റിലീസിന് ഒരുവര്‍ഷം ബാക്കി നില്‌ക്കെ സിനിമാപ്രേമികള്‍ക്കിടയില്‍ ലൈവായി നില്‍ക്കുകയാണ് മാര്‍വലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. സകല സൂപ്പര്‍ഹീറോകളും ഒന്നിക്കുന്ന ചിത്രം എങ്ങനെയൊകും എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസര്‍ അടുത്തയാഴ്ച പ്രേക്ഷകരിലേക്കെത്തും.
ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്യുന്ന അവതാര്‍ 3യോടൊപ്പം ഡൂംസ്‌ഡേയുടെ ടീസര്‍ പ്രദര്‍ശിപ്പിക്കും. ആരാധകരെ വളരെയധികം സന്തോഷം നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നാല് ആഴ്ച നീണ്ടുനില്‍ക്കുന്ന ടീസര്‍ സെലിബ്രേഷനാണ് മാര്‍വല്‍ പദ്ധതിയിടുന്നത്.
നാല് സ്‌പെഷ്യല്‍ ടീസറുകള്‍ ഡൂംസ്‌ഡേയുടേതായി പുറത്തുവരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നാലും ആരാധകര്‍ക്ക് ഗംഭീര ട്രീറ്റാകുമെന്ന് ഉറപ്പാണ്. ഡിസംബര്‍ 18ന് ആദ്യ ടീസറും 25ന് രണ്ടാം ടീസറും പുറത്തുവിടും. 2026 ആരംഭിക്കുന്നതും ഡൂംസ്‌ഡേയുടെ ടീസറോടെയായിരിക്കും. ജനുവരി ഒന്നിന് മൂന്നാം ടീസറും എട്ടാം തിയതി അവസാന ടീസറുമാകും പുറത്തുവിടുക.
ടീസറില്‍ എല്ലാവരും കാത്തിരിക്കുന്നത് ഡോക്ടര്‍ ഡൂമിന്റെ എന്‍ട്രിക്ക് വേണ്ടിയാണ്. റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ പുതിയ അവതാരം കാണാന്‍ മാര്‍വല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. അയണ്‍ മാന്‍ എന്ന സൂപ്പര്‍ഹീറോയില്‍ നിന്ന് ഡോക്ടര്‍ ഡൂമെന്ന വില്ലനിലേക്ക് ആര്‍.ഡി.ജെ എങ്ങനെ പകര്‍ന്നാട്ടം നടത്തുമെന്നതാണ് ഡൂംസ്‌ഡേയുടെ ഏറ്റവും വലിയ പ്രത്യേകത.
മാര്‍വലിന്റെ ഭാഗമായ ഫന്റാസ്റ്റിക് ഫോറും ഡൂംസ്‌ഡേയുടെ ഭാഗമാണ്. ചിത്രത്തില്‍ ക്രിസ് ഇവാന്‍സിന്റെ ക്യാപ്റ്റന്‍ അമേരിക്കയും ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതോടൊപ്പം മറ്റ് പല സര്‍പ്രൈസുകളും ചിത്രത്തില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
2026 ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും. ബോക്‌സ് ഓഫീസില്‍ വലിയ ക്ലാഷാണ് അടുത്ത വര്‍ഷം അരങ്ങേറുക. ഡ്യൂണ്‍ 3യോടൊപ്പമാണ് ഡൂംസ്‌ഡേ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്. പരമാവധി ക്ലാഷ് ഒഴിവാക്കാനാണ് രണ്ട് സിനിമകളും ശ്രമിക്കുന്നത്.