മാലാ പാർവതിയുടെ രാജി A.M.M.Aയിലെ ആണുങ്ങള്‍ക്കുള്ള മറുപടി
അനുപമ മോഹന്‍

2017 , നടി ഭാവനക്കുനേരെ ലൈംഗികാതിക്രമം നടക്കുന്നു, ദിലീപ് ഈ കേസിൽ പ്രതിയാക്കപ്പെടുന്നു. മലയാള സിനിമ താര സംഘടനയായ അമ്മ അറസ്റ്റിലായ ദിലീപിനെ ആദ്യം പുറത്താക്കുകയൂം ഒരു വർഷത്തിന് ശേഷം തിരിച്ചെടുക്കുകയും ചെയ്യുന്നു. ഈ തീരുമാനത്തെ തുടർന്ന് ഭാവനയടക്കം നാല് പേർ അമ്മയിൽ നിന്നും രാജി വെക്കുന്നു.

കുറച്ചു ദിവസം മുൻപ് പുതുമുഖനടിയെ റേപ്പ് ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു പ്രതിയാക്കപ്പെടുന്നു. അമ്മക്കകത്തെ ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി വിജയ്ബാബുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ സംഘടനക്കകത്തുള്ളവർ അതിനു തയ്യാറാവുന്നില്ല. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് മാത്രം മാറ്റി നിർത്താമെന്നു തീരുമാനിക്കുന്നു. തുടർന്ന് മാലാ പാർവതി ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റയിൽ നിന്നും രാജി വെക്കുന്നു. ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെക്കുമെന്നും അറിയിക്കുന്നു.

മാലാ പാർവതിയുടെ രാജി ആ സംഘടന പതിവുപോലെ അതിജീവിതക്കൊപ്പം നിൽക്കില്ലെന്ന വൃത്തിക്കേടിനോടുള്ള പ്രതിഷേധമാണ്. സ്ത്രീകളെ അധിക്ഷേപിച്ചു നടത്തുന്ന സ്കിറ്റുകൾക്കും ചിലരുടെ അഭിപ്രായങ്ങൾക്കും കയ്യടിക്കുന്ന, സിനിമാക്കാരുള്ള അമ്മയിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നതിലും കാര്യമില്ല. അമ്മ എന്ന സംഘടനക്കകത്തു നിൽക്കുകയെന്നാൽ സ്ത്രീവിരുദ്ധമായ ബോധങ്ങൾക്ക് അകത്തു നിൽക്കുക എന്നതുകൂടിയാണ്. അമ്മയുമായി സഹകരിച്ചു പോന്നിരുന്ന സ്ത്രീകളായ അംഗങ്ങളുടെ രാജി അവിടെ നിലനിൽക്കുന്ന സ്ത്രീവിരുദ്ധത തന്നെയാണ് തുറന്നു കാണിക്കുന്നത്. സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന സ്ത്രീകളാണ് ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റിയിൽ നിന്നും പുറത്തു വരുന്നത്. അത് അവിടെ നിലനിൽക്കുന്ന പുരുഷബോധത്തിൽ നിന്നുമുള്ള ഇറങ്ങി പോരൽ കൂടെയാണ്.

ആണത്തത്തിന്റെ വില കുറഞ്ഞ മീശപിരിയൻ ലൈവിൽ വിജയ്ബാബു അതിജീവിതയുടെ പേര് പരസ്യമാക്കിയിട്ടും, കൃത്യമായ തെളിവുകളോട് കൂടി കേസിൽ പ്രതിയാക്കപ്പെട്ടിട്ടും അമ്മയിൽ നിന്നും വിജയ് ബാബുവിനെ ഒഴിവാക്കാൻ ആ സംഘടന തയ്യാറാവുന്നില്ല. അതിനർത്ഥം ഇത്തരം പ്രതികൾക്ക് പിന്തുണ നൽകാൻ അവിടെയൊരു വലിയ കൂട്ടം സിനിമാ പ്രവർത്തകർ തയ്യാറായി നിൽക്കുന്നുണ്ട് എന്നത് തന്നെയാണ്. വിജയ്ബാബു അനുകൂലികൾ ഒരായിരം വിജയ് ബാബുമാർക്കുള്ള തുറസ്സാണ് അമ്മയിൽ ഒരുക്കി വെച്ചിരിക്കുന്നത്.

