മേക്കിംഗ്, കഥാപാത്രങ്ങള്‍, പെര്‍ഫോമന്‍സ്; ആര്‍ക്കറിയാം മികച്ച ഒരു പാക്കേജാണ്|
അന്ന കീർത്തി ജോർജ്

സിനിമ കണ്ടിറങ്ങിയ ശേഷം പിന്നീട് ആലോചിക്കുമ്പോള്‍ കണ്ട ചിത്രത്തിന് ആഴം കൂടുന്നതുപോലെ, നമ്മള്‍ ആസ്വദിച്ച് കണ്ട പല രംഗങ്ങളുടെയും മറ്റു പല അര്‍ത്ഥതലങ്ങളും കണ്‍മുന്നില്‍ തെളിയുന്ന പോലെ, അങ്ങനെയുള്ള ആസ്വാദനനാനുഭവം അപൂര്‍വ്വം ചില സിനിമകള്‍ക്ക് മാത്രം നല്‍കാന്‍ കഴിയുന്നതാണ്. അത്തരത്തിലൊരു ചിത്രമാണ് കഴിഞ്ഞ ദിവസമിറങ്ങിയ, മലയാള സിനിമയില്‍ ആദ്യമായി കൊവിഡ് കാലത്തെ രേഖപ്പെടുത്തിയ, ആര്‍ക്കറിയാം.

പുതുമയുള്ള ഒരു കഥാതന്തുവിനെ അതിലും പുതുമയുള്ള രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ആര്‍ക്കറിയാം. ഒരുപാട് കാര്യങ്ങളില്‍ നല്ല രീതിയില്‍ പഠനം നടത്തി, ഓരോ കഥാപാത്രത്തെയും ഇപ്പോഴത്തെ കൊവിഡ് അടക്കമുള്ള സാഹചര്യങ്ങളെയും അത് വ്യക്തി ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെയും അടുത്തുനിന്ന് നിരീക്ഷിച്ച് എടുത്ത ചിത്രം കൂടിയാണ് ആര്‍ക്കറിയാം.

ആര്‍ക്കറിയാം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ വന്ന സമയത്ത് തന്നെ, കൊവിഡ് നമുക്കിടയില്‍ സൃഷ്ടിച്ച അനിശ്ചിതത്വവും ഇനിയെന്താകും എങ്ങനെ മുന്നോട്ടു പോകണം എന്നറിയാത്ത അവസ്ഥയും ഒന്നും നമ്മുടെ നിയന്ത്രണലില്ലാത്ത സാഹചര്യവുമൊക്കെയാണ് ചിത്രത്തില്‍ പ്രമേയമായി കടന്നുവരുന്നതെന്ന സൂചനകളുണ്ടായിരുന്നു.

എന്നാല്‍ ചിത്രം കൊവിഡിനും അതിനപ്പുറത്തേക്കുമുള്ള നമ്മുടെ ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ, അതിനെ തരണം ചെയ്യാന്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങളെ, സാഹചര്യത്തിന്റെ സമ്മര്‍ദങ്ങളെ അതിനെയെല്ലാം പുതിയ ഒരു വെളിച്ചത്തില്‍ കാണിക്കുകയാണ്.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.