ ചികിത്സയിൽ സഹായം നൽകി വന്നിരുന്ന അമേരിക്ക, യുണൈറ്റഡ് കിങ്ഡം, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്ന് സഹായം കുറഞ്ഞിരിക്കുകയാണ്. വൻതോതിൽ ബജറ്റ് വെട്ടിക്കുറച്ചിട്ടുണ്ട്,’ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പറഞ്ഞു.

ഈ വർഷം ജൂൺ അവസാനത്തോടെ, പോഷകാഹാരക്കുറവുള്ള ഏകദേശം 70,000 കുട്ടികൾക്ക് കാറ്റ്സിന സംസ്ഥാനത്തെ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ടീമുകളിൽ നിന്ന് വൈദ്യസഹായം ലഭിച്ചിട്ടുണ്ടെന്ന് എൻ.ജി.ഒ പറഞ്ഞു. ഇതിൽ ഏകദേശം 10,000 കുട്ടികൾ ഗുരുതരാവസ്ഥയിൽ ആയിരുന്നെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും എൻ.ജി.ഒ കൂട്ടിച്ചേർത്തു.

എങ്കിലും വടക്കൻ നൈജീരിയയിൽ പോഷകാഹാരക്കുറവ് തടയുന്നതിനും പോഷകാഹാരക്കുറവ് ബാധിച്ച കുട്ടികൾക്ക് ചികിത്സി നൽകേണ്ടതും അത്യാവശ്യമാണെന്നും അതിനായി അടിയന്തര സഹായ സമാഹരണം ആവശ്യമാണെന്നും സംഘടന പറഞ്ഞു.

പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തിൽ ഗുരുതരമായ വർധനവുണ്ടായെന്നും ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 208 ശതമാനം വർധനവാണ് ഉണ്ടായതെന്നും സംഘടന കൂട്ടിച്ചേത്തു. നിർഭാഗ്യവശാൽ 2025 ന്റെ തുടക്കം മുതൽ തങ്ങളുടെ അറിവിൽ ഇതിനകം 652 കുട്ടികൾ മരിച്ചുവെന്നും അവർ പറഞ്ഞു.

ഫണ്ടിങ് കുറവ് കാരണം സ്റ്റോക്കുകൾ തീർന്നുപോയതിനാൽ, നൈജീരിയയിലെ സംഘർഷബാധിതമായ വടക്കുകിഴക്കൻ മേഖലയിലെ 1.3 ദശലക്ഷം ആളുകൾക്കുള്ള ഭക്ഷ്യ, പോഷകാഹാര സഹായം ജൂലൈ അവസാനത്തോടെ നിർത്തിവയ്ക്കാൻ നിർബന്ധിതരാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ ഏജൻസി അറിയിച്ചിരുന്നു.

‘സംഘർഷത്താൽ തകർന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് മാനുഷിക സഹായം നിർത്തിവയ്ക്കേണ്ടി വരും. അതായത് നൈജീരിയയിലെ 1.3 ദശലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണവും പോഷകാഹാര സഹായവും ലഭിക്കില്ല, വടക്കുകിഴക്കൻ മേഖലയിലെ സംഘർഷഭരിതമായ ബോർണോ സംസ്ഥാനത്തെ 150 പോഷകാഹാര ക്ലിനിക്കുകൾ അടച്ചുപൂട്ടപ്പെട്ടേക്കാം. 3,00,000 കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന് ഇരയാകും. 7,00,000 കുടിയിറക്കപ്പെട്ട ആളുകളുടെ അതിജീവനം ദുരിതപൂര്ണമാകും,’ വേൾഡ് ഫുഡ് പ്രോഗ്രാം മേഖലാ മേധാവി മാർഗോട്ട് വാൻ ഡെർ വെൽഡൻ പറഞ്ഞു.

വർഷങ്ങളായി, വടക്കുകിഴക്കൻ നൈജീരിയയിൽ മാനുഷിക സഹായം എത്തിച്ചു നൽകിയ സംഘടനയായിരുന്നു യു.എസ് ഏജൻസിയായ ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (USAID). ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇവർ ഭക്ഷണം, പാർപ്പിടം, ആരോഗ്യ സംരക്ഷണം എന്നിവ നൽകി. എന്നാൽ ട്രംപ് ഭരണകൂടം വിദേശ സഹായം വെട്ടിക്കുറയ്ക്കുകയും യു.എസ്.എ.ഐ.ഡി നിർത്തലാക്കുകയും ചെയ്തു. ഇതും നൈജീരിയക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

 

Content Highlight: Malnutrition in Nigeria killed 652 children in past six months