തിരുവനന്തപുരം: എം.എസ്.എഫിനെതിരെ വിമര്‍ശനം തുടര്‍ന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. നൊബേല്‍ ജേതാവായ മലാല യൂസഫ്‌സായ്ക്ക് നേരെ വെടിയുതിര്‍ക്കാന്‍ മലാലയുടെ ഒന്നരമീറ്റര്‍ തട്ടം താലിബാന് തടസമായിരുന്നില്ലെന്ന് ശിവപ്രസാദ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സ്വന്തം നാട്ടിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ താലിബാന്‍ 15ാം വയസില്‍ വെടിവെച്ച് വീഴ്ത്തിയിട്ടും, മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരികെയെത്തി വീണ്ടും ആ പോരാട്ടത്തിന്റെ നെറുകയിലേക്ക് നടന്ന് കയറിയ പെണ്‍കുട്ടിയാണ് മലാലയെന്നും എസ്.എഫ്.ഐ നേതാവ് പറഞ്ഞു.
ഒരു വിദ്യാര്‍ത്ഥി സംഘടനയിലെ പ്രവര്‍ത്തകനെന്ന നിലയില്‍ വിദ്യാര്‍ത്ഥി അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വമാവാന്‍ തന്നില്‍ ഏറെ ആവേശം സൃഷ്ടിച്ച പോരാളിയാണ് മലാലയെന്നും ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.
‘One Child, One Teacher, One Pen & One Book can Change the World’ എന്ന മലാലയുടെ വാക്കുകള്‍ ഓര്‍ത്തെടുത്തുകൊണ്ടാണ് എം. ശിവപ്രസാദ് പ്രതികരിച്ചത്. അക്ഷരങ്ങളാല്‍, അറിവിനാല്‍ തീര്‍ക്കുന്ന വിപ്ലവത്തില്‍ വര്‍ഗീയവാദികള്‍ ചുട്ടെരിക്കപ്പെടുമെന്നും അദ്ദേഹം കുറിച്ചു.
ഇന്നലെ (ചൊവ്വ) നടന്ന എം.എസ്.എഫിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. റുമൈസ റഫീക്ക് നടത്തിയ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തിയാണ് ശിവപ്രസാദിന്റെ പ്രതികരണം.
പത്രസമ്മേളനത്തില്‍ എസ്.എഫ്.ഐയുടെ പ്രശ്‌നം തന്റെ തലയില്‍ കിടക്കുന്ന ഒരു മീറ്റര്‍ നീളമുള്ള തട്ടവും തന്റെ മുസ്‌ലിം പേരുമാണോയെന്ന് റുമൈസ ചോദിക്കുകയായിരുന്നു. ക്യാമ്പസുകളില്‍ മതം പറഞ്ഞ് എം.എസ്.എഫ് വോട്ട് വാങ്ങുന്നുവെന്ന വിധത്തില്‍ എസ്.എഫ്.ഐ പ്രചരണം നടത്തുകയാണെന്നും റുമൈസ ആരോപിച്ചിരുന്നു.
അതേസമയം കഴിഞ്ഞ കുറേ ദിവസങ്ങളിലായി എസ്.എഫ്.ഐ നേതൃത്വവും എം.എസ്.എഫ് നേതൃത്വവും തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമായി തുടരുന്നുണ്ട്.
തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ വിഭാഗീയത ഉണ്ടാക്കുന്നതില്‍ പ്രധാനി എം.എസ്.എഫ് ആണെന്നും എം.എസ്.എഫിനെതിരെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ചാല്‍ മതത്തിനെതിരായ വിമര്‍ശനമാകുന്നത് എങ്ങനെയാണെന്നും ശിവപ്രസാദ് ചോദിച്ചിരുന്നു.
എം.എസ്.എഫ് സ്വീകരിക്കുന്നത് വര്‍ഗീയ നിലപാടാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വിമര്‍ശനമുന്നയിച്ചതോടെയാണ് ഇരു വിദ്യാര്‍ത്ഥി സംഘടനകളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്.
Content Highlight: M. Sivaprasad continued to criticize MSF