ഇന്നലെ (വ്യാഴം) ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ ദല്‍ഹിയില്‍ വിളിച്ചുവരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. അമിത് ഷായുടെ നിര്‍ദേശപ്രകാരം ഛത്തീസ്ഗഡിലെ ആര്‍.എസ്.എസ് പ്രതിനിധി ഗഡ്ഗരിയുമായും വിഷ്ണു ദേവ് സായി ഇന്നലെത്തന്നെ ചര്‍ച്ച നടത്തി.
സംസ്ഥാന സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. ജാമ്യം ലഭിച്ചാല്‍ ഇന്നുതന്നെ കന്യാസ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാരും അമ്രാ റാം ഉള്‍പ്പടെയുള്ള ഇടത് എം.പിമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് സംസ്ഥാന സര്‍ക്കാര്‍ കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് അമിത് ഷാ നിലപാട് അറിയിച്ചത്.
സി.പി.ഐ.എം നേതാക്കളായ പി.കെ. ശ്രീമതി, സി.എസ്. സുജാത എന്നിവര്‍ ഇന്ന് ജയിലിലെത്തി കന്യാസ്ത്രീകളെ കാണും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും കോണ്‍ഗ്രസ് എം.എല്‍.എമാരായ റോജി എം. ജോണ്‍, സജീവ് ജോസഫ് എന്നിവരും ദുര്‍ഗില്‍ തുടരുകയാണ്. കന്യാസ്ത്രീകളുടെ ബന്ധുക്കളും ഛത്തീസ്ഗഡിലുണ്ട്.
കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയ യു.ഡി.എഫ് എംപിമാര്‍ ഇന്ന് ദുര്‍ഗിലെത്തും. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതൃത്വം കന്യാസ്ത്രീകള്‍ക്കായി ഒന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനമുയരുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ദുര്‍ഗിലേക്ക് വരുന്നത്.
ജൂലൈ 26നാണ് നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു.
ഈ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോവുകയാണെന്നും മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.
Content Highlight: Malayali nuns arrested in Chhattisgarh on charges of religious conversion and human trafficking will approach NIA court seeking bail