ആനയെ കൊന്നവരേക്കാള്‍ ഭീകരരാണ് സംഭവത്തില്‍ വര്‍ഗീയത നിറച്ച് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍; മനേക ഗാന്ധിയ്ക്കും സംഘപരിവാറിനുമെതിരെ മലയാളികള്‍
Discourse
ആനയെ കൊന്നവരേക്കാള്‍ ഭീകരരാണ് സംഭവത്തില്‍ വര്‍ഗീയത നിറച്ച് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍; മനേക ഗാന്ധിയ്ക്കും സംഘപരിവാറിനുമെതിരെ മലയാളികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th June 2020, 3:49 pm

പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് കൊല്ലപ്പെട്ട സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക് വഴിമറുകയാണ്. സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും, തീവ്ര അക്രമപ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് മൃഗങ്ങളെ ആക്രമിക്കുന്നതില്‍ പ്രശസ്തമാണ് മലപ്പുറമെന്നുമുള്ള ബി.ജെ.പി എം.പിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മനേക ഗാന്ധിയുടെ ട്വീറ്റാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

മൃഗങ്ങള്‍ക്കെതിരെ അക്രമം നടത്തുന്നവരില്‍ ഒരാള്‍ക്കെതിരെ പോലും ഒരു നടപടിയും ഇന്നേവരെ സംസ്ഥാനം സ്വീകരിച്ചിട്ടില്ല എന്നും കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600 ലേറെ ആനകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് മനേക ഗാന്ധി തന്റെ കുറിപ്പില്‍ ആരോപിച്ചത്.

മനേക ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെ സംഘപരിവാര്‍ സൈബര്‍ സെല്ലുകളില്‍ നിന്ന് കേരളത്തിന് നേരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയില്‍ കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ സഹായത്തോടെ ഹിന്ദുക്കളുടെ ഗണേശ ദൈവമായ ആനയെ ക്രൂരമായി കൊന്നൊടുക്കുകയാണ് എന്ന തരത്തില്‍ അങ്ങേയറ്റം വിദ്വേഷപരമായ പരാമര്‍ശങ്ങളാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവഷന് കീഴില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നിട്ടുള്ളത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം വനം വകുപ്പ് ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും കോഴിക്കോട്ടു നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ സംഘത്തിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എന്നിട്ടും വിഷയത്തില്‍ സര്‍ക്കാറിനെതിരെയും കേരളത്തിലെയും മലപ്പുറത്തെയും പൗരന്‍മാര്‍ക്ക് നേരെയും ഇത്തരത്തിലുള്ള വസ്തുതാ വിരുദ്ധവും വെറുപ്പ് നിറഞ്ഞതുമായ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നതിന് പിറകില്‍ സംഘപരിവാറിന്റെ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍.

യു.പിയില്‍ യോഗി ആഥിത്യനാഥ് സര്‍ക്കാര്‍ ഗോവധ നിരോധനം നടപ്പാക്കിയതോടെ പശുക്കളുടെ വില്‍പന നിലയ്ക്കുകയും പൊതുസ്ഥലങ്ങളില്‍ അലഞ്ഞുതിരിയുന്ന പശുക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും അത് വലിയ സാമൂഹ്യപ്രശ്‌നമായി മാറുകയും ചെയ്തിരുന്നു. കൃഷി സംരക്ഷിക്കാനായി കര്‍ഷകര്‍ സ്ഥാപിച്ച മുള്ളുവേലികളില്‍ കുരുങ്ങി പശുക്കള്‍ കൂട്ടമായി ചത്തൊടുങ്ങി. രാത്രികളില്‍ പശുക്കൂട്ടങ്ങളില്‍ വാഹനമിടിച്ച് മനുഷ്യരും പശുക്കളുമെല്ലാം മരണപ്പെടുന്നത് തുടര്‍ സംഭവങ്ങളായി മാറി. അപ്പോഴൊന്നും പ്രതികരിക്കാതിരുന്ന മനേക ഗാന്ധി കേരളത്തിലെ ഈ ഒറ്റപ്പെട്ട സംഭവത്തെ ഇങ്ങനെ പര്‍വതീകരിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യകരമാണന്നും വയലന്‍സിനെക്കുറിച്ച് സംഘികള്‍ വിഷമിക്കുന്നതില്‍ പരം അശ്ലീലം വേറെയില്ലെന്നുമാണ് മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരന്‍ പ്രതികരിച്ചത്.

