ഒരുപാട് വിവാദങ്ങളോടെയാണ് ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം സമാപിച്ചത്. മികച്ച നടി, നടന്‍, സംവിധായകന്‍ എന്നിങ്ങനെ പല പുരസ്‌കാരങ്ങളും അര്‍ഹിക്കുന്നവര്‍ക്കല്ല ലഭിച്ചത് എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. മികച്ച നടനായി ഷാരൂഖ് ഖാനെ തെരഞ്ഞെടുത്തതും ഉര്‍വശിക്ക് സഹനടിക്കുള്ള പുരസ്‌കാരം നല്‍കിയതും പലര്‍ക്കും അംഗീകരിക്കാനായില്ല.
കേരള സ്റ്റോറി പോലൊരു പ്രൊപ്പഗണ്ട സിനിമക്ക് മികച്ച സംവിധായകന്‍ ഉള്‍പ്പെടെ രണ്ട് അവാര്‍ഡ് നല്‍കിയതും വിമര്‍ശനത്തിന് വിധേയമായി. പ്രകടനം കൊണ്ടും മേക്കിങ് കൊണ്ടും പുരസ്‌കാരത്തിന് അര്‍ഹതയുണ്ടായിരുന്ന ആടുജീവിതത്തെ ജൂറി പാടെ തഴഞ്ഞതും പലരെയും അത്ഭുതപ്പെടുത്തി. ഇപ്പോഴിതാ ദേശീയ ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി.
‘പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ട് മെലിഞ്ഞു, കഥാപാത്രത്തിന് വേണ്ടി താടി വളര്‍ത്തി എന്നൊക്കെ പറഞ്ഞ് അവാര്‍ഡ് കൊടുക്കാനാകില്ല. കാരണം, അപ്പുറത്ത് വേറെയും പടങ്ങളുണ്ട്. അതൊന്നും നമ്മള്‍ കണ്ടിട്ടില്ല. അതിലും നല്ല പെര്‍ഫോമന്‍സ് ഉണ്ടായിട്ടുണ്ട്. അതെല്ലാം കണ്ട ആളുകളാണ് അവാര്‍ഡ് നല്‍കുന്നത്. നമ്മള്‍ ആടുജീവിതം മാത്രമല്ലേ കണ്ടിട്ടുള്ളൂ.
അപ്പോള്‍ കേരള സ്‌റ്റോറിക്ക് അവാര്‍ഡ് കൊടുത്തത് എന്തിനാണ് എന്ന് ചിലര്‍ ചോദിക്കും. ആ സിനിമ കേരളത്തെ അപമാനിക്കാന്‍ വേണ്ടി എടുത്തതാണെന്ന് ചിലര്‍ പറയുന്നുണ്ട്. എനിക്ക് അങ്ങനെ തോന്നിയിട്ടേയില്ല. ഈയടുത്ത് ഒരു വാര്‍ത്ത നമ്മളെല്ലാവരും കണ്ടതാണ്. പക്ഷേ, അതൊന്നും ഇവിടത്തെ ചില ആളുകള്‍ അംഗീകരിക്കില്ല. നമ്മുടെ പാര്‍ട്ടിയെ തെറ്റായിട്ട് കാണിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് ആ പടത്തെ മോശമാണെന്ന് പറയുന്നവരുണ്ട്, മേജര്‍ രവി പറയുന്നു.
എമ്പുരാന്‍ സിനിമയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആ ചിത്രം നല്ലതാണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. ആദ്യ ഷോ കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോള്‍ അതിന്റെ മേക്കിങ്ങിനെക്കുറിച്ച് മാത്രമാണ് താന്‍ സംസാരിച്ചതെന്നും പിന്നീടാണ് ആ സിനിമ പറഞ്ഞുവെക്കുന്ന അപകടകരമായ കാര്യത്തെക്കുറിച്ച് സംസാരിച്ചതെന്നും മേജര്‍ രവി പറഞ്ഞു.
’22- 23 വയസുള്ള പിള്ളേര്‍ ആ പടം കാണുമ്പോള്‍ അതാണ് സത്യമെന്ന് വിചാരിക്കും. പക്ഷേ, അവര്‍ക്ക് ട്രെയിന്‍ കത്തിക്കുന്നത് മുതല്‍ കാണിച്ചാല്‍ എന്താ? ഇത് പടം തുടങ്ങുമ്പോള്‍ തന്നെ കുറേ ആളുകള്‍ ശൂലവുമായി വരുന്നത് കാണിച്ചാല്‍ തെറ്റായിട്ടുള്ള വിവരമല്ലേ ഇവര്‍ സിനിമയിലൂടെ പറയുന്നത്. അതിനെയാണ് ഞാന്‍ പോയിന്റ് ഔട്ട് ചെയ്യാന്‍ ശ്രമിച്ചത്. അത് മനസിലാക്കാതെ ‘എന്റെ മകന്റെ പടത്തിനെപ്പറ്റി കുറ്റം പറയുന്നു’ എന്ന് പറഞ്ഞിട്ട് കാര്യമില്ല,’ മേജര്‍ രവി പറഞ്ഞു.
Content Highlight: Major Ravi shares his view on Aadujeevitham didn’t get National Awards