ഇസ്രഈലിനെ ഉപരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂരിപക്ഷം ബ്രിട്ടൻ ജനങ്ങളും; റിപ്പോർട്ട്
World News
ഇസ്രഈലിനെ ഉപരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂരിപക്ഷം ബ്രിട്ടൻ ജനങ്ങളും; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th June 2025, 8:37 am

ലണ്ടൻ: ഇസ്രഈലിനെതിരായ ആയുധ ഉപരോധത്തെ ഭൂരിപക്ഷം ബ്രിട്ടീഷ് ജനങ്ങളും പിന്തുണക്കുന്നുവെന്ന് റിപ്പോർട്ട്. ഫലസ്തീൻ സോളിഡാരിറ്റി കാമ്പെയ്ൻ നടത്തിയ പുതിയ സർവേ പ്രകാരം, ഭൂരിഭാഗം ബ്രിട്ടീഷ് ജനങ്ങളും ഇസ്രഈലിനുമേൽ സമ്പൂർണ ആയുധ ഉപരോധം ഏർപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നു.

മെയ് 30 നും ജൂൺ രണ്ടിനും ഇടയിൽ നടത്തിയ വോട്ടെടുപ്പിൽ 57 ശതമാനം ആളുകൾ യു.കെ ഇസ്രഈലിനെതിരെ സമ്പൂർണ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. 13 ശതമാനം പേർ മാത്രമാണ് എതിർത്തത്. കൂടാതെ ഐക്യരാഷ്ട്രസഭയിൽ നിന്ന് ഇസ്രഈലിനെ പുറത്താക്കണമെന്ന് 53 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു. അതേസമയം സൂപ്പർമാർക്കറ്റുകളിലെ ഇസ്രഈലി ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് 50 ശതമാനം പേരും അഭിപ്രായപ്പെട്ടു.

93 ശതമാനത്തിലധികം ജനങ്ങളെയും ഭക്ഷ്യക്ഷാമം ബാധിച്ച ഗസയിലെ ഇസ്രഈൽ ഉപരോധത്തെ ശക്തമായി പിന്തുണച്ച തീവ്ര വലതുപക്ഷ ഇസ്രഈൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന് ഉപരോധം ഏർപ്പെടുത്തുന്നതിനെ ബ്രിട്ടനിലെ 54 ശതമാനം പേരും പിന്തുണച്ചു.

2023 ഒക്ടോബർ ഏഴ് മുതൽ കുറഞ്ഞത് 54,607 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,25,341 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഇസ്രഈൽ വംശഹത്യക്കെതിരെ പ്രതികരിക്കുന്ന യു.കെയിലെ പൊതുജനങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്.

കഴിഞ്ഞ ആഴ്ച, ഇസ്രഈലിനുള്ള ആയുധ വിൽപ്പന ബ്രിട്ടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 300ലധികം കലാകാരന്മാർ ഒപ്പിട്ട ഒരു തുറന്ന കത്ത് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് നൽകിയിരുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ ഇസ്രഈലിനുള്ള പൊതുജന പിന്തുണ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നുവെന്ന് സമാനമായ മറ്റൊരു സർവേ തെളിയിച്ചതിന് പിന്നാലെയാണ് പുതിയ സർവേ പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ മാസം യു ഗോവ് നടത്തിയ ഒരു സർവേ പ്രകാരം ആറ് രാജ്യങ്ങളിലെ അഞ്ചിലൊന്നിൽ താഴെ പേർക്ക് മാത്രമേ ഇസ്രഈലിനെക്കുറിച്ച് അനുകൂലമായ വീക്ഷണം ഉണ്ടായിരുന്നുള്ളൂ. മെയ് 12 നും 26 നും ഇടയിൽ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഡെൻമാർക്ക്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലായിരുന്നു സർവേ നടത്തിയത്.

അതേസമയം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാൻസിന്റെ നിർദേശത്തെ പിന്തുണക്കരുതെന്ന് യു.കെയിൽ യു.എസ് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

Content Highlight: Majority of British people support arms embargo on Israel