മലയാളം ആർട്ടിസ്റ്റിന് ഇതര ഭാഷയിൽ വലിയ ബഹുമാനം കിട്ടും; നമുക്കത് ഫീൽ ചെയ്യും: അപർണ ദാസ്
Malayalam Cinema
മലയാളം ആർട്ടിസ്റ്റിന് ഇതര ഭാഷയിൽ വലിയ ബഹുമാനം കിട്ടും; നമുക്കത് ഫീൽ ചെയ്യും: അപർണ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th September 2025, 1:34 pm

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് സിനിമയിലേക്ക് വന്നത്. പിന്നീട് മനോഹരം എന്ന സിനിമയിലും അപർണ അഭിനയിച്ചു. വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിലൂടെ തമിഴിലും അപർണ അരങ്ങേറ്റം നടത്തി.

2023ൽ പുറത്തിറങ്ങിയ ഡാഡ എന്ന ചിത്രത്തിലെ അപർണയുടെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് നേടാനും ഡാഡ എന്ന ചിത്രത്തിലൂടെ അപർണക്ക് സാധിച്ചു. ഇപ്പോൾ ഇതര ഭാഷാ ഇൻഡസ്ട്രിയെക്കുറിച്ച് സംസാരിക്കുകയാണ് അപർണ.

‘മലയാള സിനിമ ഇൻഡസ്ട്രിയിൽ നിന്നുവരുന്ന ആർട്ടിസ്റ്റിന് ഇതര ഇൻഡസ്ട്രികളിൽ വലിയ റെസ്‌പെക്ടാണ് ലഭിക്കുക. നമുക്കത് ഫീൽ ചെയ്യും. സിനിമ അറിഞ്ഞ് വരുന്നവരാണ് എന്ന് ചിന്തിക്കുന്ന ആൾക്കാരാണ് പുറത്തുള്ളവർ.

നമ്മൾ കൊടുക്കുന്ന കണ്ടന്റ് ആയാലും സിനിമ ആയാലും അത്രയും വാല്യൂ ഉണ്ട്. കുറേ ആളുകൾ ചെയ്തുവെച്ചിരിക്കുന്ന നല്ല സിനിമകൾ കാരണം മലയാളത്തിലെ ആർട്ടിസ്റ്റുകൾക്ക് പുറത്ത് നല്ല റെസ്‌പെക്ട് ലഭിക്കുന്നു,’ അപർണ ദാസ് പറയുന്നു.

സിനിമയിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും അവർ സംസാരിച്ചു,

പുതിയ പുതിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കണമെന്നും പുതിയ മാറ്റങ്ങളുണ്ടാവുമ്പോഴും പഴയതിന്റെ ഡെപ്ത് മാറരുത് എന്നാഗ്രഹിക്കുന്നുവെന്നും അപർണ കൂട്ടിച്ചേർത്തു.

വിജയ്, ഫഹദ് എന്നിവർക്കൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്തു തുടങ്ങാനുള്ള ഭാഗ്യം എല്ലാവർക്കും കിട്ടണമെന്നില്ലെന്നും എന്നാൽ തനിക്കത് കിട്ടിയെന്നും അപർണ പറഞ്ഞു.

തന്നെപ്പോലെ സിനിമയിൽ ഒരു ബന്ധവുമില്ലാത്ത ആൾക്ക് മലയാളത്തിലും തമിഴിലും നല്ലൊരു ടീമിന്റെ കൂടെ തുടങ്ങാൻ പറ്റുന്നത് ഭാഗ്യമാണെന്നും നടി പറയുന്നു.

അതുകൊണ്ട് നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളുവെന്നും സത്യൻ അന്തിക്കാടിന്റെ സെറ്റിൽ നിന്ന് സിനിമയെക്കുറിച്ചും റെസ്‌പെക്ട് സംബന്ധിച്ചും പഠിച്ചിട്ടാണ് അന്യഭാഷയിലേക്ക് പോയതെന്നും അതുകൊണ്ട് മറ്റുസെറ്റുകളിൽ താഴേക്ക് പോകേണ്ടി വന്നിട്ടില്ലെന്നും അപർണ കൂട്ടിച്ചേർത്തു.

Content Highlight: Malayalam artistes will gain great respect in other languages says Aparna Das