രജിഷ വിജയന്‍ ചിത്രം ഖോ ഖോയുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചു
Malayalam Cinema
രജിഷ വിജയന്‍ ചിത്രം ഖോ ഖോയുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th April 2021, 12:39 pm

തിരുവനന്തപുരം: റിജി നായര്‍ സംവിധാനം ചെയ്ത് രജിഷ വിജയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഖോ ഖോയുടെ തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു.

കൊവിഡ് പ്രോട്ടോകോള്‍ കണക്കിലെടുത്താണ് തീരുമാനമെന്നും ഒ.ടി.ടി., ടി.വി തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

വിഷുവിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. നേരത്തെ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളും അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു.

സാഹചര്യം കൂടുതല്‍ മോശമായാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസടക്കം മാറ്റിവയ്ക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഫിയോക്ക് അടക്കമുള്ള സംഘടനകള്‍ ഉടന്‍ യോഗം ചേരും.

7 മണിയ്ക്ക് തിയേറ്ററുകള്‍ അടക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് തിയേറ്റര്‍ ഉടമകള്‍ അനുകൂല നിലപാടിയിരുന്നു സ്വീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സമയക്രമീകരണത്തോടെ തുറക്കണോയെന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാമെന്നും പുതിയ ക്രമീകരണങ്ങളോടെ തുറക്കുന്നവര്‍ക്ക് അങ്ങനെയാകാമെന്നും അല്ലാത്തവര്‍ക്ക് അടച്ചിടാമെന്നും കൊച്ചിയില്‍ നടന്ന തിയേറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീരുമാനമായിയിരുന്നു.

സിനിമാ ശാലകളിലെ പ്രദര്‍ശനം രാത്രി ഒമ്പത് മണിക്കുതന്നെ അവസാനിപ്പിക്കാന്‍ തിയേറ്ററുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രദര്‍ശന ശാലകളുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചിരുന്നു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും പ്രദര്‍ശനം രാവിലെ ഒമ്പതിന് ആരംഭിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തത തേടുമെന്നും സംഘടന അറിയിച്ചിരുന്നു.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. രാജ്യത്താകെ കൊവിഡ് കണക്കുകള്‍ ക്രമാതീതമായി ഉയരുകയാണ്. കടുത്ത നിയന്ത്രണങ്ങളോടെ കൊവിഡ് വ്യാപന തോത് നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Malayalam film kho kho s shows-stopped due to covid