ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വായ്പ എഴുതിത്തള്ളലിലൂടെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 12 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ് കേന്ദ്രം അവരുടെ കോടീശ്വര സുഹൃത്തുക്കള്‍ക്ക് നല്‍കിയതെന്ന് ഖാര്‍ഗെ പറഞ്ഞു.
കഴിഞ്ഞ 100 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക അസമത്വമാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്. എന്നാല്‍ ഈ സാഹചര്യത്തിലും സുഹൃത്തുക്കള്‍ക്ക് വേണ്ടി പൊതുമേഖല ബാങ്കുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ പാഴാക്കുന്ന തിരക്കിലാണ് മോദി സര്‍ക്കാരെന്നും ഖാര്‍ഗെ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് ഖാര്‍ഗെയുടെ പ്രതികരണം.
2015-16 സാമ്പത്തിക വര്‍ഷം മുതല്‍ 2024-25 സാമ്പത്തിക വര്‍ഷം വരെ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 12,08,828 കോടി രൂപയുടെ മൊത്തം വായ്പയാണ്. താത്കാലിക ഡാറ്റകളെ അടിസ്ഥാനമാക്കി കേന്ദ്രം ഇക്കാര്യം രാജ്യസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയത്.
ചൊവ്വാഴ്ച നടന്ന രാജ്യസഭാ സെഷനില്‍ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് വായ്പ എഴുതിത്തള്ളല്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖാമൂലം അവതരിപ്പിച്ചത്. എന്‍.പി.എ എഴുതിത്തള്ളല്‍ കടമെടുത്തവരെ സഹായിക്കില്ലെന്ന് പറഞ്ഞ മന്ത്രി, വായ്പ എടുക്കുന്നവര്‍ അത് തിരിച്ചടക്കാൻ ബാധ്യസ്ഥരാണെന്നും തിരിച്ചടവിനുള്ള നടപടികള്‍ ബാങ്കുകള്‍ തുടരുമെന്നും പങ്കജ് ചൗധരി ചൂണ്ടിക്കാട്ടിയിരുന്നു.
2024 ഡിസംബറോട് കൂടി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്തുവര്‍ഷത്തിനിടെ രണ്ട് ലക്ഷം കോടി രൂപ എഴുതിത്തള്ളിയിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് 94,702 കോടി രൂപയും എഴുതിത്തള്ളി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പൊതുമേഖലാ ബാങ്കുകള്‍ 42,000 കോടി രൂപയാണ് എഴുതിത്തള്ളിയത്.
Content Highlight: Congress against the Centre for giving benefits worth Rs 12 lakh crore to the rich friends through loan waiver