38 റണ്‍സ്, രണ്ട് വിക്കറ്റ്; ഇന്ത്യന്‍ ടീമില്‍ തിളങ്ങി മറ്റൊരു മലയാളി
Cricket
38 റണ്‍സ്, രണ്ട് വിക്കറ്റ്; ഇന്ത്യന്‍ ടീമില്‍ തിളങ്ങി മറ്റൊരു മലയാളി
ഫസീഹ പി.സി.
Wednesday, 7th January 2026, 10:21 pm

അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര സന്ദര്‍ശകര്‍ തൂത്തുവാരിയിരുന്നു. അവസാന ഏകദിനത്തില്‍ കൂറ്റന്‍ ജയം നേടിയാണ് ഇന്ത്യന്‍ യുവനിര പരമ്പര സ്വന്തമാക്കിയത്. മൂന്നാം ഏകദിനത്തില്‍ 233 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ഇന്ത്യയുടെ 394 റണ്‍സിന്റെ വിജലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടിയാസ് 160ല്‍ പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ വൈഭവ് സൂര്യവംശിയുടെയും ആരോണ്‍ ജോര്‍ജിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇന്ത്യന്‍ സംഘം വിജയം നേടിയെടുത്തത്.

ഇന്ത്യൻ ടീം. Photo: BCCI/x.com

ഇന്ത്യയുടെ ഈ കൂറ്റന്‍ വിജയത്തില്‍ മറ്റൊരു മലയാളി കൂടി കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. മുഹമ്മദ് ഇനാന്‍ എന്ന 19കാരനാണത്. സ്പിന്‍ ഓള്‍റൗണ്ടറായ താരം ആദ്യം ബാറ്റ് കൊണ്ടും ബൗള്‍ കൊണ്ടും മികച്ച പ്രകടനമാണ് നടത്തിയത്.

ഇനാന്‍ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ നേടിയത് പുറത്താവാതെ 28 റണ്‍സാണ്. 19 പന്തുകള്‍ നേരിട്ട താരം 147.36 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തത്. മലയാളി താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത് രണ്ട് സിക്സും ഒരു ഫോറുമാണുള്ളത്.

മുഹമ്മദ് ഇനാന്‍. Photo: Sanju Samson Fans Page/x.com

റണ്‍സ് നേടിയതിനൊപ്പം തന്നെ ഇനാന്‍ ഹെനിലിനൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും ഉയര്‍ത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് 58 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. ഇവരുടെ സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 393ല്‍ എത്തിച്ചത്.

ബാറ്റിങ്ങില്‍ തിളങ്ങിയതിന് പിന്നാലെ സൗത്ത് ആഫ്രിക്കയുടെ ഇന്നിങ്‌സില്‍ ഇനാന്‍ രണ്ട് നിര്‍ണായക വിക്കറ്റും വീഴ്ത്തി. പ്രോട്ടിയാസിന്റെ ടോപ് സ്‌കോററായ പോള്‍ ജെയിംസിന്റെയും ഒമ്പതാം നമ്പറില്‍ ബാറ്റിങ്ങിനെത്തിയ ജെ.ജെ. ബാസണിന്റെയും വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

എട്ട് ഓവറുകള്‍ എറിഞ്ഞാണ് ഇനാന്‍ രണ്ട് വിക്കറ്റെടുത്തത്. മലയാളി താരം വിട്ടുനല്‍കിയതാകട്ടെ 36 റണ്‍സുമാണ്. 4.50 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

Content Highlight: Malayali player Mohammed Enaan scores 38* and takes two wickets in 3rd ODI match between India U19 vs South Africa U19

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി