ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിക്കുകയും ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന നടിയാണ് മാളവിക മോഹനന്‍. മാജീദ് മജീദി സംവിധാനം ചെയ്ത ബിയോണ്ട് ദി ക്ലൗഡ്സ് പോലുള്ള ഓഫ് ബീറ്റ് സിനിമകളും പേട്ട, മാസ്റ്റര്‍ പോലുള്ള കൊമേഴ്ഷ്യല്‍ സിനിമകളിലും ഒരുപോലെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ താരം വൈകിയിരുന്നു. പ്രഭാസ് നായകനായ രാജസാബിലൂടെയാണ് മാളവിക ടോളിവുഡിലേക്കും ചേക്കറിയത്. ഇപ്പോള്‍ ഫിലി ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തെലുങ്കിലേക്കെത്താന്‍ ഇത്രയധികം സമയമെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മാളവിക.
വാസ്തവത്തില്‍ തന്റെ ആദ്യ തെലുങ്ക് സിനിമ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം നടക്കുമായിരുന്നുവെന്നും ചില കാരണങ്ങളാല്‍ അത് സംഭവിച്ചില്ലെന്നും താരം പറയുന്നു.
‘എന്റെ തെലുങ്ക് ഡബ്യൂ ശരിക്കും വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം നടക്കേണ്ടതായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ കരാറൊപ്പിട്ടു. മനോഹരമായ ഒരു കഥയായിരുന്നവത്. അതില്‍ എന്റെ കഥാപാത്രം ഒരു പിയാനിസ്റ്റും, നായകന്‍ ഒരു ബൈക്ക് റൈഡറുമായിരുന്നു.
ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇരുവരും കണ്ടുമുട്ടുന്നതും ജീവിതം അവരെ എങ്ങോട്ട് കൊണ്ട് പോകുമെന്നൊക്കെ പറയുന്ന കഥയായിരുന്നു.
എന്നാല്‍ ആ സമയം വിജയ് മറ്റൊരു സിനിമയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. അങ്ങനെ അത് മാറ്റിവച്ചു. പിന്നെ ആ സിനിമ സംഭവിച്ചില്ല. സിനിമയില്‍, എന്ത് സംഭവിക്കും എങ്ങനെ നടക്കുമെന്നൊന്നും
നിങ്ങള്‍ക്ക് ഒരിക്കലും പ്രവചിക്കാന്‍ കഴിയില്ല. ഒരു ഘട്ടത്തില്‍, ചിലപ്പോള്‍ നമ്മള്‍ നിരാശപ്പെട്ടേക്കാം. പക്ഷേ മറ്റൊരു വശത്ത് മികച്ചത് എന്തെങ്കിലും സംഭവിക്കും,’ മാളവിക മോഹന്‍ പറയുന്നു.
തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ പറ്റിയ സിനിമയ്ക്കായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ധാരാളം ഓഫറുകള്‍ വന്നുകൊണ്ടിരുന്നു, പക്ഷേ ഒരു വലിയ താരത്തോടൊപ്പം സിനിമ ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും നടി പറഞ്ഞു. പിന്നീട് ദി രാജാസാബ് സിനിമയ്ക്കായി ഫോണ്‍കോള്‍ വന്നുവെന്നും പ്രഭാസാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ അത് വലിയൊരു അവസരമാണെന്ന് താന്‍ കരുതിയെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.
മാരുതി രചനയും സംവിധാനവും നിര്‍വഹിച്ച് 2025ല്‍ പുറത്തിറങ്ങിയ സിനിമയാണ് രാജാസാബ്. പ്രഭാസ് നായകവേഷത്തിലെത്തിയ സിനിമയില്‍ മാളവിക മോഹനും ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. 400 കോടി ബജറ്റിലൊരുങ്ങിയ ഈ സിനിമ എന്നാല്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.
Content Highlight: Malavika Mohan talks about her delay in entering Telugu cinema