ഇന്ത്യയില്‍ ലോക നിലവാരത്തിലുള്ള സിനിമകള്‍ ചെയ്യുന്നത് മലയാളത്തില്‍: മകരന്ദ് ദേശ്പാണ്ഡേ
Malayalam Cinema
ഇന്ത്യയില്‍ ലോക നിലവാരത്തിലുള്ള സിനിമകള്‍ ചെയ്യുന്നത് മലയാളത്തില്‍: മകരന്ദ് ദേശ്പാണ്ഡേ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th November 2025, 7:25 am

ഇന്ത്യയില്‍ ഇന്ന് ലോക നിലവാരത്തിലുള്ള സിനിമകള്‍ ചെയ്യുന്നത് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നാണെന്ന് ബോളിവുഡ് നടന്‍ മകരന്ദ് ദേശ്പാണ്ഡേ. മലയാള സിനിമ ഒരേ സമയം മനുഷ്യരോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും മലയാളി പ്രേക്ഷകര്‍ക്ക് സിനിമയിലുള്ള അറിവാണ് താരങ്ങള്‍ക്ക് പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാനുള്ള ധൈര്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വവ്വാല്‍ എന്ന പുതിയ സിനിമയുടെ പൂജ ചടങ്ങള്‍ക്കുകയായി മകരന്ദ് കൊച്ചിയില്‍ എത്തിയിരുന്നു.

‘ മലയാള സിനിമകള്‍ ഒരേ സമയം പുതുമ നിറഞ്ഞതും മനുഷ്യരോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണ്. എന്തുകൊണ്ട് മലയാളത്തില്‍ നല്ല സിനിമകളുണ്ടാകുന്നു എന്ന് ഞങ്ങള്‍ പലപ്പോഴും ചര്‍ച്ച ചെയ്യറാറുണ്ട്.

സുഹൃത്തുക്കളെ കാണുമ്പോള്‍ അടുത്തിടെ ഏത് മലയാള സിനിമയാണ് കണ്ടത് എന്ന് ചോദിക്കാറുണ്ട്. നല്ല സിനിമകളുണ്ടാകുന്നതിന് കാരണം ഇവിടുത്തെ പ്രേക്ഷകര്‍ കൂടി കൊണ്ടാണ്. മലയാളികള്‍ സിനിമാപരിജ്ഞാനമുള്ളവരാണ്,’  മകരന്ദ് ദേശ്പാണ്ഡേ പറഞ്ഞു.

ഇതാണ് പരീക്ഷണ സിനിമകള്‍ ചെയ്യാനുള്ള ധൈര്യം സൂപ്പര്‍ താരങ്ങള്‍ക്ക് നല്‍കുന്നതെന്നും ബോളിവുഡില്‍ അത് സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷഹ്‌മോന്‍ ബി പറേലില്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വവ്വാലില്‍ ലെവിന്‍, സൈമണ്‍, ലക്ഷ്മി ചപോര്‍ക്കര്‍, പ്രവീണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളായ മകരന്ദ് ദേശ്പാണ്ഡയെ ആമേന്‍, ടു കണ്‍ട്രീസ്, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക്  സുപരിചിതമാണ്.

Content highlight: Makarand Deshpande says that world-class films are being made in India today from the Malayalam industry