നിങ്ങളുടെ ഡബിള്‍ എഞ്ചിന്‍ മണിപ്പൂര്‍ ജനതയെ ബുള്‍ഡോസ് ചെയ്തു; എവിടെ നിങ്ങളുടെ രാജധര്‍മം; മോദിക്കെതിരെ ഖാര്‍ഗെ
national news
നിങ്ങളുടെ ഡബിള്‍ എഞ്ചിന്‍ മണിപ്പൂര്‍ ജനതയെ ബുള്‍ഡോസ് ചെയ്തു; എവിടെ നിങ്ങളുടെ രാജധര്‍മം; മോദിക്കെതിരെ ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th September 2025, 5:13 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദി ഇപ്പോള്‍ കാണിക്കുന്നത് വെറും പ്രഹസനമാണെന്നായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.

‘താങ്കളുടെ വാക്കുകള്‍ തന്നെ കടമെടുത്തുകൊണ്ട് ചോദിക്കട്ടെ, എവിടെയാണ് നിങ്ങളുടെ രാജധര്‍മം?’ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഖാര്‍ഗെ ചോദിച്ചു.

‘നരേന്ദ്ര മോദി ജി, നിങ്ങളുടെ ഈ മൂന്ന് മണിക്കൂര്‍ പിറ്റ്‌സ്റ്റോപ്പ് ആ ജനതയോട് കാണിക്കുന്ന അനുകമ്പയല്ല. ഇത് വെറും പ്രഹസനമാണ്. കലാപത്തില്‍ പരിക്കേറ്റവരെ അപമാനിക്കലാണ്.

നിങ്ങളുടെ സ്വയം പ്രഖ്യാപിത റോഡ് ഷോ ഇന്ന് ഇംഫാലിലും ചുരാചന്ദ്പൂരിലും നടക്കുകയാണ്. ഇത് ആളുകളുടെ കണ്ണീരില്‍ നിന്നും നിലവിളികളില്‍ നിന്നും രക്ഷപ്പെടാനുള്ള ഭീരുത്വം നിറഞ്ഞ നടപടിയല്ലാതെ മറ്റൊന്നുമല്ല.

ഇന്നേയ്ക്ക് 864ാം ദിവസം. 300 പേര്‍ കൊല്ലപ്പെട്ടു, 1500ലധികം ആളുകള്‍ക്ക് പരിക്കേറ്റു, 67000ഓളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, ഇതിനിടെ നിങ്ങള്‍ 46 തവണ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇതുവരെ ഒരിക്കല്‍പ്പോലും ഇവിടം സന്ദര്‍ശിക്കാനോ സാന്ത്വനിപ്പിക്കുന്ന തരത്തില്‍ രണ്ട് വാക്ക് പറയാനോ നിങ്ങള്‍ക്ക് സാധിച്ചിരുന്നില്ല.

എപ്പോഴായിരുന്നു നിങ്ങള്‍ അവസാനമായി മണിപ്പൂര്‍ സന്ദര്‍ശിച്ചത്? 2022ല്‍, തെരഞ്ഞെടുപ്പ് കാലത്ത്! നിങ്ങളുടെ ഡബിള്‍ എഞ്ചിന്‍ മണിപ്പൂരിലെ നിഷ്‌കളങ്കരായ ആളുകളെ ബുള്‍ഡോസ് ചെയ്തിരിക്കുകയാണ്.

നിങ്ങളും അമിത് ഷായും ചേര്‍ന്ന് ഇവിടുത്തെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. നിങ്ങളുടെ കഴിവില്ലായ്മ മറച്ചുവെക്കാന്‍ ഇവിടെ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തി. എങ്കിലും കലാപം ഇപ്പോഴും തുടരുകയാണ്,’ എക്‌സിലെഴുതിയ പോസ്റ്റില്‍ ഖാര്‍ഗെ വിമര്‍ശിച്ചു.

2023ല്‍ മണിപ്പൂരില്‍ മെയ്തി-കുക്കി സമുദായങ്ങള്‍ തമ്മില്‍ ആരംഭിച്ച വംശീയ സംഘര്‍ഷത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ മണിപ്പൂര്‍ കത്തുകയായിരുന്നു. മാസങ്ങളോളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും വിച്ഛേദിച്ചു.

60,000 ആളുകളെ അവരുടെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ കാരണം സംസ്ഥാനത്തെ ആയിരക്കണക്കിനാളുകള്‍ക്ക് ഇപ്പോഴും വീടുകളിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ ഒരിക്കല്‍പ്പോലും മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

 

Content Highlight: Mallikarjun Kharge slams Narendra Modi