ലാല്‍ സാറിന് ശേഷം ഞാന്‍ കണ്ടതില്‍ വെച്ച് സിനിമയുടെ ക്രാഫ്റ്റ്‌സിനെ കുറിച്ച് ഒരുപാട് അറിയാവുന്ന നടന്‍ അദ്ദേഹമാണ്: മാളവിക മോഹനന്‍
Indian Cinema
ലാല്‍ സാറിന് ശേഷം ഞാന്‍ കണ്ടതില്‍ വെച്ച് സിനിമയുടെ ക്രാഫ്റ്റ്‌സിനെ കുറിച്ച് ഒരുപാട് അറിയാവുന്ന നടന്‍ അദ്ദേഹമാണ്: മാളവിക മോഹനന്‍
അമര്‍നാഥ് എം.
Saturday, 27th December 2025, 7:06 am

മലയാളത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവരികയും ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന നടിയാണ് മാളവിക മോഹനന്‍. മജീദ് മജീജി സംവിധാനം ചെയ്ത ബിയോണ്ട് ദി ക്ലൗഡ്‌സ് പോലുള്ള ഓഫ് ബീറ്റ് സിനിമകളും പേട്ട, മാസ്റ്റര്‍ പോലുള്ള കൊമേഴ്‌സ്യല്‍ സിനിമകളിലും ഒരുപോലെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

കരിയറില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിട്ടുള്ള സഹതാരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മാളവിക. മോഹന്‍ലാലില്‍ നിന്ന് ഒരുപാട് പഠിക്കാനായിട്ടുണ്ടെന്ന് താരം പറഞ്ഞു. ഹൃദയപൂര്‍വ്വം എന്ന സിനിമ തനിക്ക് ലഭിച്ച വലിയൊരു അവസരമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാളവിക.

‘ലാല്‍ സാറിന് ശേഷം ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചത് ധനുഷില്‍ നിന്നുമാണ്. സിനിമയുടെ ക്രാഫ്റ്റിനെക്കുറിച്ച് രണ്ട് പേര്‍ക്കുമുള്ള അറിവ് അപാരമാണ്. അവര്‍ക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം നമുക്ക് പറഞ്ഞ് തരാറുണ്ട്. അതോടൊപ്പം നമ്മളെ പരമാവധി കംഫര്‍ട്ടാക്കാനും അവര്‍ ശ്രമിക്കും. അവരോടൊപ്പം അഭിനയിക്കുന്നത് നല്ല രസമാണ്’ മാളവിക പറയുന്നു.

കരിയറില്‍ താന്‍ ഇടക്ക് ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. പേട്ട എന്ന സിനിമയില്‍ വളരെ ചെറിയ റോളായിരുന്നെന്നും രജിനിയോടൊപ്പം അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ആ സിനിമക്ക് ഓക്കെ പറഞ്ഞതെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. രജിനികാന്തിനൊപ്പം അഭിനയിക്കുക എന്നത് തന്റെ ബക്കറ്റ് ലിസ്റ്റിലുള്ള കാര്യമായിരുന്നെന്നും താരം പറയുന്നു.

പേട്ടക്ക് ശേഷം പിന്നീട് അതുപോലുള്ള ‘അനിയത്തി’ കഥാപാത്രങ്ങളായിരുന്നു എന്നെത്തേടി കൂടുതലായും വന്നത്. പലതിനോടും നോ പറയേണ്ടി വന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് മാസ്റ്റര്‍ എന്ന സിനിമ എനിക്ക് ലഭിച്ചത്. അത് എനിക്ക് നല്ലൊരു അവസരമായിരുന്നു. അതുപോലെ ചില സംവിധായകരുണ്ട്, അവസാന നിമിഷത്തില്‍ ഡയലോഗിലെല്ലാം മാറ്റം വരുത്തും. അത് എനിക്ക് നല്ല രീതിയില്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്,’ മാളവിക പറയുന്നു.

2025ല്‍ താന്‍ ചെയ്ത സിനിമകളെക്കുറിച്ചും മാളവിക സംസാരിച്ചു. ഹൃദയപൂര്‍വ്വം എന്ന ചിത്രം ഗംഭീര അനുഭവമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. രാജാ സാബ് റിലീസിന് തയാറെടുക്കുകയാണെന്നും സര്‍ദാര്‍ 2വാണ് മറ്റൊരു പ്രൊജക്ടെന്നും മാളവിക പങ്കുവെച്ചു. സര്‍ദാര്‍ 2 എന്ന ചിത്രം ഗംഭീരമായി വരുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Malavika Mohanan shares her experience with Dhanush and Mohanlal

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം