തിരുവനന്തപുരം: വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കിയത് കഷ്ടമായിപ്പോയെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. വിഷയത്തില്‍ ലീഗ് ഇടപെട്ടത് ശരിയായില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
കീഴ്‌വഴക്കങ്ങള്‍ പാലിക്കപ്പെട്ടില്ല. തീരുമാനം ഇതായിരുന്നെങ്കില്‍ ഇത്രയും വൈകിപ്പിച്ചത് എന്തിനാണെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടെന്ന് ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ആരാകണം എന്നത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമാണെന്നും എന്നാല്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ അതില്‍ ആവശ്യമില്ലാതെ ഇടപെട്ടെന്നുമായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം.
ലീഗ് അടക്കമുള്ളവര്‍ക്ക് ഇതില്‍ എന്താണ് കാര്യമെന്നും ഇന്ന ആള്‍ വേണമെന്നും വേണ്ടെന്നും പറയാന്‍ ഘടകകക്ഷികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നുമായിരുന്നു സുകുമാരന്‍ നായര്‍ ചോദിച്ചത്.
ഹൈക്കമാന്‍ഡ് അഭിപ്രായം തേടുന്നതിന് മുന്‍പുതന്നെ ലീഗ് അടക്കമുള്ളവര്‍ സമ്മര്‍ദം ചെലുത്തിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സമ്മര്‍ദത്തെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന് അഭിപ്രായം തേടേണ്ടി വന്നത്. എന്നാല്‍ ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് ഹൈക്കമാന്‍ഡ് വഴങ്ങി എന്ന് പറയാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ പ്രഖ്യാപനം ഇത്രയും നീളില്ലായിരുന്നു.
ഘടകകക്ഷികളുടെ ഇടപെടല്‍ ജനാധിപത്യത്തിന് ചേരുന്നതല്ല. മൂന്ന് പേര്‍ വന്നതുകൊണ്ട് അനുകൂലിക്കാനോ എതിര്‍ക്കാനോ പാടില്ലായിരുന്നു. ആര് വന്നാലും സ്വീകരിക്കണം. അതാണ് മര്യാദ. അതിന്റെ പേരാണ് ജനാധിപത്യം.
ഘടകകക്ഷികളുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ പ്രഖ്യാപനം കുറച്ചുകൂടി നേരത്തേയാകുമായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസിന് മുപ്പത് സീറ്റ് പോലും ലഭിക്കില്ലെന്നും സുകുമാരന്‍ നായര്‍ പരിഹസിച്ചിരുന്നു.
ചക്കളത്തിപോരാട്ടം കണ്ടുമടുത്ത ജനങ്ങള്‍ തിരിച്ച് വോട്ട് ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ലീഗ് സമ്മര്‍ദം ചെലുത്തിയത് ചിലത് ഉള്ളില്‍ കണ്ടുകൊണ്ടുതന്നെയാണെന്നും എല്ലാം കൈപ്പിടിയില്‍ ആക്കണമെന്ന ആഗ്രഹം ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.