ഇറാനെതിരായ യുദ്ധം ട്രംപിന് തിരിച്ചടിയാകുമെന്ന് അമേരിക്കന്‍ വോട്ടര്‍മാര്‍; ഗുണം ചെയ്യുക ഇസ്രഈലിനെന്ന് സര്‍വേ
World
ഇറാനെതിരായ യുദ്ധം ട്രംപിന് തിരിച്ചടിയാകുമെന്ന് അമേരിക്കന്‍ വോട്ടര്‍മാര്‍; ഗുണം ചെയ്യുക ഇസ്രഈലിനെന്ന് സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th March 2026, 10:53 am

വാഷിങ്ടണ്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ സംയുക്ത സൈനിക നീക്കങ്ങളില്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമായ വിയോജിപ്പെന്ന് സര്‍വേ ഫലം.

ഐ.എം.ഇ.യു (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മിഡില്‍ ഈസ്റ്റ് അണ്ടര്‍സ്റ്റാന്‍ഡിങ്) പോളിസി പ്രൊജക്ട്, ഡിമാന്‍ഡ് പ്രോഗ്രസ് എന്നിവയ്ക്ക് വേണ്ടി ‘ഡാറ്റ ഫോര്‍ പ്രോഗ്രസ്’ ആണ് സര്‍വേ നടത്തിയത്.

യുദ്ധം അമേരിക്കയേക്കാള്‍ കൂടുതല്‍ ഇസ്രഈലിനാണ് ഗുണം ചെയ്യുകയെന്ന് ഭൂരിഭാഗം വോട്ടര്‍മാരും വിശ്വസിക്കുന്നു.

1,215 വോട്ടര്‍മാരെ ഉള്‍പ്പെടുത്തി നടത്തിയ വര്‍വേയില്‍, 56% പേര്‍ യുദ്ധം ഇസ്രഈലിനാണ് കൂടുതല്‍ ഗുണം ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ടു.

വെറും 29% പേര്‍ മാത്രമാണ് ഇത് അമേരിക്കയ്ക്ക് ഗുണകരമാകുമെന്ന് കരുതുന്നത്. മൊത്തത്തില്‍, പ്രതികരിച്ചവരില്‍ 53% പേര്‍ ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ എതിര്‍ത്തപ്പോള്‍ 43% പേര്‍ മാത്രമാണ് അതിനെ അനുകൂലിച്ചത്.

പതിറ്റാണ്ടുകള്‍ക്കിടയില്‍ യു.എസ് നേതൃത്വം നല്‍കുന്ന ഒരു യുദ്ധത്തിന് തുടക്കത്തില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ അംഗീകാരമാണിത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാനെതിരായ സൈനിക നടപടികളെ നിയന്ത്രിക്കുന്നതിനായി കോണ്‍ഗ്രസ് വാര്‍ പവര്‍ റെസല്യൂഷന്‍
പാസാക്കുന്നതിനെ സര്‍വേയില്‍ 51% പേര്‍ പിന്തുണച്ചു. 44% പേര്‍ ഈ നടപടിയെ എതിര്‍ത്തു.

നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഈ യുദ്ധം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന് സര്‍വേ സൂചിപ്പിക്കുന്നു.

യുദ്ധം കാരണം റിപ്പബ്ലിക്കന്‍മാരെ പിന്തുണയ്ക്കാനുള്ള സാധ്യത കുറവാണെന്ന് 43% വോട്ടര്‍മാര്‍ പറഞ്ഞപ്പോള്‍, പിന്തുണയ്ക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് പറഞ്ഞത് 31% പേര്‍ മാത്രമാണ്.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇസ്രഈലിനുള്ള പിന്തുണ കുറച്ച് ആഭ്യന്തര വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവര്‍ക്ക് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്.

ഇസ്രഈലിനെ പിന്തുണയ്ക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയേക്കാള്‍ 15 പോയിന്റ് മുന്നില്‍ നില്‍ക്കുന്നത് ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്ന സ്ഥാനാര്‍ത്ഥികളാണ്.

ഒരു സ്പ്ലിറ്റ് ടെസ്റ്റില്‍, ഇസ്രഈലിനുള്ള പിന്തുണ കുറയ്ക്കുമെന്ന് പറയുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ 11 പോയിന്റ് വ്യത്യാസത്തില്‍ വിജയിക്കുമെന്നും കണ്ടെത്തി.

റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ 45 വയസ്സിന് താഴെയുള്ളവരില്‍ 68% പേരും ഇസ്രാഈലിനുള്ള പിന്തുണ കുറയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ് ഇഷ്ടപ്പെടുന്നത്.

മൊത്തം വോട്ടര്‍മാരില്‍ 43% പേര്‍ യു.എസ് വിദേശനയത്തില്‍ ഇസ്രഈലിന് അമിതമായ സ്വാധീനമുണ്ടെന്ന് വിശ്വസിക്കുന്നു. ഡെമോക്രാറ്റുകളില്‍ 59 ശതമാനവും റിപ്പബ്ലിക്കന്‍മാരില്‍ 25 ശതമാനവും ഈ അഭിപ്രായക്കാരാണ്.

ഫെബ്രുവരി 28 ന് യു.എസും ഇസ്രഈലും ഇറാനെതിരെ സംയുക്തമായി നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ സംഘര്‍ഷം രൂക്ഷമായത്. ഇറാനിയന്‍ അധികൃതരുടെ കണക്കനുസരിച്ച്, പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയും
160 കുട്ടികളും ഉള്‍പ്പെടെ 1,300-ലധികം ആളുകള്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്റെ സുരക്ഷാ നേതാക്കളുള്‍പ്പെടെയുള്ള പ്രധാന നേതാക്കളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.

ഇതിന് തിരിച്ചടിയായി ഇറാന്‍ നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളില്‍ നിരവധി യു.എസ്, ഇസ്രഈല്‍ സൈനികര്‍ക്കും പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്.

യുദ്ധം കനത്തതോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ തടഞ്ഞത് ആഗോളതലത്തില്‍ എണ്ണ, വാതക വില വര്‍ധനവിനും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

Content Highlight: Majority of US voters oppose Iran war, say it benefits Israel more: Poll