മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണം; ഉത്തരവ് മരവിപ്പിച്ച് കളക്ടര്‍
Kerala News
മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണം; ഉത്തരവ് മരവിപ്പിച്ച് കളക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd April 2021, 8:52 pm

മലപ്പുറം: ജില്ലയിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതു നിരോധിച്ചുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു. ആരാധനാലയങ്ങളിലെ നിയന്ത്രണം സംബന്ധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് പുതിയ അറിയിപ്പ്.

നേരത്തെ നിയന്ത്രണങ്ങള്‍ക്കെതിരെ മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു. പ്രവേശനം അഞ്ച് പേര്‍ക്കായി ചുരുക്കിയത് കൂടിയാലോചനയില്ലാതെയാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കേരള മുസ്‌ലീം ജമാഅത്തും ആവശ്യപ്പെട്ടിരുന്നു.


മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടമാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

മലപ്പുറത്ത് പതിനാറ് പഞ്ചായത്തുകളില്‍ കൂടി ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

കഴിഞ്ഞ ദിവസം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഇന്ന് 2,671 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. 529 പേര്‍ രോഗമുക്തരായി. ഇന്ന് രോഗബാധിതരായവരില്‍ 2,529 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 75 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്.

വൈറസ് ബാധിതരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 57 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെയായി 643 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടത്.

ജില്ലയില്‍ നിലവില്‍ 33,796 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 17,361 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Malappuram Worship Centres Temple Masjid Restrictions Freeze