താലിബാന്‍ വെടിവെച്ചില്ലെങ്കില്‍ പാകിസ്ഥാനിലെ ദശലക്ഷം പെണ്‍കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളുകളില്‍ ഇരുന്നേനെ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം![]()

എസ്സേയ്‌സ് / അക്രം ജാവേദ്
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചതുകൊണ്ട് തെഹ്‌രീഖ്-ഇ-താലിബാന്‍ മലാല യൂസഫ്‌സായ് എന്ന പതിനാലുകാരിയെ വെടിവെച്ചതിന് ശേഷം പാകിസ്ഥാനിലെ ലിബറല്‍ ബുദ്ധിജീവികളും പാശ്ചാത്യ മാധ്യമങ്ങളും അതിവായന നടത്തുകയാണ്.[]
താലിബാന്‍ വെടിവെച്ചില്ലെങ്കില്‍ പാകിസ്ഥാനിലെ ദശലക്ഷം പെണ്‍കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളുകളില്‍ ഇരുന്നേനെ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. അമേരിക്കന്‍ പിന്തുണയുള്ള സമരങ്ങളെ നിങ്ങള്‍ പിന്തുണയ്ക്കുന്നില്ല എന്നതിനര്‍ത്ഥം, നിങ്ങള്‍ സ്‌കൂളുകളില്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടികളുടെ മരണ വാറന്റില്‍ ഒപ്പിടുകയായിരിക്കും ചെയ്യുകയെന്നും നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം.
ഇത്തരം കഥകള്‍ പാകിസ്ഥാന്‍ പട്ടാളവും അമേരിക്കന്‍ സാമ്രാജ്യത്വവുമടക്കമുള്ള പാകിസ്ഥാനിലെ ഭരണവര്‍ഗങ്ങള്‍ക്ക് ഉപകാരപ്രദങ്ങളായവയാണ്. മാത്രവുമല്ല ഇവയ്ക്ക് സത്യവുമായി വിദൂരബന്ധം പോലുമില്ല. യാഥാര്‍ത്ഥ്യം അത്രയ്ക്കും സങ്കീര്‍ണമല്ല. എന്നാല്‍ ഇവ ശരിക്കും വ്യക്തമാക്കേണ്ടിയിരിക്കുന്നു.
നമുക്ക് “പെണ്‍കുട്ടികളും സ്‌കൂളും” എന്ന വിഷയത്തെ പരിശോധിക്കാം. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ (നാലും ഒമ്പതും വയസിനിടയില്‍) ഏഷ്യയിലെ തന്നെ ഏറ്റവും വഷളായ ഒരു രാജ്യമാണ് പാകിസ്ഥാന്‍. 2010-11 ലെ കണക്കുകള്‍ പ്രകാരം 40 ശതമാനം വിദ്യാര്‍ത്ഥികളും സ്‌കൂളുകളില്‍ എത്തിച്ചേര്‍ന്നിട്ടില്ല. സെക്കണ്ടറി തലത്തിലേയ്ക്ക് വരുമ്പോള്‍ സ്ഥിതികള്‍ കൂടുതല്‍ ഗുരുതരമാണ്.
ഏറ്റവും കൂടുതല്‍ സൈനികമായി ബാധിച്ചിട്ടുള്ള പ്രവിശ്യയായ ഖൈബര്‍ പാക്തൂണ്‍ഖ്വയില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനായി എന്‍റോള്‍ ചെയ്യപ്പെട്ടിട്ടുള്ളത് 51 ശതമാനം പെണ്‍കുട്ടികളാണ്. സൈനികമായി അത്രയധികം ബാധിച്ചിട്ടില്ലാത്ത സിന്ധ് മേഖലയില്‍ ഇത് 47 ശതമാനം മാത്രമാണ്.
ദ്വിതീയ തലത്തിലേയ്ക്ക് (പത്തു മുതല്‍ പന്ത്രണ്ട് വയസ്സു വരെ) വരുമ്പോള്‍ ഖൈബര്‍ പാക്തൂണ്‍ഖ്വയില്‍ 13 ശതമാനം പെണ്‍കുട്ടികളാണ് എന്‍റോള്‍ ചെയ്തിട്ടുള്ളത്. സിന്ധിലിത് 17 ശതമാനവും. മെട്രിക് തലത്തിലേയ്ക്ക് എത്തുമ്പോള്‍ (13 മുതല്‍ 14 വയസുവരെ) ഖൈബര്‍ പാക്തൂണ്‍ഖ്വയില്‍ ആറ് ശതമാനവും സിന്ധില്‍ പത്ത് ശതമാനവും ആകുന്നു.
