വില്യം ഷേക്‌സിപിയറിന്റെ പ്രസിദ്ധമായ ഹാംലറ്റ് എന്ന നാടകത്തെ ഉപജീവിച്ച് വി.കെ പ്രകാശ് സംവിധാനം ചെയ്ത കര്‍മയോഗി പ്രദര്‍ശനത്തിന് തയ്യാറായി.
ഹാംലെറ്റ് എന്ന ഷേക്‌സിപിയര്‍ കഥാപാത്രം അനുഭവിച്ച മാനസിക പ്രശ്‌നങ്ങളാണ് ഈ സിനിമയുടെ കേന്ദ്രബിന്ദു. വേണമോ വേണ്ടയോ എന്നതാണ് അയാള്‍ അഭിമുഖീകരിക്കുന്ന അവസ്ഥ. ഒരു ദ്വന്ദമനസ്, ചാഞ്ചല്യം എന്നു വേണമെങ്കില്‍ പറയാം. ഈ ഒരു മാനസികാവസ്ഥയാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന രുദ്രന്‍ എന്ന കഥാപാത്രത്തിന്റേത്.
കേരളീയ പശ്ചാത്തലത്തില്‍ പ്രത്യേകിച്ച് വടക്കേ മലബാറിലെ യോഗി സമുദായക്കാരുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ആ വംശജരുടെ ആചാരാനുഷ്ടാനങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.
അച്ഛന്റെ കൊലപാതകിയോട് പ്രതികാരം ചെയ്യാന്‍ നിയോഗിക്കപ്പെട്ട മകനാണ് രുദ്രന്‍. കൊലപാതകി ആരെന്നറിഞ്ഞിട്ടും അയാള്‍ കാര്യം നീട്ടിവെയ്ക്കുന്നു. അതിന് മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്തുന്നു. ഇത് ആയാളുടെ ദ്വന്ദമനസിന്റെ പ്രശ്‌നമാണ്. ഈ മാനസികാവസ്ഥയെ അയാള്‍ എങ്ങനെ നേരിടും എന്നാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
ഇന്ദ്രജിത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാവുകയാണ് ഇതിലെ രുദ്രന്‍. നിത്യാമേനോനും പദ്മിനി കോലാപ്പുരിയും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളാകുന്നു. അശോകന്‍, സൈജുകുറുപ്പ്, മണിക്കുട്ടന്‍, എം.ആര്‍ ഗോപകുമാര്‍, തലൈവാസല്‍വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു.
ട്രെന്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ക്രിയേറ്റീവ് ലാന്‍ഡ് പിക്‌ചേഴ്‌സ് എന്ന പുതിയ സ്ഥാപനം പ്രദര്‍ശനത്തിനെത്തിക്കുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ വിതരണ കമ്പനിയുടെ സാരഥികള്‍ രാജ് കുറുപ്പും സജീവ് കുറുപ്പുമാണ്.മട്ടന്നൂര്‍ ബല്‍റാം തിരക്കഥയും സംഭാഷണവും എഴുതുന്നു. സംഗീതം-ഔസേപ്പച്ചന്‍.

