ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെയിലൂടെ തന്റെ കരിയര്‍ തുടങ്ങിയ നടിയാണ് മാളവിക മോഹനന്‍. പിന്നീട് നടി ബോളിവുഡിലും തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു. പ്രശസ്ത സംവിധായകന്‍ മജിദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സ് എന്ന ചിത്രത്തില്‍ ഭാഗമാകാനും മാളവികക്ക് സാധിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ഇന്‍ഡസ്ട്രിയല്‍ തന്റേതായ ഇടം നേടാന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്.
വിക്രം നായകനായെത്തി 2024ല്‍ പുറത്തിറങ്ങിയ തങ്കലാനില്‍ മാളവികയും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ സിനിമയെ കുറിച്ചും സിനിമ കണ്ട് ഫഹദ് മെസേജ് അയച്ച സന്തോഷവും പങ്കുവെക്കുകയാണ് നടി.
‘തങ്കലാന് വേണ്ടി ഞാന്‍ ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്തിരുന്നു. ആ സിനിമക്ക് ഞാന്‍ എന്റെ ഒരു ഇരുനൂറ് ശതമാനത്തോളം കൊടുത്തിട്ടുണ്ട്. സിനിമ വര്‍ക്കാവുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. അതുപോലെ ആ കഥാപാത്രം വര്‍ക്കാവുമോ ഇല്ലയോ എന്നറിയില്ല. പക്ഷേ ഞാന്‍ എന്റെ മുഴുവന്‍ എഫേര്‍ട്ടും കൊടുത്തിട്ടുണ്ട്. അതാണ് എറ്റവും പ്രധാനപ്പെട്ടത്.
പിന്നെ നമുക്ക് ഒരു തിരിച്ചറിവ് ഉണ്ടാകുമല്ലോ നമ്മള്‍ കൊടുത്ത ഹാര്‍ഡ് വര്‍ക്കിനുള്ള ഒരു റിസള്‍ട്ട് കിട്ടിയെന്ന് അങ്ങനെ എനിക്ക് ഒരു മൊമെന്റ് ഉണ്ടായിരുന്നു. സിനിമ കണ്ടിട്ട് ഫഹദ് മെസേജ് അയച്ചിരുന്നു. ഫഹദ് വെറുതേ പറയുന്നയാളല്ല. പുള്ളിക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ ഒന്നും പറയില്ല.
ഫഹദ് പറഞ്ഞു, സിനിമയില്‍ എന്റ കഥാപാത്രം നല്ല ഇഷ്ടമായെന്ന്. അതൊരു ബിഗ് മൊമെന്റായിരുന്നു. കാരണം ഫഫ എന്റെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ്. അതുപോലെ സിനിമ കണ്ടിട്ട് അഞ്ജലി മേനോനും മഞ്ജു ചേച്ചിയുമൊക്കെ എന്നെ വിളിച്ചിരുന്നു,’ മാളവിക മോഹനന്‍ പറയുന്നു.
പാ. രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തങ്കലാന്‍. സിനിമയില്‍ വിക്രം അഞ്ച് വേഷങ്ങളില്‍ അഭിനയിച്ചു. വിക്രമിന് പുറമേ ഡാനിയേല്‍ കാല്‍ത്തഗിറോണ്‍, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍, ഹരി കൃഷ്ണന്‍ എന്നിവരും അഭിനയിച്ചിരുന്നു. എ. കിഷോര്‍ കുമാര്‍ ഛായാഗ്രാഹണം നിര്‍വഹിച്ച സിനിമക്ക് സംഗീതം നല്‍കിയത് ജി.വി പ്രകാശ് കുമാറാണ്.
Content Highlight: Malavika talks about the message Fahad sent her after seeing Thangalan