ആണ്‍കുട്ടികളുടെ കാര്യത്തിലും സ്ഥിതി മോശം തന്നെയാണ്. പെണ്‍കുട്ടികളുടെ കണക്കുകളേക്കാള്‍ നേരിയ വ്യത്യാസം ഉണ്ടെന്ന് മാത്രം.
താലിബാനും മറ്റ് സൈനിക ഗ്രൂപ്പുകളും സ്‌കൂളുകള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയും വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തീര്‍ച്ചയായും അത് അപലപനീയം തന്നെയാണ്.
എന്നാല്‍ വാസ്തവത്തില്‍ തകര്‍ന്ന ഒരു സാഹചര്യത്തെ കൂടുതല്‍ വഷളാക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവരല്ല പ്രശ്‌നം സൃഷ്ടിക്കുന്നത് എന്ന് വ്യക്തം. (അമേരിക്കന്‍ സൈനികരും പാക് സൈനികരും സ്‌കൂളുകള്‍ ആക്രമിക്കുന്നുണ്ട്. ഞാന്‍ വിഷയത്തില്‍ നിന്നും തെന്നിമാറുന്നില്ല.)
ആരോഗ്യമേഖലയിലടക്കം പാകിസ്ഥാന്റെ എല്ലാ സാമൂഹ്യ സൂചകങ്ങളും വളരെ ദയനീയമാണ് എന്നതാണ് വസ്തുത. പൊതുവില്‍ അവിടെ നിലനില്‍ക്കുന്ന അവികസനത്തെയും ലിംഗപദവി വ്യത്യാസത്തെയും എങ്ങനെയാണ് നമുക്ക് വിശദീകരിക്കാന്‍ കഴിയുക?
അടിസ്ഥാനപരമായി പാകിസ്ഥാന്‍ അസമത്വങ്ങള്‍കൊണ്ട് സമ്പുഷ്ടമാണ്! ഒപ്പം എല്ലായിടങ്ങളിലെയും പോലെ ആ അസമത്വങ്ങള്‍ നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന ഭരണ വര്‍ഗങ്ങളുടെ നാടുകൂടിയാണിത്.
പാകിസ്ഥാന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ അസമത്വത്തിന്റെ വലിയൊരു ഭാഗം വേരൂന്നിയിട്ടുള്ളത് ഭൂമിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ്. 2010-11 ലെ കണക്കുകള്‍ കാണിക്കുന്നത് പാകിസ്ഥാന്റെ നാല്‍പത് ശതമാനം തൊഴില്‍ ശക്തിയും കാര്‍ഷിക മേഖലയിലാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. അതില്‍ തന്നെ ഏകദേശം നാല്‍പത് ശതമാനവും സ്ത്രീകളാണ്.
എന്നാല്‍ രണ്ടായിരത്തില്‍ പാകിസ്ഥാനിലുണ്ടായിരുന്ന ഫാമുകളുടെ 86 ശതമാനവും ഉപജീവനത്തിനാവശ്യമായ 12.5 ഏക്കറിനേക്കാള്‍ ചെറുതായിരുന്നു. ബാക്കി 14 ശതമാനം ഫാമുകളാണ് രാജ്യത്തിന്റെ കാര്‍ഷിക മേഖലയുടെ 56 ശതമാനമായി പ്രവര്‍ത്തിച്ചിരുന്നത്.

![]()
ഇസ്ലാമിനെ കുറിച്ചുള്ള ഒരു പ്രത്യേക തരത്തിലുള്ള വ്യാഖ്യാനം ലിംഗപരമായ ഈ അടിച്ചമര്‍ത്തലിന് വീണ്ടും എണ്ണപകരുന്നു. സ്ത്രീകള്‍ക്ക് പൊതുവെയുള്ള അവമതിയെ ഇത് കൂടുതല്‍ വഷളാക്കുന്നു![]()
ഗ്രാമപ്രദേശങ്ങളെ പുരുഷമേധാവിത്വം ആഴത്തില്‍ തന്നെ ഗ്രസിച്ചിട്ടുണ്ട്. അവിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഭൂമിയുടെ മേലുളള ഉടമസ്ഥത വിരളമായേ കാണാന്‍ കഴിയൂ. സ്ത്രീകളുടെ അധ്വാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് വീട്ടാവശ്യസാധനങ്ങള്‍ കൂടുതലും ഉല്‍പാദിപ്പിക്കുന്നത്.
കുടുംബത്തിനു പുറത്തെ ജോലിക്ക് വേണ്ടിയും അവര്‍ ഇറങ്ങേണ്ടതുണ്ടെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
പുരുഷന്‍മാരേക്കാള്‍ അവര്‍ കൂടുതല്‍ അദ്ധ്വാനിക്കുന്നു. സ്ത്രീകള്‍ വിവാഹം കഴിഞ്ഞ് മറ്റ് ഗ്രാമത്തിലേയ്ക്ക് പോകുന്നു. ഭൂമി വിഘടിച്ച് പോകാതിരിക്കാനും ഉല്‍പാദനത്തില്‍ ശോഷണം സംഭവിക്കാതിരിക്കാനും സ്ത്രീകള്‍ക്ക് ഭൂമിയുടെ ഉടമസ്ഥതയോ നിയന്ത്രണമോ -വാസ്തവത്തില്‍ അതവരുടെ ജന്‍മാവകാശമാണ്- നല്‍കപ്പെടുന്നില്ല. സ്ത്രീധനം ഒരു അവകാശമായാണ് പലപ്പോഴും കരുതിപ്പോരുന്നത്.
സ്ത്രീശരീരത്തിന്റെ നിയന്ത്രണം പോലും കാര്‍ഷിക സമ്പദ്ഘടനയിലെ പുനരുല്‍പാദനവുമായി ആഴത്തില്‍ കെട്ടുപിണഞ്ഞാണ് കിടക്കുന്നത്. സ്ത്രീകളോടുള്ള ബഹുമാനത്തിനും അംഗീകരത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ സ്ത്രീകളും ഭൂമിയും ഒരുപോലെ ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഇതിന് ഇസ്ലാമുമായി വളരെ കുറച്ചുമാത്രമേ ബന്ധമുള്ളു. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒന്ന് നടന്നു നോക്കിയാല്‍ ഇതേ ലിംഗപദവി വ്യത്യാസവും അടിച്ചമര്‍ത്തലും നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇത് കേവലം ഗ്രാമങ്ങളില്‍ മാത്രമുള്ള പ്രശ്‌നമല്ല. താന്‍ ചെയ്യുന്ന ജോലിക്ക് എല്ലായിടത്തും പുരുഷന് പ്രതിഫലം ലഭിക്കുമ്പോള്‍ സ്ത്രീകള്‍ കൂലി നല്‍കപ്പെടാതെ വീട്ടാവശ്യസാധനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന തൊഴിലാളികളായി പെരുമാറണമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

മറ്റു വീടുകളില്‍ പോയി പ്രതിഫലത്തിനു വേണ്ടി അദ്ധ്വാനിക്കുന്ന സ്ത്രീകള്‍ സാധാരണയാണ്. എങ്കിലും സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടേണ്ടവരാണ് എന്നതാണ് പൊതുബോധം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അതുകൊണ്ടാണ് ആണ്‍കുട്ടികള്‍ക്ക് മുന്‍ഗണന ലഭിക്കപ്പെടുന്നത്.
സാമ്പത്തികശാസ്ത്രം മാറ്റി നിര്‍ത്തിയാല്‍ തന്നെ സ്ത്രീകളെ പരിഗണിക്കുന്നത് പുരുഷനാല്‍ നിയന്ത്രിക്കേണ്ടവരായിട്ടാണ്. അതുകൊണ്ട് തന്നെ പൊതു ഇടങ്ങളിലുള്ള സ്ത്രീകളുടെ സാന്നിദ്ധ്യം പുരുഷനാല്‍ ക്രമീകരിക്കപ്പെടുന്നുണ്ട്. ഇത് മാറ്റമില്ലാതെ തുടരുന്നു.
താലിബാന്‍ തന്നെ ഭാഗികമായി പാകിസ്ഥാനിലെ രൂക്ഷമായ അസമത്വത്തിന്റെയും പുരുഷാധിപത്യ ഗ്രാമീണ സമൂഹത്തിന്റെയും ഉല്‍പന്നമാണ്
ഇസ്ലാമിനെ കുറിച്ചുള്ള ഒരു പ്രത്യേക തരത്തിലുള്ള വ്യാഖ്യാനം ലിംഗപരമായ ഈ അടിച്ചമര്‍ത്തലിന് വീണ്ടും എണ്ണപകരുന്നു. സ്ത്രീകള്‍ക്ക് പൊതുവെയുള്ള അവമതിയെ ഇത് കൂടുതല്‍ വഷളാക്കുന്നു.
മൊത്തത്തില്‍ സ്ത്രീകളുടെ താഴ്ന്നപദവിക്ക് കാരണം രാഷ്ട്രീയ സമ്പദ്ഘടനയുടെയും സാംസ്‌കാരിക രാഷ്ട്രീയത്തിന്റെയും (political economy and cultural politics) ചേരുവയാണ്.
ഇത് അതീവ ലളിതവല്‍ക്കരിച്ച ഒരു ചിത്രമാണ്. പാകിസ്ഥാനില്‍ ഇത് എത്രയോ സങ്കീര്‍ണമാണ്. പറഞ്ഞുവരുന്നത്, രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെയും സാംസ്‌കാരിക രാഷ്ട്രീയത്തിന്റെയും അടിസ്ഥാന പ്രശ്‌നങ്ങളും അതുപോലെ തന്നെ അത് ലിംഗപദവി വ്യത്യാസത്തിലേയ്ക്ക് വേരൂന്നുന്ന രീതിയും കുടികൊള്ളുന്നത് താലിബാന്റെയോ മതത്തിന്റെയോ വാതില്‍ക്കലല്ല.
താലിബാന്‍ തന്നെ ഭാഗികമായി പാകിസ്ഥാനിലെ രൂക്ഷമായ അസമത്വത്തിന്റെയും പുരുഷാധിപത്യ ഗ്രാമീണ സമൂഹത്തിന്റെയും ഉല്‍പന്നമാണ്. പാകിസ്ഥാനില്‍ പൊതുവല്‍ക്കരിക്കപ്പെട്ട അവികസനത്തിന്റെ ഒരുല്‍പന്നമാണ് താലിബാന്‍.
ഇത്തരം വിഷയങ്ങളെ അഭിസംബോധന ചെയ്യണമെങ്കില്‍ ലളിത വല്‍ക്കരിക്കപ്പെട്ട കഥകള്‍ക്ക് അപ്പുറം പോകേണ്ടതുണ്ട്. മാത്രവുമല്ല പാകിസ്ഥാന്റെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലും സാസംകാരിക രാഷ്ട്രീയത്തിലും വിപ്ലവകരമായ മാറ്റം വരുത്തിക്കൊണ്ട് ആഴത്തില്‍ വളരെ ദൂരം മുന്നേറേണ്ടതുണ്ട്.
പാകിസ്ഥാന്റെ ഭരണാധികാരികളുടെ കൈകളില്‍ സുരക്ഷിതമാക്കപ്പെട്ട അധികാരം നേടിയെടുക്കേണ്ടതുണ്ട് എന്നതാണ് പ്രധാനം. ബഹുജനങ്ങളെ ചൂഷണം ചെയ്യുകയും ഭരണകൂടാധികാരം വിതരണം ചെയ്യുകയും ചെയ്യുന്ന “ജനാധിപത്യവാദി”കളായി നടിക്കുന്നതോ സൈന്യത്തിന്റെ മധ്യവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നവരോ ആയ ഗ്രാമീണ വരേണ്യവര്‍ഗങ്ങളും പാകിസ്ഥാന്റെ അവസ്ഥയ്ക്ക് പ്രധാനപ്പെട്ട ഘടകങ്ങളാണ്.
വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് സാമൂഹ്യ സേവനങ്ങല്‍ എന്നിവയ്ക്ക് പാക്കിസ്ഥാനില്‍ നിക്ഷേപം നാമമാത്രമാകുന്നതിന്റെ മറ്റൊരു കാരണം അവിടുത്തെ ബജറ്റിന്റെ സിംഹഭാഗവും (ഏകദേശം മൂന്നിലൊന്ന്) ചെലവഴിക്കപ്പെടുന്നത് സൈന്യത്തിനു വേണ്ടിയാണ്. സൈന്യങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിശാലമായ കാര്‍ഷിക/വ്യാവസായിക സാമ്രാജ്യവും ഗതാഗതത്തിലും റിയല്‍ എസ്റ്റേറ്റിലുമുള്ള അവരുടെ അടവുപരമായ താല്‍പര്യങ്ങളുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ നേട്ടങ്ങളൊക്കെത്തന്നെ ഈ സൈനിക സാമ്രാജ്യത്തിന്റെ ഉന്നത ശ്രേണിയിലേയ്ക്കാണ് പോകുന്നത്.
പാകിസ്ഥാന്റെ ദേശീയ ബജറ്റിന്റെ മറ്റൊരു സിംഹഭാഗം (ഏകദേശം പകുതിയോളം) പോകുന്നത് തദ്ദേശീയവും അതുപോലെ ഐ.എം.എഫ് പോലുള്ള വിദേശീയവുമായ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്തിട്ടുള്ള ഭീമമായ കടങ്ങള്‍ അടച്ചു തീര്‍ക്കുന്നതിനാണ്. പാക്കിസ്ഥാനെ ആഴത്തില്‍ ചൂഴ്ന്ന് നില്‍ക്കുന്ന അസമത്വങ്ങളെ പറ്റിയും സൈന്യത്തിന് രാഷ്ട്രീയ സമ്പദ്ഘടനയിലുള്ള അതിവിശാലമായ നിയന്ത്രണത്തെ പറ്റിയും ഈ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ വളരെ കുറച്ചുമാത്രമേ സംസാരിക്കാറുള്ളു.
പാകിസ്ഥാന്റെ സമ്പദ്ഘടനയെ അന്താരാഷ്ട്ര വ്യാപാര ഒഴുക്കിനും അന്താരാഷ്ട്ര മുതലാളിത്ത ചൂഷണത്തിനും അനുയോജ്യമാക്കിത്തീര്‍ക്കുന്നതിലാണ് ഇവര്‍ക്ക് ശ്രദ്ധ. അല്ലാതെ ജനതയെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിലല്ല.
അന്തര്‍ദേശീയമായ കൈകടത്തലിന്റെ മറ്റൊരു ഘടകം തീര്‍ച്ചയായും പാകിസ്ഥാനുമേലുള്ള അമേരിക്കയുടെ ബോംബിങ്ങാണ്. ഈ ബോംബിങ്ങ് പാകിസ്ഥാന്‍ നടത്തിയ സൈനികനടപടികളുടെ മറുപടിയായാണ് നമ്മള്‍ മനസ്സിലാക്കുന്നതെങ്കിലും ഇവ ദശലക്ഷക്കണക്കിനാളുകളെ ആഭ്യന്തര അഭയാര്‍ത്ഥികളാക്കിത്തിര്‍ത്തിട്ടുണ്ട്. അവിടെയാണ് നമ്മള്‍ പ്രശ്‌നത്തിന്റെ കാതലായ വശം മനസ്സിലാക്കേണ്ടത്.
1980കളില്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയനെ ആക്രമിക്കുന്നതിനായി നിരവധി വിഘടനവാദ ഗ്രൂപ്പുകളെ സൃഷ്ടിക്കുകയും അത്തരം വിമത ഇടപെടലുകളെ അമേരിക്ക സഹായിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്ന് അമേരിക്ക പാകിസ്ഥാനുമേല്‍ ബോംബ് വര്‍ഷിക്കുന്നത് അഫ്ഗാന്‍ താലിബാനെയും അല്‍ഖ്വയ്ദയെയും തുരത്താനാണ് അല്ലാതെ പാകിസ്ഥാനി താലിബാനെ നശിപ്പിക്കുന്നതിനുവേണ്ടിയല്ല.
കൂടാതെ അമേരിക്കയുടെ ബോംബിങ്ങ് തകര്‍ത്തെറിയുന്നത് കമ്പോളങ്ങളെയും സ്‌കൂളുകളെയും കാറുകളെയും വീടുകളെയും റോഡുകളെയും വിവാഹങ്ങളെയും ശവസംസ്‌കാര ചടങ്ങുകളേയും ആചാരാനുഷ്ഠാനങ്ങളെയുമൊക്കെയാണ്.
ചിലപ്പോഴൊക്കെ ഇവിടങ്ങളില്‍ താലിബാനികളുണ്ടാകാം. ബാക്കി സമയങ്ങളില്‍ അമേരിക്ക ചെയ്യുന്നത് ഒരു നിശ്ചിത വയസില്‍ കൂടുതലുള്ള ആണ്‍കുട്ടികളെ മുഴുവന്‍ താലിബാന്‍ അനുകൂലികളായി എണ്ണുന്നതിനാണ്.
