ന്യൂദല്‍ഹി: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ നടപടിയില്‍ ഇടപെടാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യു.ഡി.എഫ് എം.പിമാരുടെ സംഘത്തിനാണ് അമിത് ഷാ ഉറപ്പ് നല്‍കിയത്.
കന്യാസ്ത്രീകള്‍ നിരപരാധികളാണെന്ന ബോധ്യമുണ്ടെന്നാണ് അമിത് ഷാ പറയുന്നത്. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്നും എന്‍.ഐ.എ കോടതിയില്‍ നിന്ന് കേസ് വിടുതല്‍ ചെയ്യാനുള്ള അപേക്ഷ സര്‍ക്കാര്‍ നല്‍കുമെന്നും അമിത് ഷാ അറിയിച്ചു.
ജാമ്യത്തിലെ തീരുമാനം എന്‍.ഐ.എ കോടതിക്ക് വിട്ട സെഷന്‍സ് കോടതിയുടെ നടപടി തെറ്റാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കന്യാസ്ത്രികളുടെ ജാമ്യത്തിനായി വീണ്ടും വിചാരണക്കോടതിയെ സമീപിക്കാനാണ് അമിത് ഷാ നിര്‍ദേശിച്ചിരിക്കുന്നത്.
‘സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഹൈക്കോടതി അപ്പീല്‍ നല്‍കും. ഇതിനിടെ വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കണം,’ അമിത് ഷാ നിര്‍ദേശിച്ചു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്നും ഷാ പറഞ്ഞതായി വിവരമുണ്ട്.
കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ്-എല്‍.ഡി.എഫ് എം.പിമാര്‍ മലയാളി കന്യാസ്ത്രീകളുടെ ജയില്‍വാസം സംബന്ധിച്ച വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഛത്തിസ്ഗഡിലെത്തിയ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രതിനിധികള്‍ ജയിലില്‍ തുടരുന്ന കന്യാസ്ത്രീകളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.