സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ നാലാം ടി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇറങ്ങിയേക്കും. കാലിന് പറ്റിയ പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്തായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഗില്ലിന്റെ വിടവില്‍ സഞ്ജുവിന് കളിക്കാന്‍ സാധിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
അതേസമയം ഗില്ലിന് പകരം കളത്തിലിറങ്ങാന്‍ സാധിച്ചാല്‍ സഞ്ജുവിന് ഒരു ജീവന്‍ മരണ പോരാട്ടം തന്നെ നടത്തേണ്ടിവരും. കഴിഞ്ഞ കുറേ മത്സരങ്ങളില്‍ നിന്ന് മോശം പ്രകടനം കാഴ്ചവെക്കുന്ന ഗില്ലിനേക്കാള്‍ മികവ് പുലര്‍ത്താന്‍ സഞ്ജുവിന് സാധിച്ചാല്‍ താരത്തിന്റെ തുടര്‍ സാധ്യതകള്‍ മാനേജ്‌മെന്റ് പരിഗണിക്കേണ്ടി വരും.
അതിനായി സഞ്ജു കളത്തിലിറങ്ങുമ്പോള്‍ ഒരു അര്‍ധ സെഞ്ച്വറിയെങ്കിലും നേടേണ്ടതുണ്ട്. അതേസമയം ഗില്ലിനെതിരായി വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് നാലാം മത്സരത്തില്‍ താരം കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
സഞ്ജു സാംസണ്‍, Photo: BCCI/x.om
മത്സരത്തില്‍ അവസരം ലഭിച്ചാല്‍ ഒരു സൂപ്പര്‍ മൈല്‍ സ്റ്റോണില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കാനും സഞ്ജുവിന് അവസരമുണ്ട്. ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് സഞ്ജുവിനുള്ള അവസരം. ഇതിനായി സഞ്ജുവിന് ഇനി അഞ്ച് റണ്‍സ് മാത്രം സ്വന്തമാക്കിയാല്‍ മതി.
നിലവില്‍ ഉത്തര്‍ പ്രദേശിലെ എകാനാ ക്രിക്കറ്റ് സ്റ്റേഡിയം ബി ഗ്രൗണ്ടില്‍ നടക്കേണ്ട മത്സരം മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വൈകുകയാണ്. അടുത്ത അപ്‌ഡേറ്റ് എട്ട് മണിയേടെ വരുമെന്നാണ് ബി.സി.സി.ഐയുടെ റിപ്പോര്‍ട്ടിലുള്ളത്.