ഇതാണ് ആ ഫോട്ടോ; ഭീഷ്മ പര്‍വ്വത്തിലെ കോളേജ് കുമാരിയായ ചിത്രം പങ്കുവെച്ച് മാലാ പാര്‍വതി
Film News
ഇതാണ് ആ ഫോട്ടോ; ഭീഷ്മ പര്‍വ്വത്തിലെ കോളേജ് കുമാരിയായ ചിത്രം പങ്കുവെച്ച് മാലാ പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th March 2022, 3:27 pm

ഭീഷ്മ പര്‍വ്വത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു മാലാ പാര്‍വതി അവതരിപ്പിച്ച മോളി. അല്‍പം കുശുമ്പും കുന്നായ്മയും ഉള്ള വഴി പിഴച്ച മക്കളെ എപ്പോഴും പിന്താങ്ങുന്ന മോളിയായി മാലാ പാര്‍വതി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

സിനിമയുടെ ആരംഭത്തില്‍ ചിത്രത്തിലെ മുതിര്‍ന്ന അഭിനേതാക്കളുടെ യൗവ്വനകാലത്തെ ഫോട്ടോയും ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ പ്രി ഡിഗ്രി കാലത്തെ മാലാ പാര്‍വതിയുടെ ചിത്രവും ഉണ്ടായിരുന്നു. ഒരു പ്രേക്ഷകന്റെ അഭ്യര്‍ത്ഥന പ്രകാരം ആ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മാലാ പാര്‍വതി.

‘ഭീഷ്മ പര്‍വ്വത്തില്‍, ടൈറ്റിലില്‍ ഉള്ള ഈ ഫോട്ടോ ഒന്ന് പോസ്റ്റ് ചെയ്യാമോ എന്ന് ഒരു ശ്രീജിത്ത് ചോദിച്ചിരുന്നു. ഇതാണ് ആ പടം. പ്രീ ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ അച്ഛനോടൊപ്പം തിരുവനന്തപുരത്തുള്ള പാരാമൗണ്ട് സ്റ്റുഡിയോയില്‍ പോയി എടുത്തതാണ്.

യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ഓള്‍ സെയിന്റ്സ് കോളജില്‍ മത്സരിക്കുന്ന സമയത്ത് നോട്ടീസില്‍ വയ്ക്കാനാണ് പടം എടുത്തത്,’ ചിത്രം പങ്കുവെച്ചു കൊണ്ട് മാലാ പാര്‍വതി കുറിച്ചു.

പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. മുഴുവന്‍ സീറ്റുകളില്‍ തീയറ്ററില്‍ പ്രവേശനം അനുവദിച്ചതോടെ വലിയ ജനക്കൂട്ടമാണ് തീയേറ്ററുകളില്‍ ഉണ്ടായിരിക്കുന്നത്.

രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം മമ്മൂട്ടിയുടെ തീയേറ്ററില്‍ എത്തുന്ന ആദ്യചിത്രമാണിത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി എത്തിയത്. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്.

അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.


Content Highlight: mala parvathy shares a photo of her young age