എഡിറ്റര്‍
എഡിറ്റര്‍
പൃഥ്വിക്കും ഇന്ദ്രനുമൊപ്പം അഭിനയിക്കാന്‍ ഇഷ്ടമല്ല; മനസുതുറന്ന് മല്ലികാ സുകുമാരന്‍
എഡിറ്റര്‍
Tuesday 17th October 2017 12:38pm

ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലും സീരിയലിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി മല്ലികാ സുകുമാരന്‍. ഖത്തറിലെ ഹോട്ടല്‍ ബിസിനസൊക്കെ അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്നത് മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പടത്തില്‍ നല്ലൊരു വേഷമുണ്ടെന്നും മല്ലിക പറയുന്നു.

അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണെങ്കില്‍ ഇന്ദ്രനും പൃഥ്വിക്കുമൊപ്പം അഭിനയിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് പറയുകയാണ് മല്ലിക. ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു മല്ലികയുടെ തുറന്നുപറച്ചില്‍.


Dont Miss ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി;രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ


ഞങ്ങള്‍ ഒരുമിച്ച് ഒരേസിനിമയില്‍ അഭിനയിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. നാട്ടുകാരെ പേടിച്ചിട്ടാ. അവരു ചോദിക്കില്ലേ, അമ്മയും മക്കളും കൂടെ അഭിനയിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ എന്ന്. എനിക്കിഷ്ടം അവരില്ലാത്ത പടത്തില്‍ അഭിനയിക്കാനാണ്. – മല്ലിക പറയുന്നു.

സിനിമയിലെത്തിയ സമയത്തൊക്കെ അവര്‍ അമ്മേ ഇതെങ്ങനുണ്ട് കഥ എന്നൊക്കെ ചോദിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ ഈ ഫീല്‍ഡ് നന്നായിട്ട് പഠിച്ചല്ലോ. ഇനി നമുക്കൊന്നും ഒരു പ്രസക്തിയുമില്ല. എന്നേക്കാള്‍ നന്നായിട്ട് കഥ സെലക്ട് ചെയ്യാന്‍ അവര്‍ക്ക് അറിയാം.

രാജു സുകുവേട്ടനെപ്പോലെയാണ്. ഉള്ളിലുള്ള പ്രയാസങ്ങളൊന്നും അവനെ ബാധിക്കില്ല. പലരും പല കാര്യങ്ങള്‍ക്കും അവനെ കുറ്റപ്പെടുത്തുന്നതു കേള്‍ക്കുമ്പോള്‍ ഞാനും ഇന്ദ്രനും തളര്‍ന്നുപോകും. പക്ഷേ രാജുവത് ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ടുകളയും. അങ്ങനെ വളര്‍ന്ന രാജുവിനെയാണ് ഇവിടെ പലരും പൊരിക്കാന്‍ നടക്കുന്നത്.- മല്ലിക പറയുന്നു.

പൃഥ്വി ആരാധകര്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാര്‍ എന്നുവിശേഷിപ്പിക്കപ്പെടുന്നു. ഇന്ദ്രജിത്തോ എന്ന ചോദ്യത്തിന് സൂപ്പര്‍സ്റ്റാര്‍ മെഗാസ്റ്റാര്‍ എന്ന വാക്കേ തന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു മല്ലികയുടെ മറുപടി.

പ്രതിസന്ധികള്‍ക്ക് നടുവിലൂടെ വളര്‍ന്ന എന്റെ കുഞ്ഞുങ്ങള്‍ അവരുടേതായ കഴിവ് തെളിയിച്ചല്ലോ എന്നതിലാണ് അതിലും കൂടുതല്‍ സന്തോഷം. ഇന്ദ്രന്‍ ആദ്യമേ എല്ലാ വേഷവും ചെയ്തു. പിന്നീടാണ് നായകനായത്. രാജു ഒരു ഹീറോ ലെവലിലേക്ക് എസ്റ്റാബ്ലിഷ്ഡ് ആയി. ഇവര്‍ തമ്മില്‍ ആ ഒരു ഗ്യാപ് തുടക്കം മുതലുണ്ട്. ഇന്ദ്രനും ആ നിലയിലെത്തും, എനിക്ക് ഉറപ്പുണ്ട് – മല്ലിക പറയുന്നു.

പൃഥ്വിയുടേയും ഇന്ദ്രന്റേയും അമ്മ, സുകുമാരന്റെ ഭാര്യ മലയാളത്തിലെ പഴയ നായിക, ഏത് പേരില്‍ അറിയപ്പെടാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് എനിക്ക് എന്നും സുകുമാരന്റെ ഭാര്യ എന്നറിയപ്പെട്ടാല്‍ മതിയെന്നായിരുന്നു മല്ലികയുടെ മറുപടി. എല്ലാത്തിന്റേയും ഉറവിടം സുകുമാരന്‍ എന്ന വ്യക്തിയാണ്. എനിക്ക് ജീവിതം തന്ന, മക്കളെ തന്ന, കുടുംബം തന്ന മാനസികമായൊരു ധൈര്യം തന്ന, നിനക്കൊപ്പം ഞാനുണ്ട് എന്ന ഉറപ്പു തന്ന സുകുമാരന്റെ ഭാര്യ- മല്ലിക പറയുന്നു.

Advertisement