മലയാളം സിനിമയെക്കുറിച്ചും ഫഹദിനെക്കുറിച്ചും പറയുന്നതിപ്പോൾ ട്രെൻഡ്: മാളവിക മോഹനൻ
Malayalam Cinema
മലയാളം സിനിമയെക്കുറിച്ചും ഫഹദിനെക്കുറിച്ചും പറയുന്നതിപ്പോൾ ട്രെൻഡ്: മാളവിക മോഹനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th August 2025, 2:57 pm

പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനൻ. തമിഴിലേക്കും ഹിന്ദിയിലേക്കും ചേക്കറിയ നടി ഒരിടവേളക്ക് ശേഷം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ടീസർ പുറത്തിറങ്ങിയപ്പോൾ എല്ലാവരും ശ്രദ്ധിച്ചത് അതിലെ ഫഹദ് ഫാസിൽ റെഫറൻസാണ്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് മാളവിക മോഹനൻ.

‘മലയാളം ഇൻഡസ്ട്രിയുടെ പുറത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടാറുള്ള നടൻ ഫഹദ് ഫാസിലാണ്. ടീസറിലുള്ള സീൻ കറക്ടാണ്. സ്‌ക്രിപ്റ്റ് വായിക്കുന്ന സമയത്ത് ഞാൻ ഒരുപാട് ചിരിച്ചിരുന്നു. കാരണം എനിക്ക് അക്കാര്യം റിലേറ്റ് ചെയ്യാൻ പറ്റിയിരുന്നു,’ മാളവിക മോഹനൻ പറയുന്നു.

തന്റെ മുംബൈയിലുള്ള കൂട്ടുകാരും ബാക്കി ഇൻഡ്രസ്ട്രികളിലുള്ള കൂട്ടുകാരും സംസാരിക്കുന്നത് ഫഹദ് ഫാസിലിനെക്കുറിച്ചാണെന്നും അവർ കൂട്ടിച്ചേർത്തു. ഹിന്ദി ഫിലിം ഇൻഡസ്ട്രികളിൽ വർക്ക് ചെയ്യുന്ന ആളുകൾക്ക് മലയാളം സിനിമയുടെ ഐഡിയയുള്ളത് വേറെ തരത്തിൽ ആണെന്നും മലയാളം സിനിമയും ഫഹദിനെയും ഇഷ്ടമാണെന്ന് പറയുന്നത് ഇപ്പോഴൊരു ട്രെൻഡ് ആണെന്നും മാളവിക കൂട്ടിച്ചേർത്തു.

മലയാളിയും ഇതര ദേശക്കാരും തമ്മിലുള്ള ഒറിജിനൽ സംഭാഷണമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്നും ഒരുപാട് ആളുകൾ തന്നോട് തന്നെ ഫഹദിനെപ്പറ്റി ചോദിച്ചിട്ടുണ്ടെന്നും മാളവിക പറയുന്നു.

ആ ദൃശ്യങ്ങൾ വെച്ച് കുറച്ച് മീമ്‌സും വന്നിട്ടുണ്ടായിരുന്നെന്നും മാളവിക മോഹനൻ കൂട്ടിച്ചേർത്തു.

ഹൃദയപൂർവ്വം സിനിമയെക്കുറിച്ചും മാളവിക സംസാരിച്ചു,

തങ്ങൾക്ക് ഓവർ പ്രൊമോട്ട് ചെയ്യാൻ താത്പര്യമില്ലെന്നും അങ്ങനെ സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ടായിരുന്നെന്നും നടി പറഞ്ഞു. ഇതൊരു ടിപ്പിക്കൽ പ്രണയ കഥയല്ലെന്നും സിനിമ കാണുമ്പോൾ അത് മനസിലാകുമെന്നും മാളവിക മോഹനൻ കൂട്ടിച്ചേർത്തു.

ഹൃദയപൂർവ്വം

സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് ഹൃദയപൂർവ്വം. ചിത്രം ഓഗസ്റ്റ് 28ന് തിയേറ്ററിലെത്തും. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് സിനിമ നിർമിക്കുന്നത്.

Content Highlight: Malavika Mohanan Talking about Fahadh Faasil