 

സ്വന്തം വീട്ടിലെത്താനായി കിലോമിറ്ററുകളോളം നടന്ന മനുഷ്യര്‍ ഉത്തേരേന്ത്യയുടെ തെരുവുകളില്‍ മരിച്ചു വീണപ്പോള്‍ മനേക ഗാന്ധി എവിടെയായിരുന്നുവെന്നാണ് സിനിമാ താരം ഹരീഷ് പേരടി പ്രതികരിച്ചത്.

സംഭവവുമായി ബന്ധമില്ലാത്ത മലപ്പുറത്തിന്റെ പേരില്‍ വര്‍ഗീയ പ്രചരണങ്ങള്‍ നടത്തി മുതലെടുപ്പിന് ശ്രമിക്കുന്ന സംഘപരിവാറിന്റെ നീക്കങ്ങള്‍ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ ഗൗരവകരമേറിയ തീവ്രവാദ പ്രവര്‍ത്തനമാണ് എന്നാണ് അഭിഭാഷകനായ ശ്രീജിത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചത്.

‘ആനയെ അതിക്രൂരമായി കൊല ചെയ്ത സാമദ്രോഹികളുടെ മറ്റൊരു വകഭേദമാണ് സംഭവത്തെ വര്‍ഗീയമായി വഴിതിരിച്ചു വിടുന്നവരും. ഒരു കൂട്ടര്‍ പൈനാപ്പിളില്‍ ബോംബ് വെച്ച് ഗര്‍ഭിണിയായ ആനയെ കൊന്നുവെങ്കില്‍ മറ്റേ കൂട്ടര്‍ മൃഗ സ്‌നേഹത്തില്‍ വര്‍ഗീയത നിറച്ച് സമൂഹത്തില്‍ ജനങ്ങളെ കലാപത്തിലേക്ക് നയിക്കുകയാണ്. വിസര്‍ജ്ജനത്തിലൂടെ വീണ ഒരു താമര വിത്തുപോലും മുളയ്ക്കാത്ത കേരള മണ്ണില്‍ വര്‍ഗീയ ധ്രുവീകരണത്തിനായി ഒരാനയുടെ കൊലപാതകം പോലും സുവര്‍ണ്ണാവസരമാക്കാന്‍ നേതൃത്വം നല്‍കുന്ന മനേക ഗാന്ധിയടക്കമുള്ളവര്‍ ആദ്യം നിലയ്ക്ക് നിര്‍ത്തേണ്ടത് ബീഫ് കഴിച്ചതിന്റെ പേരില്‍ ജനങ്ങളെ തല്ലികൊല്ലുന്ന സംഘപരിവാരങ്ങളുടെ ആശ്രിതരായ പശു സേനകളെയും, കാള സേനകളെയുമാണ്.’ ശ്രീജീത് പെരുമന വിശദീകരിക്കുന്നു.

ആനയെ അതിന്റെ ജൈവിക ആവാസവ്യവസ്ഥയില്‍ നിന്നും പിടിച്ചുകൊണ്ട് വന്ന് നട്ടപ്പൊരിവെയിലത്ത് നിര്‍ത്തി അവയെ ആവും വിധം പീഡിപ്പിക്കുന്ന യഥേഷ്ടം പരിപാടികള്‍ ഉണ്ടിവിടെ. പൂരത്തിനും എഴുന്നള്ളിപ്പിനുമെത്തുന്ന ആനകളനുഭവിക്കേണ്ടി വരുന്ന ക്രൂരതകള്‍ ഭീകരമാണ്. അതിനോടൊന്നും പ്രതികരിക്കാതെ ഇത്തരമൊരു സംഭവത്തിന്റെ പേരില്‍ മലപ്പുറത്തെ ആക്രമിക്കാന്‍ മനേകഗാന്ധി തുനിയുന്നത് ഇരട്ടത്താപ്പാണെന്നാണ് ഡോ. ഷിംന അസീസ് പ്രതികരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക