ക്ലീഷേ എന്‍ഡിങ്ങും സ്പൂണ്‍ ഫീഡിങ്ങുമില്ല; ക്രൈം ത്രില്ലറുകളില്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന കേരള ക്രൈം ഫയല്‍സ് 2
Film Review
ക്ലീഷേ എന്‍ഡിങ്ങും സ്പൂണ്‍ ഫീഡിങ്ങുമില്ല; ക്രൈം ത്രില്ലറുകളില്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന കേരള ക്രൈം ഫയല്‍സ് 2
വി. ജസ്‌ന
Saturday, 21st June 2025, 6:23 pm

തിരുവനന്തപുരം കണിയാര്‍വിള സ്റ്റേഷനിലെ പൊലീസുകാര്‍ക്കുള്ള ഗുണ്ടാ ബന്ധം ചൂണ്ടിക്കാട്ടി അവരെ കൂട്ടമായി സ്ഥലം മാറ്റുന്നു. അവിടേക്ക് പുതുതായി നിയമിതനാകുകയാണ് എസ്.ഐ. നോബിളും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കുര്യനും.

ഇതിനിടയില്‍ സ്ഥലം മാറ്റം കിട്ടിയ സിവില്‍ പൊലീസ് ഓഫീസര്‍ അമ്പിളി രാജു ഇതുവരെ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അവര്‍ മനസിലാക്കുന്നു. ആ പൊലീസുകാരന്റെ മിസ്സിങ്ങില്‍ തുടങ്ങിയ കേസ് പിന്നീട് ദുരൂഹമായ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

അമ്പിളി രാജുവിന് പിന്നാലെ:

2023 ജൂണ്‍ 23ന് പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ക്രൈം വെബ് സീരീസ് ആയിരുന്നു കേരള ക്രൈം ഫയല്‍സ് – ഷിജു, പാറയില്‍ വീട്, നീണ്ടകര. ആഷിക് ഐമര്‍ രചന നിര്‍വഹിച്ച് അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ഈ സീരീസിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്.

മലയാളത്തിലെ മികച്ച ത്രില്ലറായി മാറിയ ഈ സീരീസിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലായിരുന്നു മലയാളികള്‍. 2025 ജൂണ്‍ 20ന് സീരീസിന്റെ രണ്ടാം ഭാഗമായ കേരള ക്രൈം ഫയല്‍സ് 2 – ദി സെര്‍ച്ച് ഫോര്‍ സി.പി.ഒ അമ്പിളി രാജു ജിയോ ഹോട്ട്‌സ്റ്റാറിലൂടെ പുറത്തിറങ്ങി.

ആദ്യ സീസണില്‍ 2011ല്‍ എറണാകുളത്തെ ലോഡ്ജില്‍ നടന്ന ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമായിരുന്നു കഥ. എന്നാല്‍ രണ്ടാം ഭാഗത്തില്‍ കാണാതായ അമ്പിളി രാജുവിന് പിന്നാലെയാണ് കഥ പോകുന്നത്.

ഒരുപടി മുകളില്‍ നില്‍ക്കുന്ന സീസണ്‍:

ആദ്യ സീസണിന് ഒപ്പമോ ഒരുപടി മുകളിലോ വെക്കാവുന്ന ഒന്നാണ് രണ്ടാമത്തെ സീസണ്‍. 25 മുതല്‍ 45 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള ആറ് എപ്പിസോഡുകളാണ് ഈ സീരീസിനുള്ളത്. അതില്‍ ഓരോ എപ്പിസോഡുകളും നമ്മളെ സ്‌ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്നതാണ്. ഒറ്റയിരിപ്പിന് കണ്ടു തീര്‍ക്കാവുന്ന രീതിയില്‍ വലിച്ചു നീട്ടാതെ ചെയ്തു എന്നത് തന്നെയാണ് ഏറ്റവും വലിയ പോസിറ്റീവ്.

ആദ്യ സീസണില്‍ ഉണ്ടായിരുന്ന അജു വര്‍ഗീസും ലാലുമൊക്കെ ഈ സീസണിലും ഉണ്ടെങ്കിലും അര്‍ജുന്‍ രാധാകൃഷ്ണന്‍ ചെയ്ത നോബിള്‍ എന്ന കഥാപാത്രത്തിന് തന്നെയാണ് ഇവിടെ പ്രാധാന്യം. സാധാരണ കണ്ടുവരുന്ന ക്രൈം ത്രില്ലറുകളില്‍ കേസ് അന്വേഷിക്കുന്ന പൊലീസുകാരന്റെ പേഴ്‌സണല്‍ ലൈഫിലേക്കും കഥ നീണ്ടു പോകുന്നത് കാണാറുണ്ട്.

ഇവിടെ കേസ് അന്വേഷിക്കുന്ന നോബിളിന്റെ ഫാമിലിയും വീടുമൊക്കെ കാണിക്കുന്നുണ്ടെങ്കിലും കൂടുതലായി അയാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് കഥ പോകുന്നില്ല. അയാളുടെ പേഴ്‌സണല്‍ ലൈഫില്‍ നിന്ന് കാണിക്കുന്ന ഭാഗമാവട്ടെ അനാവശ്യമായിയെന്ന് പറയാനുമാകില്ല. എന്തിനേറെ പറയുന്നു, സീരീസില്‍ ഒരു സീന്‍ പോലും അനാവശ്യമായി തോന്നുകയേയില്ല.

ആദ്യ സീസണിലെ ആളുകളില്‍ ചിലര്‍ ഇവിടെ വരുന്നുണ്ടെങ്കില്‍ പോലും ആ സീസണ്‍ കാണാത്ത ആളുകള്‍ക്ക് രണ്ടാം സീസണ്‍ കാണാവുന്നതാണ്. ആദ്യ സീസണുമായി യാതൊരു ബന്ധവും ഈ സീസണിനില്ല.

ബാഹുല്‍ രമേശിന്റെ കഥയും കഥാപാത്രങ്ങളും:

കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ബാഹുല്‍ രമേശിന്റെ എഴുത്ത് വീണ്ടും നമ്മളെ ഞെട്ടിക്കുകയാണ്. അത്രമേല്‍ ഗംഭീരമായാണ് അയാള്‍ ഈ കഥ എഴുതി വെച്ചിരിക്കുന്നത്. ഒട്ടും സ്പൂണ്‍ ഫീഡിങ് ഇല്ലാതെ വളരെ സട്ടിലായി ഗംഭീരമായിട്ടാണ് അയാള്‍ കഥ കൊണ്ടുപോകുന്നത്.

ഒന്നാം ഭാഗത്തില്‍ 2011ല്‍ നടന്ന കാര്യമാണ് പറയുന്നതെങ്കില്‍ ഇവിടെ 2024ല്‍ നടക്കുന്ന കാര്യങ്ങളാണ് പറയുന്നത്. അതുകൊണ്ട് തന്നെ ആദ്യ ഭാഗത്തില്‍ വന്ന ആളുകള്‍ക്ക് ഇവിടെ കുറച്ചു കൂടെ പക്വത വന്നതായി കാണാം.

അജു വര്‍ഗീസിന്റെ മനോജ് എന്ന കഥാപാത്രത്തിനും ലാലിന്റെ കുര്യനും നവാസ് വള്ളിക്കുന്ന് അവതരിപ്പിച്ച സി.പി.ഒ സുനിലിനും ഇത്രയും വര്‍ഷങ്ങളുടെ സര്‍വീസ് കാരണം പെരുമാറ്റത്തിലും ശൈലിയിലുമുണ്ടാകുന്ന മാറ്റങ്ങള്‍ വളരെ കൃത്യതയോടെ കാണാം.

ഒരു തുടക്കകാരന്റെ ആവേശവും അയാളുടെ ശ്രദ്ധയും അര്‍ജുന്‍ രാധാകൃഷ്ണനിലും വ്യക്തമാണ്. പലപ്പോഴും അയാളുടെ തിയറിയിലൂടെയാണ് കഥ പോകുന്നത്. ചെറുതും വലുതുമായി വന്നുപോയ ഓരോ കഥാപാത്രങ്ങളും വളരെ നന്നായി തന്നെ അവരുടെ റോളുകള്‍ ചെയ്തു.

ഈ സീരീസില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളായിരുന്നു അമ്പിളി രാജുവും അയ്യപ്പനും. പഞ്ചാബി ഹൗസില്‍ ഉത്തമനും രമണനുമായി വന്ന് ഏറെ ചിരിപ്പിച്ച ഹരിശ്രീ അശോകന്‍ – ഇന്ദ്രന്‍സ് കൂട്ടുകെട്ട് കേരള ക്രൈം ഫയല്‍സില്‍ എത്തുമ്പോള്‍ വിസ്മയിപ്പിക്കുകയാണ്.

