കോടതി വിധിയോടെ പ്രാധാന്യം നഷ്ടപ്പെട്ടു; യു.എസുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കി മലേഷ്യന്‍ തിരിച്ചടി; ഇന്ത്യയുടെ നിലപാട് തേടി ലോകം
India-US Trade Deal
കോടതി വിധിയോടെ പ്രാധാന്യം നഷ്ടപ്പെട്ടു; യു.എസുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കി മലേഷ്യന്‍ തിരിച്ചടി; ഇന്ത്യയുടെ നിലപാട് തേടി ലോകം
അനിത സി
Tuesday, 17th March 2026, 7:19 pm

ക്വലാലംപൂര്‍: അമിതമായി തീരുവ ചുമത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ച് യു.എസ് സുപ്രീംകോടതി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നിലപാടെടുത്തതിന് ശേഷം ആദ്യത്തെ തിരിച്ചടി മലേഷ്യയില്‍ നിന്ന്.

കോടതി വിധിയോടെ കരാറിന്റെ സാമ്പത്തിക സാധുത അവസാനിച്ചെന്നും അമേരിക്കയുമായി ധാരണയിലെത്തിയ വ്യാപാര കരാര്‍ റദ്ദാക്കുകയാണെന്നും മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.

ട്രംപ് രണ്ടാമത് ഭരണത്തിലേറിയതിന് ശേഷം ലോക രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന അമിത തീരുവകള്‍ യു.എസ് കോടതി കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു.

കോടതി വിധി പ്രകാരം യു.എസ്-മലേഷ്യ വ്യാപാര കരാര്‍ ഫലത്തില്‍ തകര്‍ന്നു. അവയ്ക്ക് സാമ്പത്തിക പ്രാധാന്യം നഷ്ടപ്പെട്ടു. അതിനാല്‍ ഈ കരാറുകള്‍ക്ക് കീഴിലുള്ള മുന്‍ഗണനകളും ആനുകൂല്യങ്ങളും ഇനി നിലവിലില്ലെന്ന് മലേഷ്യന്‍ നിക്ഷേപ, വ്യാപാര മന്ത്രി തെങ്കു സഫ്‌റുല്‍ അസീസ് ഞായറാഴ്ച പ്രതികരിച്ചിരുന്നു.

താരിഫ് ചുമത്തുന്നതിന് അമേരിക്ക വ്യക്തവും ശക്തവുമായ നിയപരമായ കാരണങ്ങള്‍ നല്‍കണമെന്ന് വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മലേഷ്യ വിശദീകരിച്ചു. യു.എസുമായി കരാര്‍ ഒപ്പുവെച്ചിട്ടും വ്യാപാര സമ്മര്‍ദം തുടര്‍ന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

യു.എസിന്റെ 1974ലെ സെക്ഷന്‍ 301 (ബി) പ്രകാരം നിര്‍മാണ മേഖലകളിലെ ഘടനാപരമായ അമിതശേഷിയും ഉത്പാദന രീതികളും പരിശോധിക്കുന്നതിനായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മലേഷ്യ പിന്മാറുന്നതിന് ഇതും ഒരു കാരണമായിട്ടുണ്ട്.

ഇന്ത്യ, സിംഗപ്പൂര്‍, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, നോര്‍വേ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മെക്‌സിക്കോ, ജപ്പാന്‍, വിയറ്റ്‌നാം പോലുള്ള യു.എസുമായി കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ യു.എസിന്റെ അന്വേഷണവും അവലോകനവും സാധ്യമായ തീരുവകളും നേരിടേണ്ടി വരുമെന്നാണ് സൂചന.

കഴിഞ്ഞ ഒക്ടോബര്‍ 26നാണ് മലേഷ്യയും യു.എസും പരസ്പര വ്യാപാര കരാറില്‍ ഒപ്പുവെച്ചത്. മലേഷ്യക്ക് മേല്‍ ചുമത്തിയ തീരുവകള്‍ പതിയെ കുറച്ചുകൊണ്ടുവരാനുള്ള പദ്ധതികള്‍ കരാറില്‍ ഉള്‍പ്പെട്ടിരുന്നു.

47 ശതമാനമുണ്ടായിരുന്ന അമേരിക്കയിലേക്കുള്ള ഇറക്കുമതി തീരുവ 24 ശതമാനമായും പതിയെ 19 ശതമാനമായും കുറക്കാനും ചില ഉത്ന്നങ്ങള്‍ക്ക് പൂജ്യം തീരുവയാക്കാനും കരാര്‍ ലക്ഷ്യമിട്ടിരുന്നു, മലേഷ്യ യു.എസ് ഉത്പന്നങ്ങള്‍ക്കായി വിപണി കൂടുതല്‍ തുറന്നിടുകയും ചെയ്തിരുന്നു.

എന്നാല്‍ ആ വര്‍ഷം ഫെബ്രുവരി 20ന് തീരുവകള്‍ക്ക് നിയമപരമായ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാണിച്ച് യു.എസ് സുപ്രീം കോടതി ട്രംപിന്റെ പരസ്പര തീരുവ നയം റദ്ദാക്കുകയായിരുന്നു.

കോടതി ഉത്തരവോടെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവയാക്കി കുറച്ചിരുന്നു. 150 ദിവസത്തിന് ശേഷം 15 ശതമാനം തീരുവയിലേക്ക് മാറുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

യു.എസ് സെക്ഷന്‍ 301 പ്രകാരം 60 ഓളം രാജ്യങ്ങള്‍ക്ക് മേലാണ് ഇരട്ട അന്വേഷണം നടത്തുന്നത്. ഇതില്‍ പ്രതിഷേധിച്ച മലേഷ്യയുടെ തീരുമാനത്തിന് പിന്നാലെ യു.എസുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ നിലപാടെന്താകുമെന്നാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്.

Content Highlight: us court ruling; Malaysia retaliates by canceling trade deal with US; World seeks India’s stance

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.