ഈ പടത്തില്‍ ഒറിജിനലായിട്ട് വല്ലതും ഉണ്ടോ, രാജാസാബില്‍ മാളവിക മോഹനനും ഡ്യൂപ്പ് ഉപയോഗിച്ച ഫോട്ടോ വൈറല്‍
Indian Cinema
ഈ പടത്തില്‍ ഒറിജിനലായിട്ട് വല്ലതും ഉണ്ടോ, രാജാസാബില്‍ മാളവിക മോഹനനും ഡ്യൂപ്പ് ഉപയോഗിച്ച ഫോട്ടോ വൈറല്‍
അമര്‍നാഥ് എം.
Friday, 13th February 2026, 6:48 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയത്തിന്റെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് പ്രഭാസ് നായകനായ രാജാസാബ്. മാരുതി സംവിധാനം ചെയ് പാന്‍ ഇന്ത്യന്‍ ഹൊറര്‍ ഫാന്റസി ചിത്രം പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറി. 450 കോടിയിലെത്തിയ ചിത്രത്തിന് 200 കോടി പോലും നേടാനായില്ല.

രാജാസാബ് തിയേറ്ററില്‍ റിലീസായപ്പോള്‍ തന്നെ കേട്ട വലിയൊരു വിമര്‍ശനമായിരുന്നു പ്രഭാസ് ഡ്യൂപ്പിനെ ഉപയോഗിക്കുന്നത്. റിസ്‌കുള്ള ആക്ഷന്‍ സീനില്‍ ഡ്യൂപ്പുകളെ ഉപയോഗിക്കുന്നതിന് പകരം നില്‍ക്കുന്നതും നടക്കുന്നതുമായ ഷോട്ടുകളില്‍ പ്രഭാസിന് പകരം ഡ്യൂപ്പായിരുന്നു അഭിനയിച്ചത്. ഫേസ് സ്വാപ്പ് ചെയ്ത രംഗങ്ങളെല്ലാം വലിയ രീതിയില്‍ ട്രോള്‍ മെറ്റീരിയലായി മാറി.

ഇപ്പോഴിതാ നായകനായ പ്രഭാസിനെപ്പോലെ നായികയായ മാളവിക മോഹനനും ഡ്യൂപ്പിനെ ഉപയോഗിച്ച ചിത്രങ്ങള്‍ വൈറലായി. ചിത്രത്തിലെ ഫൈറ്റ് സീനിലാണ് മാളവികക്ക് പകരം വിദേശിയായ ഡ്യൂപ്പിനെ ഉപയോഗിച്ചത്. മാളവികയുടെ അതേ ഗെറ്റപ്പിലാണ് ഡ്യൂപ്പിനെയും അവതരിപ്പിച്ചത്. ചിത്രത്തിലെ ഫൈറ്റര്‍മാരില്‍ ഒരാള്‍ പങ്കുവെച്ച ഫോട്ടോയിലൂടെയാണ് വിവരം പുറത്തുവന്നത്.

ഇതോടെ സംവിധായകനെതിരെ പലരും വിമര്‍ശനവുമായി രംഗത്തെത്തി. ചിത്രത്തില്‍ ഒറിജിനലായി വല്ല രംഗവുമുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. ആയിരം മുതല്‍ അയ്യായിരം രൂപ വരെ ടിക്കറ്റിന് നല്‍കി തിയേറ്ററിലെത്തുന്ന പ്രേക്ഷകനെ ഇങ്ങനെ പറ്റിച്ച മറ്റൊരു സിനിമ അടുത്തകാലത്തൊന്നും പുറത്തിറങ്ങിയിട്ടില്ലെന്നും വിമര്‍ശനങ്ങളുണ്ട്.

 

നാടുവിട്ടുപോയ തന്റെ മുത്തശ്ശനെ കണ്ടുപിടിക്കാന്‍ നടക്കുന്ന നായകനും അയാള്‍ എത്തിപ്പെടുന്ന കൊട്ടാരത്തില്‍ നടക്കുന്ന ഫാന്റസികളുമാണ് രാജാസാബിന്റെ കഥ. ഒരുപാട് സാധ്യതകളുണ്ടായിരുന്ന പ്ലോട്ട് പ്രഭാസിന്റെ സ്റ്റാര്‍ഡത്തിന് വേണ്ടി നശിപ്പിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. റിലീസ് ദിവസം മുതല്‍ സംവിധായകന്‍ കേള്‍ക്കുന്ന വിമര്‍ശനങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. റിദ്ധി കുമാര്‍, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍ തുടങ്ങിയവര്‍ക്കും ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ടായിരുന്നില്ല. സഞ്ജയ് ദത്തിന്റെ വില്ലന്‍ വേഷവും ചിത്രത്തിലെ ഗ്രാഫിക്‌സുമെല്ലാം ട്രോള്‍ മെറ്റീരിയലായി മാറി. ആദിപുരുഷ് വിതരണത്തിനെടുത്ത പീപ്പിള്‍ മീഡിയ ഫാക്ടറിയാണ് രാജാസാബിന്റെ നിര്‍മാതാക്കള്‍. ആദിപുരുഷിന്റെ നഷ്ടത്തെക്കാള്‍ വലിയ നഷ്ടമാണ് രാജാസാബ് നിര്‍മാതാക്കള്‍ക്ക് സമ്മാനിച്ചത്.

Content Highlight: Malavika Mohanan using dupe in Rajasaab movie viral in troll pages

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം