അച്ഛന്റെ ആ സിനിമയില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്, ആര്‍ക്കുമറിയില്ല: മാളവിക ജയറാം
Film News
അച്ഛന്റെ ആ സിനിമയില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്, ആര്‍ക്കുമറിയില്ല: മാളവിക ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th April 2022, 5:41 pm

താരങ്ങളുടെ മക്കളും സിനിമയിലേക്കെത്തുന്ന പ്രവണത ഇപ്പോള്‍ മലയാള സിനിമയിലും വര്‍ധിച്ച് വരുന്ന കാഴ്ചയാണുള്ളത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് അടുത്ത കാലത്ത് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നെപ്പോ കിഡ്‌സ്.

അടുത്തിടെ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക എന്നാണ് സിനിമയിലെത്തുക എന്ന ചോദ്യമുയര്‍ന്നിരുന്നു.

എന്നാല്‍ താന്‍ നേരത്തെ തന്നെ ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രേക്ഷകര്‍ക്കധികം ആ കാര്യമറിയില്ലെന്നും മാളവിക പറയുന്നു. രേഖാ മേനോനുമായിട്ടുള്ള അഭിമുഖത്തിലാണ് താനഭിനയിച്ച ചിത്രത്തെ പറ്റി മാളവിക പറഞ്ഞത്.

”ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ആര്‍ക്കുമറിയില്ല. സത്യന്‍ അന്തിക്കാട് അങ്കിള്‍ തന്നെയാണ് എന്നെ സിനിമയില്‍ പരിചയപ്പെടുത്തിയത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയില്‍ ഞാനുമുണ്ടായിരുന്നു,” മാളവിക പറഞ്ഞു.

സിനിമയിലുള്ള ആ സീന്‍ സത്യന്‍ അന്തിക്കാട് വിവരിക്കുകയും ചെയ്യുന്നുണ്ട്.

”യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമ റിവൈന്റ് ചെയ്ത് കണ്ട് നോക്കിയാല്‍ ചക്കിയുടെ(മാളവിക) അഭിനയം മനസിലാവും. അതില്‍ ജയറാമും സൗന്ദര്യയും ട്രെയിനിലുള്ള സീനുകള്‍ മദ്രാസില്‍ സെറ്റിട്ട് ഷൂട്ട് ചെയ്യുമ്പോള്‍ അവിടേയ്ക്ക് കണ്ണനും (കാളിദാസന്‍ ജയറാം) ചക്കിയും പാര്‍വതിയും വന്നിരുന്നു.

അപ്പോള്‍ ഞാന്‍ പറഞ്ഞു കണ്ണന്‍ ഇവിടെയുള്ള നിലയ്ക്ക് അവന്‍ ഈ സീനില്‍ പാസ് ചെയ്ത് പോയിക്കോട്ടെ എന്ന്. ഒരു ട്രെയ്നില്‍ യാത്രക്കാര്‍ പാസ് ചെയ്ത് പോകാറുണ്ടല്ലോ. അതില്‍ ചക്കിയെയും കേറ്റി. അതില്‍ കണ്ണന്‍ ചക്കി വാ എന്ന് പറഞ്ഞിട്ട് പിടിച്ച് കൊണ്ട് പോകുന്ന ഒരു സീനുണ്ട്. ആ സീനില്‍ രണ്ട് കുട്ടികള്‍ പാസ് ചെയ്യുന്നുണ്ട്,” സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

”കണ്ണന്‍ ഉള്ളത് കൊണ്ട് എന്റെ ഡയലോഗും കൂടി പോയി കിട്ടി, എക്സ്പീരിയന്‍സ് ആക്ടര്‍ അത് കൊണ്ട് പോയി. എന്നെ പിന്തുടര്‍ന്ന് വന്നാല്‍ മതി, എന്റെ ടൈമിംഗില്‍ നീങ്ങിയേക്ക് ചക്കി. എല്ലാം ഞാന്‍ ഏറ്റു എന്നൊക്കെ അവന്‍ പറഞ്ഞു. അങ്ങനെ ആ സീന്‍ ഞങ്ങള്‍ ചെയ്തു,” ചക്കി പറഞ്ഞു.

അതേസമയം, സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാമും മീര ജാസ്മിനും കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘മകള്‍’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തില്‍ ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, കെ.പി.എ.സി ലളിത, ശ്രീനിവാസന്‍, നസ്‌ലിന്‍ കെ. ഗഫൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏപ്രില്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

Content Highlight: Malavika says that although she has acted in a film before, the audience does not know much about it