അമ്പിളിയായും അയ്യപ്പനായും അവരെ കാണുമ്പോള്‍ ഒരു നിമിഷം നമ്മളെ കുടുകുടെ ചിരിപ്പിച്ച ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ എന്നീ നടന്മാരെ നമ്മള്‍ മറക്കും. പകരം ആ കഥാപാത്രങ്ങളെ മാത്രമാണ് കാണുക. അത്രയും ഗംഭീരമായിട്ടാണ് ഇരുവരും സീരീസില്‍ എത്തിയത്.

അവര്‍ക്ക് പുറമെ രഞ്ജിത്ത് ശേഖര്‍, സഞ്ചു, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിന്‍ ഷെരീഫ്, ജിയോ ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ തുടങ്ങിയ മികച്ച താരനിര തന്നെയുണ്ട്. അവരെല്ലാം റോളുകള്‍ കൃത്യതയോടെ ചെയ്തിട്ടുമുണ്ട്.

ആറ് എപ്പിസോഡുകള്‍ക്കിടയില്‍ പലപ്പോഴായും പല നായകളും കഥയിലേക്ക് കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്. തെരുവ് നായക്ക് പോലും ഈ കഥയില്‍ വലിയ പങ്കുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതിലെ ഓരോ നായകളും വളരെ നന്നായി അഭിനയിച്ചുവെന്നും പറയാം.

കയ്യടി നേടുന്ന അഹമ്മദ് കബീര്‍:

ഈയിടെ ഇറങ്ങിയ ക്രൈം – മിസ്റ്ററി – ത്രില്ലറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിനോട് കിടപിടിക്കുന്നതാണ് കേരള ക്രൈം ഫയല്‍സ് സീരീസ്. ആദ്യ സീസണ്‍ പോലെ തന്നെ അതിഗംഭീരമായി അഹമ്മദ് കബീര്‍ ഈ സീസണും സംവിധാനം ചെയ്തിട്ടുണ്ട്.

മികച്ച സിനിമാറ്റോഗ്രാഫിയും ലോക്കേഷനും ഈ സീസണിന്റെയും പ്രത്യേകത തന്നെയാണ്. ജിതിന്‍ സ്റ്റാനിസ്ലോസാണ് കേരള ക്രൈം ഫയല്‍സിന്റെ ഛായാഗ്രാഹകന്‍. മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിങ്ങും ഹിഷാമിന്റെ സംഗീതവും ഏറെ പ്രശംസ അര്‍ഹിക്കുന്നത് തന്നെയാണ്.

ക്ലീഷേ പൊളിച്ചെഴുതിയ ക്രൈം ഫയല്‍:

മലയാളത്തില്‍ പൊതുവെ കാണുന്ന അന്വേഷണ കഥകളുടെ അവസാനത്തില്‍, എന്താണ് ആ കേസില്‍ സംഭവിച്ചതെന്ന് ഒരു ക്ലാസില്‍ എന്നതുപോലെ വിശദീകരിക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇവിടെ ക്ലീഷേ എന്‍ഡിങ്ങില്‍ നിന്നും മാറ്റി പിടിച്ചാണ് അമ്പിളി രാജുവിന്റെ കേസ് ക്ലോസ് ചെയ്യുന്നത്.

സ്പൂണ്‍ ഫീഡിങ് ഇല്ലാത്തത് കൊണ്ട് തന്നെ ചിലര്‍ക്കെങ്കിലും കഥയില്‍ കണ്‍ഫ്യൂഷന്‍ തോന്നിയേക്കും. ഇവിടെ ബാഹുല്‍ രമേശ് ഓരോ എപ്പിസോഡുകളിലും കാണിച്ചിട്ടുള്ള സൂചനകളിലൂടെ കണ്ടിരിക്കുന്ന പ്രേക്ഷകനോടും ഒരു പൊലീസ് ആകാനാണ് പറയുന്നത്. അവസാനത്തിലെ സസ്‌പെന്‍സ് റിവീല്‍ പാടെ മാറ്റി നിര്‍ത്തുകയാണ് ബാഹുല്‍. ചുരുക്കത്തില്‍ ആര്‍ക്ക് മുന്നിലും മികച്ച ത്രില്ലര്‍ സീരീസെന്ന് പറഞ്ഞ് മലയാളികള്‍ക്ക് അഭിമാനത്തോടെ കേരള ക്രൈം ഫയല്‍സിനെ കൊണ്ടുവെക്കാം.

Content Highlight: Malayalam Web Series Kerala Crime Files Season2 Review

വി. ജസ്‌ന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