തനിക്കെതിരെയുള്ള ആരോപണങ്ങളിൽ താൻ നിരപരാധിയാണെന്ന് തെളിയുന്നത് വരെ മാറി നിൽക്കാമെന്ന വിജയ് ബാബുവിന്റെ തീരുമാനത്തെ എളുപ്പത്തിൽ ഉൾകൊള്ളാൻ അമ്മക്ക് സാധിക്കുന്നുണ്ട്. അതെ സമയം ആ സ്ത്രീക്ക് കിട്ടേണ്ട നീതിയെ കുറിച്ചു അവരാലോചിക്കുന്നു കൂടിയില്ല. അയാളെ ഇനിയും സംഘടനക്കകത്തു നിർത്തുന്നത് അയാൾ നിരപരാധിയാണെന്ന കള്ളത്തരത്തെ വക വെച്ചുകൊണ്ടാണ്. ഒരു സ്ത്രീ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനത്തെ തള്ളികളയാൻ ആ സംഘടന തയ്യാറാവുന്നുണ്ട്. അന്ന് ദിലീപിനൊപ്പമെന്ന് പോസ്റ്റിട്ടവരുള്ള ആ സ്ഥലത്തു വിജയ്ബാബുവും വാഴ്ത്തപ്പെടുമെന്നതിൽ സംശയം വേണ്ട.
ആ സമയത്ത് ദിലീപിനൊപ്പം നിൽക്കാനും അയാളെ പിന്തുണയ്ക്കാനും വലിയൊരുകൂട്ടം സിനിമാക്കാർ തന്നെയുണ്ടായിരുന്നു. ഇടവേള ബാബു ദിലീപിന് വേണ്ടി വാദിച്ചതും നടി സിനിമയിൽ മരിച്ചുപോയതല്ലേ എന്ന തരത്തിൽ അപഹസിച്ചതുമെല്ലാം പീഡന കേസിലെ ഒരു പ്രതിക്ക് വേണ്ടിയുള്ള വർത്തമാനങ്ങളായിരുന്നു .

ഡബ്‌ള്യൂ .സി.സി രൂപീകരിചത് റിമ കല്ലിങ്കലിനു മീൻ പൊരിച്ചത് കിട്ടാത്തത് കൊണ്ടാണെന്ന ആൺകൂട്ടങ്ങളുടെ വഷളൻ പരിഹാസത്തിനുള്ള മറുപടിയാണ് മാലാ പാർവതിയുടെ നിലപാട്. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന ഒരു ഇടത്തിലുള്ളവരുടെ സകല ആൺ ബോധങ്ങൾക്കുള്ള ഒരു കൊട്ടുകൂടെയാണ് ഈ തീരുമാനം.

അമ്മക്കകത്ത് സ്ത്രീകൾക്ക് വേണ്ടിയുള്ള ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റിയുണ്ട് എന്നതും ആ കമ്മിറ്റിയിൽ അഭിപ്രായങ്ങൾ പറയാൻ ധൈര്യമുള്ള സ്ത്രീകളുണ്ടെന്നതും പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ ഇവരുടെ തീരുമാനങ്ങളെ അംഗീകരിക്കാൻ, അതിജീവിതയെ അനുകൂലിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തയ്യാറാവാതിരിക്കുന്നത് മനുഷ്യത്വ വിരുദ്ധതയാണ്.

ദിലീപിന്റെ കേസിൽ അയാളെ പിന്തുണച്ചവരുടെ പക്ഷം പിടിചിരുന്ന ശ്വേതാ മേനോൻ പോലും ഇപ്പോഴിങ്ങനെയൊരു തീരുമാനമെടുത്തെങ്കിൽ സംഘടനക്കകത്തു നിന്നും പുറത്തു നിന്നും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഭീകരമായിരിക്കും.

Content Highlight: Mala Parvathy resigns from AMMA’s Internal Complaint Committee

e