സിനിമയിലായാലും ജീവിതത്തിലായാലും നിലപാട് വേണം; ആ ഒരു നിര്‍ബന്ധമേ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നുള്ളൂ: മാളവിക മോഹനന്‍
Malayalam Cinema
സിനിമയിലായാലും ജീവിതത്തിലായാലും നിലപാട് വേണം; ആ ഒരു നിര്‍ബന്ധമേ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നുള്ളൂ: മാളവിക മോഹനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd September 2025, 1:55 pm

 

പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് സൗത്ത് ഇന്ത്യയില്‍ അറിയപ്പെടുന്ന നടിയാണ് മാളവിക മോഹനന്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചുരുങ്ങിയ കാലം കൊണ്ട് മാളവിക തന്റെ സാന്നിധ്യമറിയിച്ചു. മജിദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സ് എന്ന ചിത്രത്തിന്റെ ഭാഗമാകാനും മാളവികക്ക് സാധിച്ചു.

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വത്തിലും മാളവിക പ്രധാനവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമയിലായാലും ജീവിതത്തിലായാലും നമുക്കൊരു നിലപാട് വേണമെന്ന് പറയുകയാണ് മാളവിക.

‘മുംബൈയില്‍ പഠിക്കുന്ന സമയത്ത് പൂവാലശല്യത്തിനെതിരായ ‘ചപ്പല്‍ മാരുംഗി’ പോലെയുള്ള കാമ്പയിനുകളിലൊക്കെ പങ്കെടുത്തിരുന്നു. സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും നമുക്ക് പ്രതികരിക്കാനോ ഇടപെടാനോ സാധിക്കില്ല. പക്ഷേ നമ്മള്‍ അഭിമുഖീകരിക്കുന്ന ചില കാര്യങ്ങളിലെങ്കിലും നമ്മുടെ നിലപാട് ശക്തമായി പറയണം. അച്ഛനും അമ്മയും എനിക്ക് തന്ന സ്വാതന്ത്ര്യവും കരുതലുമാണ് എന്നെ ഞാനാക്കിയത്,’ മാളവിക മോഹന്‍.

സ്വാത്രന്ത്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് നല്ല പരിഗണന ലഭിക്കുന്നുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അതുപോലെ സോളോ യാത്രകളും മറ്റും തനിക്കും ഏറെ ഇഷ്ടപ്പെട്ട കാര്യമാണെന്നും നടി പറയുന്നു. നമ്മളെ നമ്മളായി അറിയാനുള്ള ഒരിടമായിട്ടാണ് ഓരോ യാത്രയെയും താന്‍ കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ തന്റെ ജീവിത്തെ കുറിച്ചും മാളവിക സംസാരിച്ചു. മുംബൈ വളരെ സ്വാതന്ത്ര്യവും ആ ത്മവിശ്വാസവും നല്‍കുന്ന നഗരമാണെന്ന് മാളവിക പറയുന്നു.

‘ക്രിയേറ്റീവായ ഏതൊരാള്‍ക്കും മുംബൈ തരുന്ന സ്വാതന്ത്യം നല്ല രീതിയില്‍ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. പലയിടങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളാണ് അവിടെ എന്റെ ഏറ്റവും വലിയ സമ്പാദ്യം. അവരൊക്കെയും എന്നെ ഏതൊക്കെയോ തലങ്ങളില്‍ സ്വാധീനിച്ചിട്ടുണ്ട്. എവിടെ പോയാലും അധികം വൈകുന്നതിന് മുമ്പ് വീട്ടിലെത്തണം എന്നൊരു നിര്‍ബന്ധമേ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നുള്ളൂ. വീട് എന്ന ആശ്വാസത്തണലിലേക്ക് ചെന്നണയാന്‍ എനിക്കും ഒരുപാടിഷ്ടമാണ്,’ മാളവിക പറഞ്ഞു.

 

Content Highlight: Malavika mohanan saying that we need to take a stand, whether in films or in life