മേജർ രവിക്കെതിരെ ആഞ്ഞടിച്ച് മല്ലിക സുകുമാരൻ. എമ്പുരാൻ സിനിമ റിലീസായ സമയത്ത് മേജർ രവി നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് മല്ലികയുടെയുടെ പ്രതികരണം. രാജ്യസ്നേഹിയായ പട്ടാളക്കാരൻ ആദ്യം സത്യം പറയാൻ പഠിക്കണമെന്നും മല്ലിക പറഞ്ഞു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.
എമ്പുരാൻ സിനിമയിറങ്ങിയ സമയത്ത് സംഘപരിവാർ സംഘടനകൾ എതിർപ്പ് ഉന്നയിച്ചപ്പോൾ മോഹൻലാൽ മാപ്പെഴുതി തന്ന കടലാസ് തന്റെ കയ്യിലുണ്ടെന്ന് മേജർ രവി പറഞ്ഞിരുന്നു. എന്നാൽ മോഹൻലാൽ മാപ്പെഴുതി തന്ന പേപ്പർ തന്റെ കയ്യിലുണ്ടെന്ന മേജർ രവിയുടെ വാക്കുകൾ കേട്ടപ്പോൾ തനിക്ക് ചിരിയാണ് വന്നതെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
‘അദ്ദേഹം അത് പറയുന്നത് കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് വന്നത്. പുച്ഛമാണ് തോന്നിയത്. എന്തിനാണ് ഈ മനുഷ്യൻ ആളായതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ‘മോഹൻലാൽ ഇത് കണ്ടില്ല, പൃഥ്വിരാജ് എഴുതിച്ചേർത്തതാണ്’ എന്നൊക്കെയുള്ള കഥകൾ എന്തിനാണ് അദ്ദേഹമുണ്ടാക്കിയതെന്ന് അറിയില്ല. അത്രക്ക് മാഹാത്മ്യമുള്ള മനുഷ്യനാണോ ഇയാൾ? രാജ്യസ്നേഹിയായ ഒരു പട്ടാളക്കാരൻ ആദ്യം പഠിക്കേണ്ടത് സത്യം പറയാനാണ്. ചാടിച്ചാടി പാർട്ടി മാറിയാൽ ആ ക്വാളിറ്റി ഒക്കെ പോകും,’ മല്ലിക സുകുമാരൻ പറഞ്ഞു.
മലയാളത്തിൽ ഏറെ ചർച്ചയായ സിനിമയായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ എമ്പുരാൻ. ആ സമയത്ത് സംവിധായകനും ബി.ജെ.പി നേതാവുമായ മേജർ രവി പറഞ്ഞിരുന്നത് മോഹൻലാൽ റിലീസിന് മുമ്പ് എമ്പുരാൻ പൂർണമായും കണ്ടിട്ടില്ലെന്നും ചിത്രം കണ്ട് മോഹൻലാലിന് മാനസികമായി വളരെ വിഷമമായെന്നുമാണ്.