മമ്മൂട്ടിക്ക് അവാര്‍ഡ് കൊടുത്തില്ലെന്ന് പറഞ്ഞ് അന്ന് കുറേയാളുകള്‍ എന്നെ തെറിവിളിച്ചു, സത്യാവസ്ഥ അവര്‍ക്കറിയില്ല: മേജര്‍ രവി
Malayalam Cinema
മമ്മൂട്ടിക്ക് അവാര്‍ഡ് കൊടുത്തില്ലെന്ന് പറഞ്ഞ് അന്ന് കുറേയാളുകള്‍ എന്നെ തെറിവിളിച്ചു, സത്യാവസ്ഥ അവര്‍ക്കറിയില്ല: മേജര്‍ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th September 2025, 3:04 pm

പ്രിയദര്‍ശന്റെ സംവിധാന സഹായിയായി സിനിമാജീവിതം ആരംഭിച്ചയാളാണ് മേജര്‍ രവി. പുനര്‍ജനി എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ അദ്ദേഹം കീര്‍ത്തിചക്ര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. പട്ടാളക്കഥകള്‍ ആസ്പദമാക്കിയുള്ള സിനിമകളിലൂടെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം മേജര്‍ രവി സ്വന്തമാക്കി.

ഈ വര്‍ഷം ഒരുപാട് വിവാദങ്ങള്‍ക്ക് വഴിവെച്ച ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തെക്കുറിച്ച് സംസാരിക്കുകയാണ് മേജര്‍ രവി. മലയാളികളില്‍ കുറച്ചുപേര്‍ക്ക് ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനം അംഗീകരിക്കാനായില്ല എന്നത് താന്‍ അറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് സ്റ്റേജുകള്‍ക്ക് ശേഷമാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നതെന്നും അതിന് ചില മാനദണ്ഡങ്ങളുണ്ടെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരു വര്‍ഷം ദേശീയ അവാര്‍ഡ് ജൂറിയില്‍ ഉണ്ടായിരുന്നെന്നും അന്ന് ഇതിന്റെ രീതികളെല്ലാം നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. താന്‍ ജൂറി അംഗമായിരുന്ന സമയത്തും ഇതുപോലെ വിവാദമുണ്ടായിരുന്നെന്നും തനിക്ക് ഒരുപാട് ചീത്ത കേള്‍ക്കേണ്ടി വന്നെന്നും മേജര്‍ രവി പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്കക്ക് അവാര്‍ഡ് കൊടുത്തില്ല എന്ന് പറഞ്ഞാണ് എല്ലാവരും എന്നെ തെറി വിളിച്ചത്. ഞാന്‍ മോഹന്‍ലാലിന്റെ അടുത്ത ആളായതുകൊണ്ട് മമ്മൂക്കയെ ഒതുക്കി എന്ന് പറഞ്ഞായിരുന്നു തെറി മുഴുവനും. സത്യം പറഞ്ഞാല്‍ ഇതിന്റെ രീതിയൊന്നും ഈ തെറി വിളിച്ചവര്‍ക്ക് അറിയില്ല. നാല് സോണായി തിരിച്ചാണ് ഓരോ അംഗങ്ങളും സിനിമ കാണുന്നത്. അതില്‍ സൗത്ത് സോണിനെ രണ്ടായി തിരിച്ചിട്ടുണ്ട്.

എനിക്ക് കിട്ടിയത് നോര്‍ത്ത് സോണായിരുന്നു. ഹിന്ദിയിലെ സിനിമകളൊക്കെ കണ്ട് അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് ഫൈനല്‍ റൗണ്ടിലേക്ക് അയക്കുക എന്നതാണ് രീതി. സൗത്തില്‍ നിന്ന് വന്ന തമിഴ് സിനിമയായിരുന്നു പേരന്‍പ്. പക്ഷേ, ആദ്യത്തെ റൗണ്ട് പോലും ആ പടം കടന്നില്ല. ഇത് ഞാന്‍ പിന്നീടാണ് അറിയുന്നത്. അന്ന് ജൂറിയിലുണ്ടായിരുന്ന രാഹുല്‍ ജിക്ക് ഈ സിനിമ കാണണമെന്നുണ്ടായിരുന്നു.

ഞങ്ങള്‍ ആ പടം റീകോള്‍ ചെയ്തു. ജൂറിയിലുണ്ടായിരുന്ന 11 പേരും ആ പടം കണ്ടു. നല്ല രീതിയില്‍ പോകുന്ന സിനിമയായിരുന്നു. പക്ഷേ, സെക്കന്‍ഡ് ഹാഫില്‍ കുറച്ച് കൊമേഴ്‌സ്യല്‍ എലമെന്റുകള്‍ വന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ആ പടം റിജക്ട് ചെയ്തു. പക്ഷേ, എല്ലാവരും പറഞ്ഞത് ‘മോഹന്‍ലാലിന്റെ ആളായതുകൊണ്ട് മേജര്‍ രവി മമ്മൂട്ടിയുടെ പടത്തിന് അവാര്‍ഡ് കൊടുത്തില്ല’ എന്നായിരുന്നു,’ മേജര്‍ രവി പറഞ്ഞു.

Content Highlight: Major Ravi saying many people blamed him for not giving award to Mammootty in 2019