പാകിസ്ഥാനിലെ അര്‍ദ്ധ-ജന്‍മിത്ത കാര്‍ഷിക ബന്ധങ്ങള്‍ക്കോ മുതലാളിത്ത കൊള്ളയ്‌ക്കോ അവിടുത്തെ സൈനിക-കാര്‍ഷിക-വ്യാവസായിക സമുച്ചയങ്ങള്‍ക്കോ യാതൊരു പ്രഹരവും അമേരിക്ക ഏല്‍പ്പിക്കുന്നില്ല. അവിടത്തെ ഗോത്രഭരണ വ്യവസ്ഥയെയോ ലിംഗപരമായ അടിച്ചമര്‍ത്തലുകളെയോ അമേരിക്കന്‍ സൈനിക നീക്കം തൊടുന്നതു പോലുമില്ല.
എന്നാല്‍ വിരോധാഭാസമെന്നു പറയട്ടെ പാകിസ്ഥാന്‍ സൈന്യത്തെയും ഗ്രാമീണ വരേണ്യ വര്‍ഗങ്ങളെയും അവര്‍ നേരിട്ട് പിന്തുണയ്ക്കുന്നു എന്നതാണ്. ഇതിലൂടെ പാകിസ്ഥാന്റെ രാഷ്ട്രീയ സമ്പദ്ഘടനയിലെയും സാംസ്‌കാരിക രാഷ്ട്രീയത്തിലെയും അപകടകരമായ ഘടകങ്ങളെയാണ് അമേരിക്ക പിന്തുണയ്ക്കുന്നത്.
അവിടത്തെ ഗോത്രഭരണ വ്യവസ്ഥയെയോ ലിംഗപരമായ അടിച്ചമര്‍ത്തലുകളെയോ അമേരിക്കന്‍ സൈനിക നീക്കം തൊടുന്നതു പോലുമില്ല
നിഷ്‌കളങ്കരായ ജനതയുടെ മേല്‍ ബോംബിടുന്നതിന്റെ ഫലമായി കൂടുതല്‍ താലിബാന്‍ അനുകൂലികളെ റിക്രൂട്ട് ചെയ്യുന്നതിന് കാരണമായിത്തീരുകയും ചെയ്യുന്നു. ഇത് ദുഷിച്ച രാഷ്ട്രീയ സമ്പദ്ഘടനയെയും സാംസ്‌കാരിക രാഷ്ട്രീയത്തെയും അതേപടി നിലനിര്‍ത്താന്‍് അമേരിക്കന്‍ സാമ്രാജ്യത്വത്തെ സഹായിക്കുകയാണ് ചെയ്യുന്നത്.
സ്വാഭാവികമായും സാമാന്യജനങ്ങളെ ശ്വാസംമുട്ടിക്കുന്ന അധികാര ശക്തികളെ എതിര്‍ക്കുകയും രാഷ്ട്രീയ സമ്പദ്ഘടനയിലും സാസ്‌കാരിക രാഷ്ട്രീയത്തിലും നടക്കേണ്ട ആഴത്തിലുള്ള മാറ്റത്തിനു വേണ്ടി നിലകൊള്ളുകയുമാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. അതായത് ഒരു നാണയത്തിന്റെ ഇരുവശങ്ങളായ താലിബാനെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഒരേസമയം എതിര്‍ക്കേണ്ടത് അനിവാര്യമാണ്.
നീതിയുക്തവും സമത്വാധിഷ്ഠിതവുമായ ഒരു സമൂഹത്തിന്റെ നിര്‍മിതിക്കായി അര്‍ദ്ധ ജന്മിത്വത്തിനും മുതലാളിത്ത കൊള്ളയ്ക്കും സൈനിക-കാര്‍ഷിക-വ്യാവസായിക സമുച്ചയങ്ങള്‍ക്കുമെതിരെ ശരിയായ ഒരു വിപ്ലവരാഷ്ട്രീയം വികസിപ്പിക്കുക എന്നതാണ് പ്രധാന വെല്ലുവിളി.
(കണക്കുകള്‍ എല്ലാം തന്നെ പാകിസ്ഥാന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നും എടുത്തിട്ടുള്ളതാണ്.)
ഇന്‍സൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച മലാല യൂസഫ്‌സായ്: ഒരു പാകിസ്ഥാനി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ജീവിതക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്

