പ്രോസിക്യൂട്ടറെ വരെ നിസ്സഹായനാക്കിയ കലാദേവി; മല്ലിക സുകുമാരന്റെ ബോറടിപ്പിക്കാത്ത കോമഡി
Entertainment news
പ്രോസിക്യൂട്ടറെ വരെ നിസ്സഹായനാക്കിയ കലാദേവി; മല്ലിക സുകുമാരന്റെ ബോറടിപ്പിക്കാത്ത കോമഡി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd July 2022, 4:21 pm

വലിയ പ്രൊമോഷൻ പരിപാടികൾക്കും പ്രേക്ഷകരുടെ കാത്തിരിപ്പിനും ശേഷം മഹാവീര്യർ തീയേറ്ററിൽ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ടൈം ട്രാവൽ ഫാന്റസി മൂഡിൽ പോകുന്ന മഹാവീര്യർ പലർക്കും ഇഷ്ടമായി. ഇങ്ങനെ ഒരു പരീക്ഷണം നടത്താൻ തയ്യാറായ എബ്രിഡ് ഷൈനെയും അഭിനേതാക്കളെയും ഒരുപാട് പേർ അഭിനന്ദിക്കുന്നുണ്ട്.

നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, മല്ലിക സുകുമാരൻ എന്നിവരൊന്നിച്ചെത്തിയ ഈ ചിത്രത്തിൽ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മല്ലിക സുകുമാരൻ കലാദേവി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമകളിൽ ഒരുപാട് തവണ കണ്ട് പരിചയമുള്ള കഥാപാത്രമാണ് കലാദേവി. എന്നാൽ മല്ലിക സുകുമാരൻ ഈ ക്യാരക്ടർ അഭിനയിച്ച് ഫലിപ്പിച്ച രീതി തീർത്തും കയ്യടി അർഹിക്കുന്നതാണ്. കലാദേവി എന്ന കഥാപാത്രം അവരുടെ കൈകളിൽ ഭദ്രമായിരുന്നു എന്ന് വേണം പറയാൻ.

ഫസ്റ്റ് ഹാഫിൽ ഒരു സ്വാമിയെ കാണുമ്പോൾ അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞ കലാദേവി തൊട്ടടുത്ത സീനിൽ തന്നെ കളം മാറ്റി ചവിട്ടുന്നുണ്ട്. എന്നാൽ കാണുമ്പോൾ വളരെ നാച്ചുറലായ, രസകരമായ രീതിയിലാണ് ഈ സീനുകൾ കൈകാര്യം ചെയ്തത്. കോമഡി രംഗങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കാൻ മല്ലിക സുകുമാരന് സാധിച്ചിട്ടുണ്ട്.

നിവിൻ പോളി, മല്ലിക കോമ്പിനേഷനിൽ ഇതിന് മുൻപും സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ലൗവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലെ ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവർക്കിടയിൽ കോമഡി നല്ല രീതിയിൽ വർക്ക് ഔട്ട് ആയിരുന്നു.

ഇനി മഹാവീര്യറിലേക്ക് വരികയാണെങ്കിലും മല്ലികയും നിവിനും തമ്മിലുള്ള കോമഡിയുടെ ട്രാക്ക് നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. പകരത്തിനു പകരം മറുപടി പറഞ്ഞും മുഖത്ത് ചില ഭാവങ്ങൾ വരുത്തിയും അവർ അത് മനോഹരമാക്കുന്നുണ്ട്. ഉരുളക്ക് ഉപ്പേരി പോലെയാണ് സെക്കൻഡ് ഹാഫിലെ സീനുകൾ മല്ലിക കൈകാര്യം ചെയ്തത്.

കോടതി മുറിയിൽ വെച്ചാണ് ഇന്റർവെല്ലിന് ശേഷമുള്ള മിക്ക സീനുകളും വരുന്നത്. അഭിഭാഷകൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മല്ലികയുടെ കലാദേവി എന്ന കഥാപാത്രം നൽകുന്ന മറുപടികൾ വളരെ ചിരിയുണർത്തുന്നതായിരുന്നു. തന്റെ പേരിലുള്ള കേസിനെ പറ്റി നിവിൻ പോളിയുടെ കഥാപാത്രം ചോദിക്കുമ്പോൾ നൈസായി അവർ ഒഴിഞ്ഞുമാറുന്നുണ്ട്. പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ രീതിയിലാണ് ചിത്രത്തിലുടനീളം മല്ലികയുടെ പെർഫോമൻസ്.

വലിയ കാസ്റ്റിങ്ങിന് ഇടയിൽ മുങ്ങി പോകുന്ന പ്രകടനമല്ല മല്ലിക സുകുമാരൻ സിനിമയിൽ കാഴ്ച്ച വെച്ചത്. സിനിമ കണ്ടവർ കലാദേവി എന്ന കഥാപാത്രം ഓർത്തിരിക്കും എന്നത് ഉറപ്പാണ്.

Content Highlight: Mallika Sukumaran’s Kaladevi rendered the prosecutor helpless in Mahaveeryar