ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികന്‍ വീണ്ടും അറസ്റ്റില്‍
national news
ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികന്‍ വീണ്ടും അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd June 2025, 12:01 pm

ഗാസിയാബാദ്: യു.പിയില്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ച മലയാളി വൈദികന്‍ അറസ്റ്റില്‍. ഗാസിയാബാദില്‍ മതംമാറ്റത്തിന് ശ്രമിച്ചുവെന്നാരോപണത്തിന് പിന്നാലെ പാസ്റ്റര്‍ വിനോദ് കുഞ്ഞുമോന്‍നെയാണ് അറസ്റ്റ് ചെയ്തത്.

ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നേരത്തെയും ഗാസിയാബാദില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പാസ്റ്ററെയും സഹായിയെയും അറസ്റ്റ് ചെയ്തിരുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരെ സാമ്പത്തിക സഹായം നല്‍കാമെന്ന പേരില്‍ മതം മാറ്റിയെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുത്തതായി ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു.

ബി.എന്‍.എസ് സെക്ഷന്‍ 115(2) (സ്വമേധയാ പരിക്കേല്‍പ്പിക്കല്‍), 351(3) (മരണ ഭീഷണി), 352 (സമാധാന ലംഘനം) എന്നീ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.

ബജ്രംഗ്ദള്‍ നേതാവ് പ്രബാല്‍ ഗുപ്ത നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികളെ കബളിപ്പിച്ച് മതം മാറ്റിയെന്നാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്.

Content Highlight: Malayali priest arrested in Uttar Pradesh for alleged religious conversion