തമിഴും തെലുങ്കുമുണ്ടെങ്കിലും അവര്‍ക്ക് മലയാളം സിനിമ മാത്രം മതി; അനുഭവം പങ്കുവെച്ച് മാളവിക മോഹനന്‍
Entertainment news
തമിഴും തെലുങ്കുമുണ്ടെങ്കിലും അവര്‍ക്ക് മലയാളം സിനിമ മാത്രം മതി; അനുഭവം പങ്കുവെച്ച് മാളവിക മോഹനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th February 2023, 10:59 pm

 

കേരളത്തിന് പുറത്തും മലയാള സിനിമക്ക് വലിയ പ്രേക്ഷക പിന്തുണ ലഭിക്കുന്നുണ്ടെന്നും, കൂടുതല്‍ റിയലിസ്റ്റിക്കായ ചിത്രങ്ങള്‍ ഇവിടെ നിര്‍മിക്കപ്പെടുന്നതാവാം അതിന് കാരണമെന്നാണ് കരുതുന്നതെന്നും നടി മാളവിക മോഹനന്‍.

ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നടി തന്റെ അഭിപ്രായം പറഞ്ഞത്.  മലയാളിയല്ലാത്ത സുഹൃത്തിന്റെ മലയാള സിനിമയോടുള്ള അഭിനിവേശം പരാമര്‍ശിച്ചു കൊണ്ടാണ് മാളവിക തന്റെ അഭിപ്രായം പറഞ്ഞത്.

 

 

”മുംബൈയില്‍ താമസിക്കുന്ന എന്റെ ഒരു സുഹൃത്ത് മലയാള സിനിമകള്‍ മാത്രമേ കാണൂ. അവന്‍ ഒരു മലയാളിയല്ല. എന്തിന്, സൗത്തിന്ത്യക്കാരന്‍ പോലുമല്ല. ഞാനവന് ഇടക്ക് തമിഴ് സിനിമയും തെലുങ്ക് സിനിമയും സജസ്റ്റ് ചെയ്യാറുണ്ട്.  കണ്ടുകഴിഞ്ഞ് നന്നായിട്ടുണ്ടെന്നെല്ലാം അവന്‍ പറയും,  പക്ഷെ തൊട്ടടുത്ത നിമിഷം ‘നമുക്കൊരു മലയാളം പടം കണ്ടാലോ’ എന്ന് ചോദിക്കും.

ഇവര്‍ക്കെന്താ മലയാള സിനിമയോട് ഇത്രക്ക് താല്‍പര്യമെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.  മലയാള സിനിമ കുറച്ചു കൂടി റിയലിസ്റ്റാക്കാണെന്നാണ് അവര്‍ പറയുന്നത്. അത്തരം സിനിമകള്‍ അവര്‍ക്ക് കൂടുതലായി കണക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ട്. റിയല്‍ ലൈഫിനോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളാണ് ഇവിടെ വരുന്നതെന്നാണ് അവര്‍ പറയുന്നത്. അത്തരം സിനിമകള്‍ കേരളത്തിന് പുറത്ത് വലിയ സ്വാധീനം ഉണ്ടാക്കിയെടുക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്,” മാളവിക പറഞ്ഞു.

Any tea on Malavika Mohanan? I find her the most striking among the newer  actresses. : r/BollyBlindsNGossip

മലയാള സിനിമകളിലെ നായികാ കഥാപാത്രങ്ങളെ വളരെ വ്യത്യസ്തമായാണ് അവതരിപ്പിക്കുന്നതെന്നും, അനാവശ്യമായ മേക്കപ്പ് ഉപയോഗിക്കുന്ന രീതി ഇവിടെ കുറവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ക്രിസ്റ്റിയാണ് മാളവികയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഫെബ്രുവരി 17 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ മാത്യു തോമസാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്.

കൗമാരക്കാരനായ മാത്യുവിന്റെ കഥാപാത്രത്തിന് മുതിര്‍ന്ന സ്ത്രീയോട് പ്രണയം തോന്നുന്നതും, തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. ബെന്യാമിനും, ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Content Highlight: Malavika mohanan talks about malayalam films

: